സിനിമകൾ റീ റിലീസ് ചെയ്യുന്നത് ഇപ്പോൾ ഇന്ത്യൻ സിനിമാ മേഖലയിൽ ഒരു ട്രെൻഡായി മാറിയിരിക്കുകയാണ്. വിവിധ ഭാഷകളിലായി നിരവധി സിനിമകളാണ് റീ റിലീസിലൂടെ വീണ്ടും പ്രേക്ഷകരിലേക്കെത്തുന്നത്. റീ റിലീസിനെത്തുന്ന ചില സിനിമകൾ തിയറ്ററുകളിൽ തരംഗം തീർക്കാറുണ്ട്. ബോളിവുഡിലും അടുത്തിടെ നിരവധി സിനിമകളാണ് റീ റിലീസിലൂടെ പ്രേക്ഷകരിലേക്കെത്തിയത്.
ഇന്ത്യൻ സിനിമയിലെ ഈ റീ റിലീസ് തരംഗത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് സംവിധായകൻ അനുരാഗ് കശ്യപ് ഇപ്പോൾ. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിനോടായിരുന്നു സംവിധായകന്റെ പ്രതികരണം. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ഗാങ്‌സ് ഓഫ് വാസിപൂർ എന്ന ചിത്രം രണ്ട് തവണയാണ് റീ റിലീസിലൂടെ പ്രേക്ഷകരിലേക്കെത്തിയത്.
"നമുക്ക് പുതിയ കഥകൾ ഇല്ല എന്നല്ല ഇതുകൊണ്ട് അർഥമാക്കുന്നത്. ക്രിയേറ്റിവായിട്ടുള്ള കഴിവുള്ള ഒരുപാട് ആളുകൾ നമുക്ക് ചുറ്റുമുണ്ട്. പക്ഷേ അവരെ പിന്തുണയ്ക്കാനുള്ള സംവിധാനങ്ങൾ ഇന്ന് ഇല്ല. ഇപ്പോഴുള്ള എല്ലാ നിർമാതാക്കളും ഒരു ഹിറ്റ് സിനിമ നിർമിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ്. എല്ലാവർക്കും പേടിയാണ്, ആരും റിസ്ക് എടുക്കാൻ തയ്യാറല്ല. സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ അതിന്റെ ഒടിടി റിലീസ് ഉറപ്പാക്കണം, അതുപോലെ നിർമാണ ചെലവ് തിരിച്ചു പിടിക്കണം അങ്ങനെ കുറേ കാര്യങ്ങളുണ്ട് ഇപ്പോൾ.
അപ്പോഴേക്കും ഇതൊരു സിനിമയിൽ നിന്ന് ഒരു പ്രൊജക്ട് ആയി മാറിയിരിക്കും. സിനിമ നിർമിക്കണമെന്ന് ആഗ്രഹമുള്ളവരോ ഇഷ്ടമുള്ളവരോ ഒന്നുമല്ല ഇന്ന് സിനിമാ നിർമാണത്തിലേക്ക് കടന്നു വരുന്നത്. അവരവരുടെ ജോലി സംരക്ഷിക്കണം എന്ന് ചിന്തിക്കുന്നവരാണ് കൂടുതലും".- അനുരാഗ് കശ്യപ് പറഞ്ഞു. ഒടിടി പ്ലാറ്റ്‌ഫോമുകളാണോ പ്രശ്‌നം? എന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. "പ്രശ്നം എന്തെന്നാൽ അവർ പുതിയ ആശയങ്ങളോട് അടുപ്പമുള്ളവരല്ല എന്നതാണ്.
അവർക്ക് അവരുടെ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം കൂട്ടുക മാത്രമാണ് വേണ്ടത്. മാത്രമല്ല ഇപ്പോൾ എല്ലാം അൽഗോരിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഏത് തരത്തിലുള്ള സിനിമകൾ നിർമിക്കണമെന്ന് തീരുമാനിക്കുന്നത് ഡേറ്റയിലൂടെയാണ്. അതുകൊണ്ട് പുതിയതൊന്നും ഇവിടെ നിർമിക്കപ്പെടുന്നില്ല". സംവിധായകൻ പറഞ്ഞു.
ഹിന്ദി സിനിമ കാണുന്ന പ്രേക്ഷകരെ, സിനിമ ആസ്വദിക്കുന്ന പ്രേക്ഷകരായി വളർത്തിയെടുത്തിട്ടില്ലെന്ന് തോന്നുന്നുണ്ടോ? എന്ന ചോദ്യത്തിന് ഉണ്ട് എന്നായിരുന്നു അനുരാഗിന്റെ ഉത്തരം. "പ്രശ്നം പല തലങ്ങളിലാണ്. മുംബൈയിലാണ് ഹിന്ദി സിനിമകൾ കൂടുതലും നിർമിക്കുന്നത്. എന്നിരുന്നാലും, ഈ സിനിമകളുടെ പ്രേക്ഷകർ ഇപ്പോഴും ഉത്തർപ്രദേശ്, മധ്യപ്രദേശ്, ബീഹാർ, രാജസ്ഥാൻ, ഝാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളവരാണ്.
എന്നാൽ സിനിമാ തിയറ്ററുകൾ ഏറ്റവും കുറവുള്ളതും ഈ സംസ്ഥാനങ്ങളിലാണ്. അതുകൊണ്ട് നിർമാതാക്കൾ അവരുടെ സിനിമകൾ ഈ സംസ്ഥാനങ്ങളിൽ വിൽക്കുന്നില്ല. അതിനാൽ ഇവിടെയുള്ള പ്രേക്ഷകരിപ്പോൾ തെലുങ്ക് സിനിമകൾ ആസ്വദിച്ചു തുടങ്ങിയിരിക്കുന്നു" എന്നും അനുരാഗ് കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates