
ഹോളിവുഡ് സിനിമ പ്രേമികളുടെ ആക്ഷൻ ഹീറോയാണ് അർനോൾഡ് ഷ്വാസ്നെഗർ. ടെർമിനേറ്റർ, പ്രെഡെറ്റർ, കോനൻ ദ ബാർബേറിയൻ എന്നിവയൊക്കെ ആരാധകർ നെഞ്ചേറ്റിയ അർനോൾഡ് ചിത്രങ്ങളിൽ ചിലതുമാത്രം. 76-ാം വയസിലും സിക്സ്പാക്ക്. ഏത് ആക്ഷൻ രംഗങ്ങളും ഈ പ്രായത്തിലും നിഷ്പ്രയാസം ചെയ്യും. ജൂലൈ 30ന് അദ്ദേഹത്തിന്റെ ജന്മദിനം കൂടിയാണ്. വെറും നടൻ എന്ന വാക്കിൽ മാത്രം അർനോൾഡിനെ ഒതുക്കാൻ കഴിയില്ല. ബോഡി ബിൽഡർ, നിർമ്മാതാവ്, ബിസിനസ് മാൻ, രാഷ്ട്രീയക്കാരൻ അങ്ങനെ കൈവെച്ച മേഖലയിലെല്ലാം അദ്ദേഹം തിളങ്ങി. കേരളത്തിലും അർനോൾഡിന് വൻ തോതിൽ ആരാധകരുണ്ട്.
ജീവിതത്തിൽ വിജയിക്കണമെങ്കിൽ കുറുക്കുവഴികളൊന്നുമില്ലെന്നും കഠിനാധ്വാനം തന്നെയാണ് ഏറ്റവും വലുതെന്ന് നിരന്തരം അദ്ദേഹം ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുന്നു. പോൺ ചിത്രങ്ങളിലൂടെയാണ് അർനോൾഡ് സിനിമയിലെത്തിയത് എന്ന് കേട്ടാൽ പലർക്കും വിശ്വസിക്കാൻ ബുദ്ധിമുട്ടായിരിക്കും. ആദ്യകാലത്ത് നിരവധി പോണോഗ്രഫി മാഗസിനുകളിൽ മോഡൽ കൂടിയായിരുന്നു അദ്ദേഹം. അതിന് ശേഷമാണ് അർനോൾഡ് ഹോളിവുഡിൽ എത്തുന്നത്. ഒരുപാട് ഓഡിഷനുകൾക്ക് ശേഷം 1970 ൽ പുറത്തിറങ്ങിയ ഹെർക്കുലീസ് ഇൻ ന്യൂയോർക്ക് എന്ന സിനിമയിലെ ടൈറ്റിൽ റോളിലൂടെ അദ്ദേഹം സിനിമയിലേക്കെത്തി. അർനോൾഡ് ഷ്വാസ്നെഗറിന്റെ കരിയർ ബെസ്റ്റ് സിനിമകളിലൂടെ...
കോനൻ ദ് ബാർബേറിയൻ എന്ന ചിത്രമാണ് അദ്ദേഹത്തെ സൂപ്പർ സ്റ്റാർ ആക്കിയത്. ജോൺ മിലിയസ് സംവിധാനം ചെയ്ത ചിത്രം 1982 ലാണ് പുറത്തിറങ്ങിയത്. കോനൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ അർനോൾഡ് എത്തിയത്. കാലാതീതമായ ക്ലാസിക് എന്നാണ് ഈ സിനിമ പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണവും സംഗീതവും ഏറെ ശ്രദ്ധ നേടിയിരുന്നു.
1984 ൽ പുറത്തിറങ്ങിയ സയൻസ് ഫിക്ഷൻ ക്ലാസിക് ദ് ടെർമിനേറ്റർ അദ്ദേഹത്തെ ആഗോള പ്രശസ്തിയിലേക്ക് ഉയർത്തി. ആദ്യ ടെർമിനേറ്ററിന്റെ സംവിധാനം ജെയിംസ് കാമറൂണായിരുന്നു. ചിത്രം ആഗോള വ്യാപകമായി തരംഗമായി. പിന്നീടുള്ള ഓരോ ടെർമിനേറ്റർ ചിത്രങ്ങളും ആഗോളവ്യാപകമായി ഷ്വാസ്നെഗറിന് ഫാൻസിനെ ഉണ്ടാക്കിക്കൊടുത്തു. 2019ലെത്തിയ ടെർമിനേറ്ററിന്റെ പുതിയ പതിപ്പിൽ അർനോൾഡ് അതിഥിവേഷത്തിൽ എത്തിയിരുന്നു.
കിം ജീ-വൂൺ സംവിധാനം ചെയ്ത് 2013 ൽ പുറത്തിറങ്ങിയ ആക്ഷൻ ത്രില്ലർ ചിത്രമാണ് ദ് ലാസ്റ്റ് സ്റ്റാൻഡ്. ഷ്വാസ്നെഗറിന്റെ മികച്ച ചിത്രങ്ങളുടെ ലിസ്റ്റിൽ മുൻപന്തിയിൽ തന്നെയുള്ള ചിത്രമാണിത്. ആക്ഷൻ, ഡയലോഗ്, ഹ്യൂമർ എല്ലാം ചേർന്ന ഒരു സിനിമ കൂടിയായിരുന്നു ഇത്.
മാർക്ക് എൽ ലെസർ സംവിധാനം ചെയ്ത ചിത്രം 1985 ലാണ് പുറത്തിറങ്ങിയത്. ആക്ഷൻ സിനിമ പ്രേമികളുടെ പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് കമാൻഡോ. ബോക്സ് ഓഫീസിലും വൻ വിജയം നേടിയിരുന്നു ചിത്രം. കമാൻഡോ ഇഷ്ടമല്ലാത്ത സിനിമ പ്രേക്ഷകരും ഏറെയാണ്. ചിത്രത്തിനെതിരെ അക്കാലത്ത് ഒരുപാട് വിമർശനങ്ങളും ഉയർന്നിരുന്നു.
1994 ൽ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് ജെയിംസ് കാമറൂൺ ആയിരുന്നു. 100 മില്യൺ ഡോളർ മുതൽ മുടക്കിയ ആദ്യ ചിത്രം കൂടിയായിരുന്നു ഇത്. 1994 ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ചിത്രം കൂടിയായിരുന്നു ട്രൂ ലൈസ്. സ്പൈ ആക്ഷൻ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവരുടെ പ്രിയപ്പെട്ട സിനിമയാണിത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates