

ധനുഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഇഡ്‌ലി കടൈ. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ അണിയറപ്രവർത്തകർ. നടൻ അരുൺ വിജയ്‌യും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കഴിഞ്ഞ ദിവസം മധുരയിൽ നടന്ന ചിത്രത്തിന്റെ പ്രൊമോഷനിടെ അരുൺ ധനുഷിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണിപ്പോൾ വൈറലാകുന്നത്.
ഷൂട്ടിങ്ങ് ഇടവേളകളിൽ ധനുഷിനൊപ്പം തട്ടുകടകളിൽ പോയി ഭക്ഷണം കഴിക്കുമായിരുന്നുവെന്ന് അരുൺ പറഞ്ഞു. ധനുഷിന് വേണ്ടിയാണ് ഇഡ്‌ലി കടൈയിൽ അഭിനയിച്ചതെന്നും അദ്ദേഹം പറഞ്ഞു. യെന്നൈ അറിന്താൽ എന്ന ചിത്രത്തിന് ശേഷം ഇഡ്‌ലി കടൈയിലാണ് താൻ വില്ലനായി എത്തുന്നതെന്നും അരുൺ പറഞ്ഞു. അശ്വിൻ എന്ന കഥാപാത്രമായാണ് അരുൺ ചിത്രത്തിലെത്തുന്നത്.
"യെന്നൈ അറിന്താൽ എന്ന സിനിമയ്ക്ക് ശേഷം ഒരു വില്ലൻ കഥാപാത്രം ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ നല്ല കഥയൊന്നും വന്നിരുന്നില്ല. അപ്പോഴാണ് ഇഡ്‌ലി കടൈയിലെ അശ്വിൻ എന്ന കഥാപാത്രത്തിനായി ധനുഷ് സാർ വിളിക്കുന്നത്. വിളിക്കുകയാണെങ്കിൽ നല്ലൊരു കഥാപാത്രത്തിനായി മാത്രമേ അദ്ദേഹം എന്നെ വിളിക്കൂ, അല്ലെങ്കിൽ വിളിക്കില്ലെന്ന് എനിക്കറിയാം.
സിനിമ കാണുമ്പോൾ നിങ്ങൾക്ക് മനസിലാകും എന്റെ കഥാപാത്രം എങ്ങനെയുള്ളതാണെന്ന്. ധനുഷ് സാറിനോട് നന്ദി പറയുന്നു. ഒരു നടനെന്ന നിലയിൽ ധനുഷിനെ നമുക്കെല്ലാവർക്കും അറിയാം. ഒരു അസുരനെപ്പോലെയാണ് അദ്ദേഹം സ്ക്രീനിൽ. എല്ലാത്തിലുമുപരി വളരെ നല്ലൊരു മനുഷ്യനാണദ്ദേഹം.
കൂടെയുള്ള എല്ലാവരെയും എപ്പോഴും സന്തോഷത്തോടെ നിർത്താൻ അദ്ദേഹം ശ്രമിക്കാറുണ്ട്. ആർട്ടിസ്റ്റുകളെ ആയാലും ടെക്നീഷ്യൻസിനെ ആണെങ്കിലും അത്രയധികം അദ്ദേഹം കംഫർട്ടബിൾ ആക്കും. ഷൂട്ടിങ് കഴിഞ്ഞ് തിരിച്ചു പോകുമ്പോൾ, വഴിയരികിലെ തട്ടുകടയിൽ നിന്നൊക്കെ ഞങ്ങളൊന്നിച്ച് ഭക്ഷണം കഴിക്കും.
രാവിലെ ഷൂട്ടിന് പോകുമ്പോൾ ഞങ്ങൾ ഒന്നിച്ച് ബൈക്കിൽ പോകും. അതൊന്നും എനിക്ക് മറക്കാൻ കഴിയില്ല. അദ്ദേഹം യഥാർഥ ജീവിതത്തിലും വളരെ സത്യസന്ധനായ മനുഷ്യനാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന് ഇത്രയധികം ആരാധകരുള്ളത്".- അരുൺ വിജയ് പറഞ്ഞു.
മാത്രമല്ല, ഇഡ്‌ലി കടൈ തന്റെ കരിയറിലെ പ്രധാനപ്പെട്ട ഒരു ചിത്രമാണെന്നും അരുൺ വിജയ് കൂട്ടിച്ചേർത്തു. സിനിമയിൽ ഒട്ടേറെ സർപ്രൈസുകളുണ്ടെന്നും താനുള്ളതു കൊണ്ട് ആക്ഷൻ രംഗങ്ങളുണ്ടെന്നും അരുൺ വിജയ് പറഞ്ഞു. നിത്യ മേനോൻ, ശാലിനി പാണ്ഡെ, പാർഥിപൻ, സത്യരാജ്, രാജ്‌കിരൺ എന്നിവരും ഇഡ്‌ലി കടൈയിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഒക്ടോബർ ഒന്നിനാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീത സംവിധാനമൊരുക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates