

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും ബിഗ് ബോസ് താരവുമായ ജാസ്മിന്‍ ജാഫര്‍ ഗുരുവായൂര്‍ ക്ഷേത്രക്കുള്ളത്തില്‍ റീല്‍സ് ചിത്രീകരിച്ചത് വിവാദമായി മാറിയിരുന്നു. നിരോധനം മറികടന്ന് കുളത്തിലിറങ്ങി റീല്‍ ചിത്രീകരിച്ചതിന് ജാസ്മിനെതിരെ പരാതി കൊടുത്തിരുന്നു. പിന്നാലെ ക്ഷേത്രത്തില്‍ ശുദ്ധികലശം നടത്തുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ ജാസ്മിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.
ഈ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. മുമ്പ് നടി മീര ജാസ്മിനും സമാനായൊരു അനുഭവം ഉണ്ടായിട്ടുണ്ടെന്നാണ് ആലപ്പി അഷ്‌റഫ് പറയുന്നത്. എന്നാല്‍ മീര ജാസ്മിന്‍ അന്ന് തന്റെ തെറ്റ് തിരുത്തി. ജാസ്മിന്‍ ജാഫര്‍ ചെയ്ത തെറ്റ് ന്യായീകരിക്കാന്‍ സാധിക്കാത്തതാണെന്നാണ് ആലപ്പി അഷ്‌റഫ് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്:
2006 ല്‍ പ്രശസ്ത നടി മീര ജാസ്മിന്‍ എന്ന ജാസ്മിന്‍ മേരി ജോസഫ് തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തില്‍ കയറി ഭക്തിയോടെ പ്രാര്‍ത്ഥിച്ചു. അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലാത്ത ക്ഷേത്രമായിരുന്നു അത്. ആ പ്രവര്‍ത്തി വലിയ വിവാദമായി. ഹിന്ദുമത വിശ്വാസികളുടെ പ്രതിഷേധത്തിന് കാരണമായി. താന്‍ ചെയ്ത തെറ്റ് മനസിലാക്കി മീര ജാസ്മിന്‍ ഏറ്റുപറഞ്ഞ് ശുദ്ധി കലശം നടത്താനുള്ള പതിനായിരം രൂപ പിഴയടച്ച് പ്രശ്‌നം പരിഹരിച്ചു. അന്നത് വലിയ വാര്‍ത്തയായിരുന്നു.
ഇന്നിവിടെ മറ്റൊരു ജാസ്മിന്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. യൂട്യൂബറും ഇന്‍ഫ്‌ളുവന്‍സറും ബിഗ് ബോസ് താരവുമായ ജാസ്മിന്‍ ജാഫര്‍ ഇതിന് മുമ്പും വിവാദങ്ങളില്‍ ഇടം പിടിച്ചിട്ടുള്ള വ്യക്തിയാണ്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ കുളത്തിലിറങ്ങി കാലുകള്‍ കഴുകി, റീലുകള്‍ ചിത്രീകരിച്ച് അവരുടെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. അത് ഹിന്ദു മതവിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുകയുണ്ടായി.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിഡിയോ ചിത്രീകരിക്കുന്നതിന് ഹൈക്കോടതിയുടെ വിലക്കുണ്ട്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്നത് എല്ലാവര്‍ക്കും അറിയാം. ഗുരുവായൂരപ്പനേയും അയ്യപ്പനേയും പ്രകീര്‍ത്തി പാടി ഭക്തിലഹരി പകരുന്ന യേശുദാസിന് പോലും ഇന്നും അവിടെ കയറി ഒന്ന് തൊഴുത് പ്രാര്‍ത്ഥിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.
എല്ലാ മതവിശ്വാസികള്‍ക്കും അവരവരുടേതായ ആചാര വിശ്വാസങ്ങളുണ്ട്. ആ വിശ്വാസങ്ങള്‍ പരസ്പരം മാനിക്കുന്നത് കൊണ്ടാണ് നമ്മളൊക്കെ ഇവിടെ സാഹോദര്യത്തോടെ ഇവിടെ കഴിയുന്നത്. വിഡിയോ ചിത്രീകരിച്ചത് ഒരു തരത്തിലും ന്യായീകരിക്കാന്‍ സാധിക്കുന്നതല്ല. ഇങ്ങനെയാണോ ആളുകളെ ഇന്‍ഫ്‌ളുവന്‍സ് ചെയ്യേണ്ടത്? ജാസ്മിന്റെ ഈ പ്രവര്‍ത്തി യുപിയിലായിരുന്നുവെങ്കില്‍ ജാസ്മിന്റെ വീട്ടിലേക്ക് ബുള്‍ഡോസര്‍ വന്നേനെ. വീട് ഇടിച്ചു നിരത്തിയേനെ. ജാസ്മിന്റെ പേരില്‍ 150 കേസും ചാര്‍ത്തിയേനെ.
ജീവിതത്തിലൊരിക്കലും പിന്നീട് വെളിച്ചം കണ്ടില്ലെന്ന് വന്നേക്കാം. ഇതൊന്നുമല്ലെങ്കില്‍ റോഡിലൂടെ തല്ലിച്ചതച്ച് വലിച്ചിഴച്ചു കൊണ്ടു പോകുന്ന വിഡിയോ നമ്മള്‍ കണ്ടേനെ. മീര ജാസ്മിന്‍ തളിപ്പറമ്പ് ക്ഷേത്രത്തില്‍ കയറിയത് ഭക്തി കൊണ്ടും പ്രാര്‍ത്ഥിക്കാന്‍ വേണ്ടിയുമായിരുന്നു. അറിയാതെ ആചാരം തെറ്റിച്ചതിന് അവര്‍ ക്ഷമാപണം നടത്തുകയും പ്രായശ്ചിത്തം ചെയ്യുകയും ചെയ്തു. എന്നാല്‍ ജാസ്മിന്‍ ചെയ്തത് റീലുണ്ടാക്കി പണമുണ്ടാക്കാനാണ്.
നമ്മുടെ കേരളത്തില്‍ എല്ലാ മതസ്ഥരും സ്‌നേഹത്തോടെയും സാഹോദര്യത്തോടെയും പരസ്പര ബഹുമാനത്തോടെയും കഴിയാന്‍ ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ ഇവിടെയും ഇപ്പോള്‍ വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും വിത്തുകള്‍ പാകി കാത്തിരിക്കുന്നവരുണ്ട്. ഏറ്റവും ജാഗ്രതയോടെ നീങ്ങേണ്ട ഒരു കാലഘട്ടത്തിലൂടെയാണ് നാമിപ്പോള്‍ പോകുന്നത്. സിനിമയുടെ നാമകരണത്തിന്റെയും ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും പേരില്‍ പോലും വെല്ലുവിളികള്‍ നേരിടുന്ന അവസ്ഥ. ഇത്തരം സാഹചര്യങ്ങളില്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കരുത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
