ട്വിസ്റ്റുകളിൽ നിറഞ്ഞ മിറാഷ്- റിവ്യൂ | Mirage Malayalam Movie Review
ട്വിസ്റ്റുകളിൽ നിറഞ്ഞ മിറാഷ് - റിവ്യൂ(3.5 / 5)
വിശ്വാസം അതല്ലേ എല്ലാം... എന്നൊരു പരസ്യ വാചകമുണ്ട്. ആരെയാണ് നമ്മൾ വിശ്വസിക്കേണ്ടത്. നമ്മുടെ ഉറ്റ സുഹൃത്തുക്കളെയോ, അതോ ഒരാപത്ത് വരുമ്പോൾ നമ്മുടെ സഹായത്തിന് എത്തുന്നവരെയോ, അതോ സദാ സമയവും നമ്മുടെ കൂടെ നടക്കുന്നവരെയോ? ഇന്നത്തെക്കാലത്ത് ആരെ നമ്മള് വിശ്വസിക്കും? ആരെയും അങ്ങനെ കണ്ണടച്ച് വിശ്വസിക്കരുത്. കാരണം നമ്മൾ കരുതുന്നതു പോലെയല്ല മനുഷ്യർ. അവർ അവരുടെ ജീവിതം രഹസ്യങ്ങളുടെ ഒരു വലിയ കൂമ്പാരം കൊണ്ട് കെട്ടിപണിതിരിക്കുകയാണ്. ജീത്തു ജോസഫിന്റെ മിറാഷ് കണ്ടിറങ്ങുമ്പോൾ നമ്മളെ ആദ്യം കൊണ്ടു ചെന്ന് നിർത്തുന്നതും വിശ്വാസം എന്ന മൂന്ന് വാക്കിലായിരിക്കും.
ജീത്തു ജോസഫിന്റെ ഒരു ത്രില്ലർ പടം വരുന്നു എന്ന് പറയുമ്പോൾ തന്നെ പ്രേക്ഷകര്‍ വളരെയധികം ആവേശത്തിലാകും. നമ്മളെ കുഴപ്പിക്കുന്ന ട്വിസ്റ്റുകളോ അല്ലെങ്കിൽ ആദ്യാവസാനം വരെ ഉലയ്ക്കുന്ന എന്തെങ്കിലുമൊക്കെ ആ സിനിമയിലുണ്ടാകുമെന്നുള്ള വിശ്വാസം തന്നെയാണ് അതിന് പിന്നിൽ. കൂമൻ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും ജീത്തു ജോസഫും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് മിറാഷ്. ഒരു ഡീസന്റ് ത്രില്ലർ എന്ന് ഒറ്റ വാക്കിൽ പറയാം.
സ്ലോ പേസിലൂടെ തുടങ്ങി പതിയെ മെയിൻ പ്ലോട്ടിലേക്ക് പ്രേക്ഷകരെ കൂടെ കൂട്ടുകയാണ് സിനിമ. അഭിരാമി (അപർണ ബാലമുരളി), കിരൺ (ഹക്കിം ഷാ), അശ്വിൻ (ആസിഫ് അലി), റിതിക (ഹന്ന റെജി കോശി) എന്നിവരിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ശ്രീനിവാസ് അബ്രോൾ, ജീത്തു ജോസഫ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. അടുത്തെത്തുമ്പോൾ മങ്ങുന്നു എന്ന ടാഗ് ലൈനോടെയാണ് മിറാഷ് പ്രേക്ഷകരിലേക്കെത്തിയത്. പ്രൊമോഷൻ പരിപാടികളിൽ ജീത്തു ജോസഫ് പറഞ്ഞതു പോലെ നായികാ കേന്ദ്രീകൃതമായ ഒരു ത്രില്ലർ തന്നെയാണ് മിറാഷ്.
അപർണ ബാലമുരളി അവതരിപ്പിച്ച അഭിരാമി എന്ന കഥാപാത്രമാണ് ചിത്രത്തിന്റെ കേന്ദ്രം, അഭിരാമിയിലൂടെയാണ് കഥ വികസിക്കുന്നതും. സിനിമ തുടങ്ങുമ്പോൾ പ്രത്യേകിച്ച് പ്രേക്ഷകനെ അമ്പരപ്പെടുത്തുന്നതോ അല്ലെങ്കിൽ ആകാംക്ഷ നൽകുന്നതായോ ഉള്ള സംഭവങ്ങളൊന്നുമില്ല. പതിയെ സിനിമ മുന്നോട്ട് പോകുന്തോറും പ്രേക്ഷകരും അവരുടെ പ്രശ്നങ്ങളിലേക്ക് ഇറങ്ങുകയാണ്.
വ്യക്തികളുടെ പ്രശ്നങ്ങളും അതുപോലെ രാജ്യത്തെ ബാധിക്കുന്ന പ്രശ്നങ്ങളും കൂടി കൂട്ടിക്കുഴച്ചാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. രാഷ്ട്രീയ പാർട്ടികളെ വിമർശിക്കുന്നതിനൊപ്പം എൻഫോഴ്സ് ഡയറക്ട്രേറ്റിനെ വെള്ള പൂശാനുള്ള ചെറിയ ശ്രമവും ചിത്രം നടത്തുന്നുണ്ട്. ഇത്തരമൊരു കഥയെ മേക്കിങ്ങിലൂടെ പരമാവധി മികച്ചാതാക്കാൻ ജീത്തു ജോസഫ് എന്ന സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. ആദ്യ പകുതിയേക്കാൾ ചിത്രം കൂടുതൽ ത്രില്ലിങ് ആകുന്നതും എൻഗേജിങ് ആകുന്നതും രണ്ടാം പകുതിയിലാണ്. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന രണ്ടാം പകുതി തന്നെയാണ് മിറാഷിന്റേത്.
സിനിമയിലുട നീളം ട്വിസ്റ്റുകളൊക്കെയുണ്ടെങ്കിലും കഥയിലാകെ മൊത്തത്തിൽ കൺഫ്യൂഷനുകൾ ഉള്ളതു പോലെ തോന്നി. സിനിമയുടെ പ്രധാന പോരായ്മയായി തോന്നിയതും അതു തന്നെയാണ്. കഥയിലേക്ക് ഇറങ്ങി കഴിയുമ്പോൾ തന്നെ ചിത്രത്തിലെ ചില കഥാപാത്രങ്ങളെ പ്രേക്ഷകന് സംശയം തോന്നും.
പ്രേക്ഷകന്റെ മുൻധാരണങ്ങളെ ശരി വയ്ക്കുന്ന തരത്തിലാണ് കഥ പോകുന്നതും. ക്ലൈമാക്സ് ചെറിയ തോതിൽ അൺഎക്സ്പെക്ടഡ് ആണെങ്കിലും നാടകീയത കുറച്ച് ഓവർ ആയതു പോലെ തോന്നി. നായികാ കേന്ദ്രീകൃതമാക്കാനായി ക്ലൈമാക്സ് അങ്ങനെ എടുത്തതാണോ എന്നൊരു സംശയവും സിനിമ കഴിയുമ്പോൾ പ്രേക്ഷകന് തോന്നും. ഡ്രമാറ്റിക് ആയിട്ടുള്ള സംഭവങ്ങൾ കുറച്ചിട്ട് മറ്റൊരു രീതിയിൽ ആക്കിയിരുന്നെങ്കിൽ ഒരു പക്ഷേ സിനിമ കുറച്ചു കൂടി നന്നാകുമായിരുന്നേനെ.
ഓരോ സിനിമ പുറത്തിറങ്ങുമ്പോഴും പ്രേക്ഷകരെ അമ്പരപ്പിച്ചു കൊണ്ടിരിക്കുന്ന നടനാണ് ആസിഫ് അലി. മിറാഷിലും ആസിഫ് അങ്ങനെ തന്നെയാണ്. അശ്വിൻ എന്ന കഥാപാത്രം ക്ലൈമാക്സിലെത്തുമ്പോൾ അക്ഷരാർഥത്തിൽ പ്രേക്ഷകനെ ഞെട്ടിക്കുന്നുണ്ട്. തീർച്ചയായും ആസിഫ് എന്ന നടനിൽ നൂറ് ശതമാനവും നമുക്ക് വിശ്വസിക്കാം, അമ്പരപ്പെടുത്തുന്ന സിനിമകളും കഥാപാത്രങ്ങളുമായി അയാൾ നമുക്ക് മുന്നിൽ തന്നെയുണ്ടാകും. പതിവു പോലെ തന്നെ അപർണ ബാലമുരളി, ഹക്കിം ഷാ, ഹന്ന റെജി കോശി, സമ്പത്ത് രാജ്, അർജുൻ ശ്യാം, ദീപക് പറമ്പോൽ, സേലം ശരവണൻ തുടങ്ങിയവരും നിരാശപ്പെടുത്തിയില്ല.
ചിത്രത്തിന്റെ ഛായാഗ്രഹണവും കയ്യടി അർഹിക്കുന്നുണ്ട്. വൈഡ് ഷോട്ടുകളിലൂടെയും ക്ലോസ്അപ് ഷോട്ടുകളിലൂടെയും കാമറാമാൻ പ്രേക്ഷകനെ പിടിച്ചിരുത്തുന്നുണ്ട്. വിഷ്ണു ശ്യാമിന്റെ സംഗീതവും കഥയോട് മാക്സിമം ചേർന്നു നിന്നു. മനുഷ്യരുടെ ഉള്ളിലെ ഒരു ഇരുണ്ട വശം പ്രേക്ഷകർക്ക് മുന്നിൽ തുറന്നു കാട്ടുകയാണ് മിറാഷിലൂടെ ജീത്തു ജോസഫും കൂട്ടരും.
ത്രില്ലർ സിനിമകളിലൂടെ പ്രേക്ഷകരെ മറ്റൊരു തലത്തിലേക്ക് കൊണ്ടു ചെന്നെത്തിച്ച സംവിധായകനാണ് ജീത്തു ജോസഫ്. മെമ്മറീസ്, ദൃശ്യം തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹത്തിന്റെയുള്ളിലെ ത്രില്ലർ സംവിധായകനെ നമുക്ക് കാണാനും കഴിഞ്ഞിട്ടുണ്ട്. തീർച്ചയായും തിയറ്ററുകളിൽ തന്നെ കണ്ടിരിക്കാവുന്ന ഒരു ചിത്രം തന്നെയാണ് മിറാഷ്.
Cinema News: Asif Ali, Aparna Balamurali, Hakim Shahjahan starrer Mirage review.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

