

തിന്നു കുടിച്ചു മദിച്ച് ഒരു അപ്പന്‍. എന്നിട്ടും തീരാത്ത കാമനകളുമായി വീട്ടില്‍ അയാള്‍ നിറഞ്ഞാടുകയാണ്. അപ്പന്‍ സിനിമ ആധുനിക യയാതിയുടെ കഥ തന്നെയാണ്. മകന്റെ യൗവനം ചോര്‍ത്തിയെടുക്കുന്ന ആസക്തിയുടെ പ്രതിരൂപം. അപ്പന്‍ ആഴമുള്ള സിനിമ അനുഭവമാകുന്നത് തിരക്കഥയുടെയും സംവിധാനത്തിന്റെയും കെട്ടുറപ്പിലാണ്. മജുവും ആര്‍.ജയകുമാറും ചേര്‍ന്ന് ഒരുക്കിയിരിക്കുന്ന തിരക്കഥ മലയോര കര്‍ഷക കുടുംബത്തിന്റെ ആത്മാവ് തൊട്ടറിയുന്നു. അലന്‍സിയര്‍ അവതരിപ്പിക്കുന്ന ഇട്ടി കട്ടിലില്‍ അരയ്ക്കു താഴെ തളര്‍ന്നു കിടപ്പാണ്. എങ്കിലും അയാളുടെ സ്വാര്‍ത്ഥതയും രതിയും ഭയവുമെല്ലാം ആ ഒറ്റമുറിയെ വലിയൊരു അരങ്ങാക്കി മാറ്റുന്നു. ഞൂഞ്ഞ് ഒരേ സമയം ഇട്ടിയുടെ മകനും ആബേലിന്റെ അപ്പനുമാണ്. ഞൂഞ്ഞിന്റെ സംഘര്‍ഷവും ചുറ്റുമുള്ള കുടുംബാംഗങ്ങളുടെ നിസ്സഹായതയുമെല്ലാം ഒറ്റ ലൊക്കേഷനില്‍ മജു മികവുറ്റ രീതിയില്‍ സംവിധാനം ചെയ്തിരിക്കുന്നു.
ഒരാളുടെ മരണം ആഗ്രഹിച്ചു കാത്തിരിക്കുന്ന നാടും വീടും. ഒരിക്കലും ജീവന്‍ വിട്ടു കൊടുക്കാതെ അയാളും. തളര്‍ന്ന കിടപ്പിലും ആസക്തിയുടെ ലോകത്തേക്ക് തിരിച്ചു വരാന്‍ ഇട്ടിയുടെ കാലുകള്‍ വിറയ്ക്കുന്ന സമയത്ത് ആ കുടുംബം ഞെട്ടുന്നു. ആയ കാലത്ത് വേലി ചാടുമ്പോള്‍ കാവലിരുന്ന വിസിലടിക്കാരന്‍ കൂട്ടുകാരന്‍ പോലും 'നിങ്ങള്‍ക്ക് മരിക്കണ്ടേ' എന്നു ചോദിക്കുമ്പോള്‍ പൂതികളുടെ ലോകത്തേക്ക് തിരിച്ചുവരാന്‍ ഇട്ടി തന്ത്രങ്ങള്‍ മെനഞ്ഞു തുടങ്ങുന്നു. ദാരിദ്ര്യവും അമ്മയോടുള്ള വല്ലാത്ത വാല്‍സല്യവുമാണ് മകന്‍ ഞൂഞ്ഞിന്റെ ദുര്‍ബലത. എല്ലാം ഇട്ടെറിഞ്ഞ് പോകാന്‍ ഒരിടമില്ല. റബ്ബര്‍ കര്‍ഷകന്റെ ദരിദ്ര ജീവിതം ഒരു വശത്ത്. ഞൂഞ്ഞിന് ഒന്നും നഷ്ടപ്പെടരുതെന്ന് കരുതി എല്ലാം സഹിച്ച് നിലകൊള്ളുന്ന കുട്ടിയമ്മ മറുവശത്ത്. ക്ഷമയുടെ നെല്ലിപ്പലകയില്‍ ഇട്ടിക്കെതിരെ കൂദാശയും കൂടോത്രവുമായി ഞൂഞ്ഞിറങ്ങുമ്പോള്‍ കുട്ടിയമ്മയും പേടിക്കുന്നു. പഴയ ഇട്ടിയുടെ മുഖം ഒരു നിമിഷം ഞൂഞ്ഞില്‍ മിന്നിമറയുന്നത് ആ അമ്മ കാണുന്നു. ഒരേയൊരു മകന്‍ ആബേല്‍ ചോദ്യചിഹ്നമായി മുന്നില്‍ നില്‍ക്കുന്നതോടെ ഞൂഞ്ഞ് ഉരുകിപ്പോയി. ചത്താലും തീരാത്ത പാരമ്പര്യം തന്റെ മകനിലേക്ക് സംക്രമിക്കാതിരിക്കാന്‍ അയാള്‍ വെപ്രാളപ്പെടുന്നു.
അപ്പനിലെ കഥാപാത്രങ്ങളായെത്തുന്ന നടീനടന്‍മാരുടെ മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ വല്ലാത്തൊരു വൈകാരിക തീവ്രത നല്‍കുന്നു. ഞൂഞ്ഞ് എന്ന കഥാപാത്രം സണ്ണി വെയ്‌നിന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവാണ്. ഒരു കുടുംബത്തെ മുഴുവന്‍ ചേര്‍ത്തുപിടിക്കുന്ന കരുതല്‍. അപ്പന് എതിരെ എടുക്കുന്ന തീരുമാനങ്ങള്‍. അപ്പനെ കാക്കാന്‍ കാവല്‍ കിടക്കുന്ന വാല്‍സല്യം. അപ്പാ എന്നു വിളിക്കുമ്പോള്‍ നാറീ എന്നു കേള്‍ക്കുന്നതിന്റെ വേദന. കുട്ടിയമ്മ പേടിക്കുമ്പോള്‍ പതറിപ്പോകുന്ന മനസ്. ഞൂഞ്ഞിന്റെ വേദന നമ്മളിലേക്ക് പകരാന്‍ സണ്ണിക്ക് കഴിഞ്ഞു.
മലമുകളില്‍ ആയുസ് കൂടുതലാണങ്കിലും കുട്ടിയമ്മയ്ക്ക് ആഗ്രഹം ഒന്നേയുള്ളൂ.. ഞൂഞ്ഞിനെ കഷ്ടപ്പെടുത്താതെ മരിക്കണം. സെമിത്തേരിയില്‍ ചെന്ന് റെസ്റ്റ് എടുക്കണം. കുട്ടിയമ്മയുടെ തീരാദുരിതം പോളി' വല്‍സന്‍ തകര്‍ത്തഭിനയിച്ചു. റോസിയായി അനന്യയുടെ തിരിച്ചുവരവ് ഗംഭീരമായി. അപ്പന്റെ സ്വാര്‍ത്ഥത തന്നെയാണ് മോളിയിലും നിറഞ്ഞു നില്‍ക്കുന്നത്. ഗ്രേസ് ആന്റണിയുടെ അനായാസ നടനപാടവം ഈ കഥാപാത്രത്തെ സജീവമാക്കിയിരിക്കുന്നു. ഒരു പ്രദേശത്തിന്റെ തനിമയിലേക്കും ജീവിത സംഘര്‍ഷങ്ങളിലേക്കും ക്യാമറയും, പശ്ചാത്തല സംഗീതവും അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. ചിത്രത്തിന്റെ വിജയശില്‍പ്പികളായ മജുവും അര്‍ ജയകുമാറും സിനിമയുടെ വലിയ വിജയം അപ്രതീക്ഷിതമെന്ന് പറയുന്നു
ജയകുമാര്‍
 
ഡാര്‍ക്ക് ഹ്യൂമര്‍. അതും ഒറ്റ ലൊക്കേഷന്‍ കേന്ദ്രീകരിച്ചാണ് അപ്പന്റെ തിരക്കഥ രൂപപ്പെടുത്തിയിരിക്കുന്നത്. ജെല്ലിക്കെട്ടില്‍ നിന്ന് അപ്പനിലേക്ക് എത്തുമ്പോള്‍ ജയകുമാറിന് ഇത് പരിമിതിയായി മാറിയോ?
ഞങ്ങള്‍ അപ്പന്‍ തുടങ്ങുന്ന സമയത്ത് കോവിഡിന്റെ പരിമിതിയുണ്ടായിരുന്നു. അങ്ങനെയാണ് ഒരു കുടുംബത്തിന്റെ ഉള്ളിലേക്ക് ഞങ്ങളുടെ പ്രമേയം എത്തപ്പെട്ടത്. വായനകളിലൂടെയും സൗഹൃദങ്ങളിലൂടെയും അടുത്തറിഞ്ഞ മലയോര ജീവിതങ്ങളോട് മജുവിന് ഇഷ്ടമുണ്ട്. ഞാനെത്തുന്നത് ഇടുക്കിയില്‍ നിന്നായതിനാല്‍ പല അനുഭവങ്ങളും പങ്കുവെയ്ക്കും. പരസ്പരം പല കഥാപാത്രങ്ങളെയും കുറിച്ച് ചര്‍ച്ച ചെയ്യും. അങ്ങനെ ഉരുത്തിരിഞ്ഞതാണ് അപ്പന്‍ എന്ന കഥാപാത്രം. കാര്‍ന്നോര്‍മാരുടെ പിടിവാശികള്‍ പലതും നമ്മള്‍ കണ്ടതാണ്. വന്യതയും വേട്ടയുമെല്ലാം ആസ്വദിച്ച് ജീവിതം ഒരു കൂത്താട്ടമാക്കിയ ഇട്ടി സ്വാര്‍ത്ഥതയുടെ മുഴുവനായ വ്യക്തിത്വമാണ്. അതിനെ ന്യായീകരിക്കാന്‍ അയാള്‍ ഒരു തത്ത്വശാസ്ത്രവുമുണ്ട്. ഇത്രയും ചര്‍ച്ചയില്‍ വന്നപ്പോള്‍ തന്നെ ഒറ്റ ലൊക്കേഷന്‍ എന്ന പരിമിതി പ്രശ്‌നമല്ലെന്ന് തോന്നി. ഭദ്രമായ ഒരു സിനിമ ഉണ്ടാകുമെന്ന് തന്നെ ഞങ്ങള്‍ പ്രതീക്ഷിച്ചു. പക്ഷേ ഈ വിജയം അപ്രതീക്ഷിതമായിരുന്നു. ആദ്യ തിരക്കഥ എസ്.ഹരീഷിനൊപ്പം എഴുതിയ ജെല്ലിക്കെട്ടായിരുന്നു. ലിജോ ജോസ് പല്ലിശ്ശേരി വലിയ ക്യാന്‍വാസില്‍ അതിനെ ദൃശ്യാനുഭവമാക്കി മാറ്റി. ആര്‍ത്തിയും പോരാട്ടവുമെല്ലാം നടത്തിയിരുന്ന ഗോത്ര ജീവിതത്തിന്റെ തുടര്‍ച്ചയാണ്
മനുഷ്യര്‍ എന്നതായിരുന്നു പ്രമേയം.
മജു
 
തിരക്കഥയുടെ ഭാഗമായും പിന്നീട് സംവിധാനത്തിലും മികവു പുലര്‍ത്താന്‍ ശ്രദ്ധിച്ച പ്രധാന ഘടകങ്ങള്‍ ? അഭിനേതാക്കളുടെ പെര്‍ഫോമന്‍സും ഗംഭീരമായി വിലയിരുത്തപ്പെടുന്നു. മജുവിന്റെ കാഴ്ചപ്പാട് ?
സംവിധായകനെന്ന നിലയില്‍ നടന്‍മാരുടെ പെര്‍ഫോമെന്‍സ് കൃത്യമായി ശ്രദ്ധിച്ചിരുന്നു. മോശമാകാതെ ഓരോ momentകളും വളരെ സൂഷ്മതയോടെ പറഞ്ഞു കൊടുത്തിരുന്നു. ഓരോ ഫ്രെയിമിലും വരേണ്ടത് നന്നായി വിശദീകരിച്ചാല്‍ അവര്‍ അത് ഹൃദയത്തിലേറ്റു വാങ്ങും. തിരക്കഥയെഴുത്തിലും ഈ സൂഷ്മത പുലര്‍ത്തിയിരുന്നു. കഥയുടെ ആദ്യഘട്ടത്തില്‍ മാത്രമാണ് ഞങ്ങള്‍ ഒരുമിച്ചിരുന്നത്. പലപ്പോഴും ചര്‍ച്ചകള്‍ ഫോണിലൂടെയായിരുന്നു.
അപ്പന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ഫ്രഞ്ച് വിപ്ലവത്തില്‍ നിന്ന് അപ്പനില്‍ എത്തുമ്പോള്‍? പുതിയ ചിത്രം?
നല്ല സിനിമകള്‍ പ്രേഷകര്‍ സ്വീകരിക്കും എന്നു തന്നെയാണ് എന്റെ അഭിപ്രായം. പ്രേക്ഷകരെ മുന്‍ധാരണയോടെ സമീപിക്കരുത്. നമ്മള്‍ കുറേയെങ്കിലും മായം ചേര്‍ക്കാതിരുന്നാല്‍ സ്വീകരിക്കപ്പെടും. സോഷ്യല്‍ മീഡിയകളിലൂടെയുള്ള റിവ്യൂകളാണ് ഒരു വലിയ ഓഡിയന്‍സിലേക്ക് ഈ സിനിമയെ എത്തിച്ചത്. നല്ല കഥകള്‍ ധൈര്യപൂര്‍വ്വം പറയാന്‍ കഴിയുക എന്നതും പ്രധാനമാണ്. ചലച്ചിത്ര നിരൂപക ആചാര്യന്‍മാര്‍ അപ്പന്‍ മികച്ചതാണന്ന് പറയുമ്പോള്‍ അത് ബാധ്യതയായി ഏറ്റെടുത്ത് മുന്നോട്ടു പോകും.
പുതിയത് ഒരു ഫണ്‍ സിനിമയാണ്. അതിന്റെ ഒരുക്കത്തിലാണ് ഞാനും ജയകുമാറും. 
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
