ബോളിവുഡ് നടൻ ഷാറൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ലഹരിമരുന്ന് കേസിൽ അറസ്റ്റിലായത് മലയാള ചലച്ചിത്ര മേഖലയ്ക്ക് പാഠമായിരിക്കുമെന്ന് സംവിധായകൻ ആലപ്പി അഷ്റഫ്. ഇപ്പോൾ ഞെട്ടിയത് ബോളിവുഡാണെങ്കിൽ മലയാള ചലച്ചിത്ര ലോകം ഞെട്ടാൻ ഒരുപക്ഷേ അധികകാലം വേണ്ടി വരില്ലെന്നാണ് ഫേസ്ബുക്ക് കുറിപ്പിൽ അഷ്റഫ് പറയുന്നത്. ബിനീഷ് കൊടിയേരി വെറും നത്തോലി മാത്രമാണെന്നും വമ്പൻ സ്രാവുകൾ വെളിയിൽ ഇന്നും വിഹരിക്കുകയാണെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.
ആലപ്പി അഷ്റഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ബോളിവുഡ് മലയാള സിനിമയ്ക്ക് ഒരു പാഠമാകട്ടെ..
ഷാറുഖ് ഖാന്റെ മകനെ ലഹരി മരുന്നുമായി ബന്ധപ്പെട്ടു അറസ്റ്റ് ചെയ്തത് ബോളിവുഡിനെ ഞെട്ടിച്ചിരിക്കുകയാണ്. ആര്യൻ ഖാൻ അറസ്റ്റിലായ ആഢംബരക്കപ്പൽ, കൊച്ചിയിലും വന്നു പോകാറുണ്ടന്നത് ഇവിടെയും ചിലരുടെ ചങ്കിടിപ്പ് വർധിപ്പിച്ചേക്കും. ചലച്ചിത്ര മേഖലയിലെ ആധുനികവൽക്കരണത്തിന്റെ ഉപോൽപന്നമാണ് ലഹരിയുടെ ഈ അതിപ്രസരം.
മലയാള സിനിമയിലെ ലഹരിമരുന്നു മാഫിയയെക്കുറിച്ച് മുൻപ് സിനിമ സംഘടനകൾ ആക്ഷേപം ഉന്നയിച്ചപ്പോൾ, തെളിവു കൊണ്ടു വന്നാൽ അന്വേഷിക്കാമെന്നതായിരുന്നു അന്നത്തെ സർക്കാർ നിലപാട്. എന്നാൽ സിനിമ സംഘടനകളിലാരും തെളിവുകൾ ഒന്നും നൽകാതെയാണ് നടൻ ബിനീഷ് കോടിയേരി അറസ്റ്റിലായത്.
ആരോപണമുയർന്നപ്പോൾ തന്നെ അന്വേഷിച്ചിരുന്നുവെങ്കിൽ ഒരുപക്ഷേ ബിനീഷിന് ഇന്ന് ഈ ഗതി വരില്ലായിരുന്നു. ബിനീഷിനെക്കാൾ വമ്പൻ സ്രാവുകൾ വെളിയിൽ ഇന്നും വിഹരിക്കുകയാണ്. ബിനീഷ് വെറും നത്തോലി മാത്രം. വലയിൽ വീണ ചെറുമീൻ .
ഇപ്പോൾ ഞെട്ടിയത് ബോളിവുഡാണെങ്കിൽ മലയാള ചലച്ചിത്ര ലോകം ഞെട്ടാൻ ഒരുപക്ഷേ അധികകാലം വേണ്ടി വരില്ല. മലയാള ചലച്ചിത്ര ലോകത്ത് ലഹരിക്കൊപ്പം നീന്തുന്ന വമ്പൻന്മാർ എന്നാണ് കുടുങ്ങുന്നതെന്ന് പറയാൻ പറ്റില്ല. ഷാറുഖ് ഖാന്റെ മകനെക്കാൾ വലുതല്ലല്ലോ ഇവരാരും. അത്യുന്നതങ്ങളിൽ വിരാചിക്കുന്ന ഇവരിൽ പലരുടെയും മേൽ അന്വേഷണത്തിന്റെ കണ്ണുകളുണ്ടന്നുള്ളത് ഒരു യാഥാർഥ്യമാണ്.
പിടിക്കപ്പെട്ടാൽ ഇതുവരെ നേടിയതെല്ലാം നഷ്ടപ്പെടാൻ ഒരു നിമിഷം മതി. കാരഗ്രഹത്തിലെ കാത്തിരിപ്പ് എല്ലാം തകർത്തെറിയും. സൂക്ഷിച്ചില്ലെങ്കിൽ...ലഹരിയോടുള്ള ഈ ആഭിമുഖ്യം ഇവർ അവസാനിപ്പിച്ചില്ലെങ്കിൽ , മലയാള പ്രേക്ഷകരെ ഞെട്ടിക്കുന്ന ആ വാർത്തകൾ താമസിയാതെ നമുക്ക് ഇനിയും കേൾക്കേണ്ടി വരും. സ്വയം തിരുത്താൻ ഇനിയും സമയം ബാക്കിയുണ്ടു. ദയവായി ആ അവസരം പാഴാക്കരുതേ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates