

എട്ട് വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ നടി ആഞ്ജലീന ജോളി (49) യും നടൻ ബ്രാഡ് പിറ്റും (61) തമ്മിൽ വിവാഹമോചിതരായി. ഇരുവരും ഡിസംബര്‍ 30ന് വിവാഹമോചന കരാറില്‍ ഒപ്പുവച്ചു. ആഞ്ജലീനയും കുട്ടികളും ബ്രാഡ് പിറ്റുമായി പങ്കിട്ടിരുന്ന സ്വത്തുക്കളിലുള്ള എല്ലാ അവകാശവും ഉപേക്ഷിച്ചുവെന്നും കുടുംബത്തിന്റെ സമാധാനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും നടിയുടെ അഭിഭാഷകനെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വർഷങ്ങൾ നീണ്ട പ്രശ്നങ്ങൾക്കും തർക്കങ്ങൾക്കുമൊടുവിൽ ഡിവോഴ്സിന് ധാരണയായതിൽ ആഞ്ജലീന ജോളിക്ക് ആശ്വാസമുണ്ടെന്നും കേസ് ഇവരെ മാനസികമായി തളർത്തിയിരുന്നുവെന്നും താരത്തിന്റെ അഭിഭാഷകൻ ജെയിംസ് സൈമൺ പ്രതികരിച്ചു. ബ്രാഡ് പിറ്റുമായി പൊരുത്തപ്പെട്ടു പോകാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി 2016 ലാണ് ആഞ്ജലീന ജോളി വിവാഹമോചനത്തിന് അപേക്ഷ നല്‍കിയത്.
അതിനുശേഷം നിരവധി നിയമ തർക്കങ്ങൾക്കും ആരോപണ പ്രത്യാരോപണങ്ങൾക്കുമൊടുവിലാണ് ഇരുവരും വിവാഹമോചിതരായത്. 2014ല്‍ വിവാഹിതരായ ഇരുവര്‍ക്കും ആറ് മക്കളുണ്ട്. 2005 ല്‍ മിസ്റ്റര്‍ ആന്റ് മിസിസ് സ്മിത്ത് എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഏറെ നാള്‍ ഒരുമിച്ച് ജീവിച്ച ഇരുവരും 2014 ലാണ് ഔദ്യോഗികമായി വിവാഹിതരായത്.
ഇതിനിടെ മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ആഞ്ജലീന ജോളി ജന്മം നല്‍കി. ഇരുവരും ചേര്‍ന്ന് മൂന്ന് കുട്ടികളെ ദത്തെടുക്കുകയും ചെയ്തിരുന്നു. 2016 ൽ ഒരു സ്വകാര്യ ജെറ്റില്‍ വെച്ച് തന്നോടും രണ്ട് മക്കളോടും ബ്രാഡ് പിറ്റ് മോശമായി പെരുമാറിയെന്ന് ആഞ്ജലീന പ്രത്യേക കോടതി നടപടികളില്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ബ്രാഡ് ഈ ആരോപണം നിഷേധിച്ചു. അന്വേഷണങ്ങൾക്കൊടുവിൽ ബ്രാഡിനെതിരെ ഒരു കുറ്റവും ചുമത്തിയിരുന്നില്ല.
വിഷയം കൂടുതല്‍ നിയമപരമായി നേരിടേണ്ടതില്ലെന്നും ആഞ്ജലീന തീരുമാനിച്ചു. നാലു മാസത്തിനുശേഷം, തങ്ങളുടെ വിവാഹമോചന നടപടികള്‍ സ്വകാര്യമായി കൈകാര്യം ചെയ്യാന്‍ സമ്മതിച്ചതായി ദമ്പതികള്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കുകയും ചെയ്തു. ഇതിനായി സ്വകാര്യ ജഡ്ജിയേയും നിയമിച്ചു. മക്കളെ സംബന്ധിച്ചുള്ള അവകാശവാദങ്ങളും സ്വത്ത് സംബന്ധിച്ചുള്ള വിഷയങ്ങളും കാരണമാണ് വിവാഹമോചനം ധാരണയിലെത്താന്‍ വൈകിയത്.
ഡിവോഴ്സ് സെറ്റിൽമെന്റ് നടന്നെങ്കിലും ഇരുവർക്കും ഉടമസ്ഥാവകാശമുള്ള ചില വസ്തുക്കൾ സംബന്ധിച്ച് തർക്കം നിലനിൽക്കുന്നുണ്ട്. ഫ്രാൻസിലുള്ള വൈൻയാർഡ് സംബന്ധിച്ചാണ് തർക്കം. സ്റ്റോളി ഗ്രൂപ്പ് എന്ന കമ്പനിക്ക് ആഞ്ചലീന ജോളി ഓഹരി തന്റെ സമ്മതമില്ലാതെ വിറ്റു എന്നാണ് ബ്രാഡ് പിറ്റിന്റെ ആരോപണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates