

സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ് അംശം. ഇപ്പോഴിതാ അക്സോമാനിയാക്കിന്റെ ഗാനമായ ‘അംശം’ ഗ്ലോബൽ വൈറൽ ചാർട്ടിൽ 4-ാം സ്ഥാനത്ത് എത്തിയിരിക്കുന്നു. ഇംഗ്ലീഷല്ലാത്ത ഒരു ഇന്ത്യൻ ഭാഷ ഗാനം ലോകവേദിയിൽ ഇത്ര വലിയ മുന്നേറ്റം നേടുന്നത് അപൂർവവും ശ്രദ്ധേയവുമാണ്. പ്രാദേശിക ഇന്ത്യൻ സംഗീതം അന്താരാഷ്ട്ര തലത്തില്‍ കൂടുതൽ ശ്രദ്ധ നേടുകയാണ്.
‘അംശം’ ഇന്ത്യയിലും ഹിറ്റ് ചാർട്ടുകളില്‍ ഇടം നേടിയിരിക്കുകയാണ്. വൈറൽ സോങ്സ് ഇന്ത്യയിൽ 4, ടോപ്പ് സോങ്സ് ഇന്ത്യയിൽ 70, യുഎഇയിൽ ടോപ്പ് 10 ലിസ്റ്റിൽ 4 എന്നിങ്ങനെ മികച്ച സ്ഥാനങ്ങളാണ് ഗാനത്തിന് ലഭിച്ചത്. ഗാനത്തിന്റെ ഔദ്യോഗിക മ്യൂസിക് വീഡിയോ പുറത്തിറങ്ങി വെറും മൂന്ന് ആഴ്ചയ്ക്കുള്ളിൽ തന്നെ 4.1 മില്യൺ വ്യൂസ് കടന്നു. ഇത് ലോകമെമ്പാടുമുള്ള ശ്രോതാക്കൾ ഗാനം ആവർത്തിച്ച് കേൾക്കുന്നുവെന്നതിന്റെ തെളിവ് കൂടിയാണ്.
ഡെഫ് ജാം റെക്കോർഡിംഗ്സ് ഇന്ത്യയും റിയൽ തിംഗ് റെക്കോർഡ്സ് (ആർടിആർ)ഉം ചേർന്ന് പുറത്തിറക്കിയ ‘അംശം’, പ്രാദേശിക സാംസ്കാരിക പശ്ചാത്തലവും ഗ്ലോബൽ ആക്‌സസിബിൾ ശബ്ദവും കൂടിചേർന്നുള്ളതാണ്. മൻമഥന്റെ പുരാണകഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടും കൾട്ട് മലയാള ചിത്രമായ ‘ഞാൻ ഗന്ധർവൻ’ ന്റെ സ്വാധീനത്തോടെയും ഈ ഗാനം പ്രണയം, ഉത്കണ്ഠ, നശ്വരത തുടങ്ങിയ വിഷയങ്ങളെ അവതരിപ്പിക്കുന്നു. ആർ & ബി, ഹിപ്പ് ഹോപ്പ്, ക്ലാസിക്കൽ ഘടകങ്ങൾ എന്നിവയുടെ മിശ്രണത്തിലൂടെയാണ് ഇത് നിർമിച്ചിരിക്കുന്നത്.
“അംശം പോലെ രണ്ട് വ്യത്യസ്ത ഭാഗങ്ങളുള്ള ഒരു പാട്ട് ഇത്ര ദൂരം മുന്നോട്ട് പോകും എന്ന് ഞാൻ കരുതിയില്ല. എന്റെ പങ്കാളിയോട് ഒരു തമാശയായി തുടങ്ങിയ ഈ ഗാനം ലോകമെമ്പാടുമുള്ള ആളുകളുടെ ജീവിതത്തിൽ ഒരു സ്ഥാനം കണ്ടെത്തി. ഇത് എന്റെ വർക്കിലും എനിക്ക് ഒപ്പം പ്രവർത്തിക്കുന്നവരിലും ഉള്ള വിശ്വാസം കൂടുതൽ ശക്തമാക്കി.” ആഗോള പ്രതികരണത്തെക്കുറിച്ച് അക്സോമാനിയാക് പറയുന്നു.
“എന്റെ വളരെ ശാന്തവും സ്വകാര്യവുമായ ഒരു ഇടത്തിൽ നിന്നാണ് 'അംശം' രൂപപെട്ടത്. തമിഴിലും മലയാളത്തിലും വേരൂന്നി സ്വാഭാവികമായാണ് ഇത് പിറന്നത്, അതൊരു ആസൂത്രിത ശ്രമമല്ലായിരുന്നു. ആ സത്യസന്ധത തന്നെയാണ് ഇതിനെ ആളുകളുമായി ബന്ധിപ്പിക്കുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു.” എന്ന് ഭൂമി പറയുന്നു.
“ചാർട്ടുകളെക്കാൾ വലിയ ഒരു നിമിഷമാണിത്. ഇത് പ്രതിനിധാനത്തെക്കുറിച്ചാണ്. പ്രാദേശിക ഇന്ത്യൻ സംഗീതം വലിയ രീതിയിൽ ആഗോള വേദികളിലേക്ക് കടക്കുകയാണ്, ‘അംശം’ ആ മാറ്റത്തിന്റെ ഭാഗമാണ്.” എന്നാണ് എം.എച്ച്.ആർ പറയുന്നത്. ഭൂമി, എം.എച്ച്.ആർ, സർകിൾ ടോൺ എന്നിവർ ചേർന്ന് നിർമ്മിച്ച ‘അംശം’, ഭാഷാ അതിരുകൾ മറികടന്ന് പ്രാദേശിക ഇന്ത്യൻ സംഗീതം ആഗോള പോപ്പ് സംസ്കാരത്തിലേക്ക് പ്രവേശിക്കുന്നതിന് ഒരു മികച്ച ഉദാഹരണമായി വിലയിരുത്തപ്പെടുന്നു.
ഈ ഗാനത്തിന്റെ വിജയം ഇന്ത്യയിലെ വൈവിധ്യമാർന്ന സാംസ്കാരിക പശ്ചാത്തലങ്ങളിൽ നിന്നുള്ള കഥാപരമായ, സത്യസന്ധമായ സംഗീതത്തിനുള്ള ആഗോള ആവശ്യം വർധിക്കുന്നതിന്റെ തെളിവുമാണ്. ദി കൊക്ക-കൊള കമ്പനിയുടെയും ഡെഫ് ജാം റെക്കോർഡിംഗ്സ് ഇന്ത്യയുടെയും സംഗീത സംരംഭമായ ആർടിആർ പോലുള്ള പ്ലാറ്റ്‌ഫോമുകൾ ഇത്തരം പ്രോജക്ടുകൾക്ക് പിന്തുണ നൽകുന്നതോടെ, പ്രാദേശിക സംഗീതം ആഗോള വേദിയിലേക്ക് എത്തുന്നതിന്റെ വേഗത കൂടും.
അംശം ചാർട്ടുകളിൽ തുടർച്ചയായി ഇടം കണ്ടെത്തുകയും കൂടുതൽ ശ്രദ്ധ നേടുകയും ചെയ്യുന്ന സാഹചര്യത്തിൽ, മലയാള സംഗീതത്തിന്റെ നിർണായക നേട്ടവും ഇന്ത്യൻ സ്വതന്ത്ര സംഗീതത്തിന്റെ ആഗോള ഭാവിയെ സൂചിപ്പിക്കുന്ന ശക്തമായ ഉദാഹരണവുമായി ‘അംശം’ മാറുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates