

മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതരാണ് ആര്യ ബാബുവും (arya badai) സിബിനും. അവതാരകയായും അഭിനേത്രിയായുമെല്ലാം കയ്യടി നേടിയ താരമാണ് ആര്യ. ബിഗ് ബോസിലുമെത്തിയിരുന്നു. ബിഗ് ബോസിലൂടെയാണ് സിബിനെ മലയാളികള്‍ അടുത്തറിയുന്നത്. ഈയ്യടുത്താണ് തങ്ങള്‍ വിവാഹം കഴിക്കാന്‍ പോവുകയാണെന്ന് ഇരുവരും അറിയിച്ചത്.
ആര്യയും സിബിനും വിവാഹം കഴിക്കുന്നുവെന്ന വാര്‍ത്ത ആരാധകര്‍ ആഘോഷമാക്കി. ഇരുവരും വര്‍ഷങ്ങളായി അടുത്ത സുഹൃത്തുക്കളാണ്. ഇപ്പോഴിതാ തങ്ങളുടെ ആദ്യ കൂടിക്കാഴ്ച മുതല്‍ വിവാഹം വരെയുള്ള വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ആര്യയും സിബിനും. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരത്തെ എസ്എല്‍ തിയറ്ററില്‍ വച്ചാണ് തങ്ങള്‍ ആദ്യമായി കാണുന്നതെന്നാണ് ആര്യ ഓര്‍ക്കുന്നത്. വളരെ ഹ്രസ്വമായിരുന്നു ആ കൂടിക്കാഴ്ചയെന്നും താരം ഓര്‍ക്കുന്നുണ്ട്. അന്ന് തങ്ങള്‍ രണ്ടാളും തങ്ങളുടെ എക്‌സ് പാര്‍ട്‌ണേഴ്‌സിന്റെ കൂടെയായിരുന്നു വന്നതെന്നും ആര്യ പറയുന്നു.
''എന്റെ ആദ്യ ഭാര്യ ആര്യയുടെ കൂടെ പഠിച്ചിട്ടുണ്ട്. ആര്യയുടെ അന്നത്തെ ഭര്‍ത്താവ് രോഹിത്തിനെ എനിക്കറിയാം. ഞങ്ങള്‍ രണ്ടു പേരും ഡാന്‍സര്‍മാരാണല്ലോ. അതുകൊണ്ടുള്ള പരിചയം. അങ്ങനെ അവിടെ വച്ച് കണ്ടു. ഹായ് പറഞ്ഞു, പിരിഞ്ഞു.'' എന്നാണ് സിബിന്‍ ഓര്‍ക്കുന്നത്. അതേസമയം തങ്ങളുടെ പ്രണയം എപ്പോള്‍ തുടങ്ങിയെന്ന ചോദ്യത്തിന് സിബിനും ആര്യയ്ക്കും ഉത്തരമില്ല. തങ്ങള്‍ വര്‍ഷങ്ങളായി അടുത്ത സുഹൃത്തുക്കളാണെന്നും അങ്ങനെയാണ് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുന്നതെന്നുമാണ് താരങ്ങള്‍ പറയുന്നത്.
''എപ്പോള്‍ പ്രണയം തുടങ്ങി എന്നതിന് കൃത്യമായ ഉത്തരം നല്‍കാനാകില്ല. ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. ഞാന്‍ എന്റെ കാര്യങ്ങളൊക്കെ ആര്യയോട് പങ്കുവെക്കും. അവള്‍ തിരിച്ചും. അങ്ങനെ മുന്നോട്ട് പോകുമ്പോള്‍ ഒരിക്കല്‍ ഞാന്‍ പറഞ്ഞു, നാല്‍പ്പത് വയസ്സായിട്ടും ഒന്നും നടക്കുന്നില്ലെങ്കില്‍ നമുക്ക് കെട്ടാം. രണ്ട് വര്‍ഷം മുമ്പായിരുന്നു ആ സംസാരം.'' സിബിന്‍ പറയുന്നു.
വിവാഹം എന്ന തീരുമാനത്തിലേക്ക് എത്തിയതിനെക്കുറിച്ചും താരങ്ങള്‍ സംസാരിക്കുന്നുണ്ട്. തീര്‍ത്തും അപ്രതീക്ഷിതമായി ഒരു ദിവസം താന്‍ ആര്യയോട് വിവാഹാഭ്യര്‍ത്ഥന നടത്തുകയായിരുന്നുവെന്നാണ് സിബിന്‍ പറയുന്നത്. '' ഒരു വര്‍ഷം മുമ്പൊരു സുപ്രഭാതത്തില്‍ ഞാന്‍ ചോദിച്ചു, ഇത്രയും അടുത്തറിയുന്നവരാണ് നമ്മള്‍. രണ്ടു പേരും ഇപ്പോള്‍ ഒറ്റയ്ക്കാണ്. വിവാഹമോചിതരുമാണ്. എന്നാപ്പിന്നെ നമുക്ക് കല്യാണം കഴിച്ചൂടേ? ആര്യ ആലോചിക്കാന്‍ സമയമൊന്നും എടുത്തില്ല. അപ്പോള്‍ തന്നെ പറഞ്ഞു, യെസ്.'' സിബിന്‍ പറയുന്നു.
മറുപടി നല്‍കാന്‍ താന്‍ അധികം ആലോചിച്ചില്ലെന്നാണ് ആര്യ പറയുന്നത്. വളച്ചുകെട്ടില്ലാത്തതായിരുന്നു ആ ചോദ്യമെന്നും ആര്യ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇനി പ്രേമിക്കാനൊന്നും സമയമില്ല. താല്‍പര്യവുമില്ല. ആ സമയമൊക്കെ കഴിഞ്ഞു. ഇതാണ് സമയമെന്ന് തോന്നിയെന്നാണ് ആര്യ പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates