

തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിനും ഒന്നാം പ്രതി ഒന്നാം പ്രതി കെഎസ് ജോസിനും മൂന്ന് വര്‍ഷം വരെ തടവുശിക്ഷ വിധിച്ചിരിക്കുകയാണ് നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി (ഒന്ന്). ഗൂഢാലോചനയ്ക്ക് 6 മാസവും ശിക്ഷ വിധിച്ചിട്ടുണ്ട്. വിധി വന്നതോടെ ആന്റണി രാജു എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാകും. ആറ് വര്‍ഷം വരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും വിലക്കുണ്ടാകും.
കേസെടുത്ത് മൂന്നു പതിറ്റാണ്ടിനു ശേഷമാണ് കേസില്‍ വിധി വന്നത്. കേസില്‍ രണ്ടാം പ്രതിയാണ് ആന്റണി രാജു എംഎല്‍എ. ഈ വിധിയ്ക്ക് പിന്നാലെ ഒരു സിനിമയും ചര്‍ച്ചകളിലേക്ക് കടന്നു വരികയാണ്. 1991 ല്‍ പുറത്തിറങ്ങിയ ശ്രീനിവാസന്‍ നായകനായ ആനവാല്‍ മോതിരം എന്ന സിനിമ. സിനിമയും ആന്റണി രാജുവിന്റെ കേസും തമ്മിലെന്ത് ബന്ധമെന്ന് നോക്കാം.
1990 ഏപ്രില്‍ 4ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് 2 പാക്കറ്റ് ലഹരിമരുന്നുമായി എത്തിയ ഓസ്‌ട്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോറിനെ രക്ഷിക്കാന്‍ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയെന്നാണ് കേസ്. കേസില്‍ പ്രതിയായ വിദേശിയെ തിരുവനന്തപുരം സെഷന്‍സ് കോടതി 10 വര്‍ഷത്തേക്ക് ശിക്ഷിച്ചെങ്കിലും പിന്നീട് ഹൈക്കോടതി വിട്ടയച്ചിരുന്നു. മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായ ഇയാള്‍ സഹതടവുകാരനോട് ഇക്കാര്യം തുറന്ന് പറയുകയായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് കേസ് ജയിക്കാനായി നടത്തിയ അട്ടിമറി പുറത്താകുന്നതും ഇപ്പോള്‍ വിധി വരികയും ചെയ്തിരിക്കുന്നത്.
ടി ദാമോദരന്റെ രചനയില്‍ ജിഎസ് വിജയന്‍ സംവിധാനം ചെയ്ത ചിത്രമാണ് ആനവാല്‍ മോതിരം. ശ്രീനിവാസനൊപ്പം സുരേഷ് ഗോപി, രാജന്‍ പി ദേവ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം. ഭീരുവായ ശ്രീനിവാസന്റെ പൊലീസ് കഥാപാത്രം തനിക്ക് ബ്ലഡ് കാന്‍സര്‍ ആണെന്ന് അറിയുന്നതോടെ കുടുംബത്തിന് ഇന്‍ഷുറന്‍സ് തുക ലഭിക്കാനായി മരിക്കാന്‍ തയ്യാറായി അപകടകരമായ കേസുകള്‍ ഏറ്റെടുക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ കഥ.
ഈ സിനിമയുടെ ഒരു ഘട്ടത്തില്‍ ശ്രീനിവാസനും സുരേഷ് ഗോപിയും ചേര്‍ന്ന ആല്‍ബര്‍ട്ടോ ഫെല്ലിനി എന്ന വിദേശ പൗരനെ മയക്കുമരുന്ന് കേസില്‍ പിടികൂടുന്നുണ്ട്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ചു മയക്കുമരുന്ന് കടത്തിയതായിരുന്നു കേസ്. കോടതിയിലെത്തുന്നതോടെ ഇയാളുടെ വക്കീല്‍ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റുന്നു. 15 വയസുകാരന് പോലും ധരിക്കാന്‍ സാധിക്കാത്ത അടിവസ്ത്രം വക്കീല്‍ കോടതിയില്‍ ഉയര്‍ത്തിക്കാണിക്കുന്നു. ഒരു തരത്തിലും ഫെല്ലിനിയ്ക്ക് ധരിക്കാന്‍ സാധിക്കാന്‍ സാധിക്കാത്ത അടിവസ്ത്രമാണെന്ന് തിരിച്ചറിയുന്നതോടെ കോടതി ഇയാളെ വെറുതെ വിടുന്നതാണ് രംഗം.
ആന്റണി രാജുവിനെതിരായ കേസില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടൊരുക്കിയതാകാം ഈ രംഗമെന്നാണ് കരുതപ്പെടുന്നത്. യഥാര്‍ത്ഥ സംഭവമുണ്ടായി ഒരു വര്‍ഷത്തിന് ശേഷം ഇറങ്ങിയ സിനിമയാണ് ആനവാല്‍ മോതിരം. അതേസമയം ഇക്കാര്യത്തില്‍ വ്യക്തത നല്‍കാന്‍ സാധിക്കുന്ന തിരക്കഥാകൃത്ത് ജീവിച്ചിരിപ്പില്ല. അദ്ദേഹത്തിന് പൊലീസിലും രാഷ്ട്രീയത്തിലും പരിചയക്കാരുണ്ട്. അതിനാല്‍ അങ്ങനെ ലഭിച്ച അറിവായിരിക്കാം എന്നാണ് കരുതപ്പെടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates