

കേരളത്തിൽ തുടർഭരണം വരണമെന്ന് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. ഏറ്റവും കുറച്ച് മാധ്യമപരിലാളന കിട്ടിയിട്ടുള്ള ആൾ പിണറായി വിജയനാണെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. കേരളത്തിന്റെ സോഷ്യൽ ഫാബ്രിക് നിലനിൽക്കണമെങ്കിൽ ഇടതുപക്ഷം ഇവിടെ നിലനിൽക്കണമെന്ന് ശക്തമായി വിശ്വസിക്കുന്ന ഒരാളാണ് താനെന്നും ഉണ്ണികൃഷ്ണൻ കൂട്ടിച്ചേർത്തു.
മാതൃഭൂമിയോടാണ് സംവിധായകൻ ഇക്കാര്യം പറഞ്ഞത്. "വളരെ ജനകീയരായ നേതാക്കൾ, അവർക്കൊരു സ്വകാര്യ ജീവിതമുണ്ട്. നമ്മളിപ്പോൾ വലിയൊരു ആരോപണത്തിൽപ്പെട്ടു കഴിഞ്ഞാൽ അന്ന് രാത്രി നമ്മളെങ്ങനെ നമ്മുടെ പാട്ണറെ ഫെയ്സ് ചെയ്യും എന്നൊരു ചോദ്യമുണ്ട്. അത്തരം ചില ചോദ്യങ്ങളിലേക്കാണ് പ്രതിഛായ പോകുന്നത്.
പിണറായി വിജയനെ ഇപ്പോഴും ഇഷ്ടമാണ്. പത്ത് വർഷം കഴിഞ്ഞിട്ടും മടുപ്പ് ഉണ്ടാവുക എന്ന് പറയുന്നത്, അസംതൃപ്തി നിറഞ്ഞ ഗാർഹിക ബന്ധമൊന്നുമല്ലല്ലോ, ഇത് രാഷ്ട്രീയവ്യവഹാരമല്ലേ. രണ്ടാമത് പിണറായി വിജയനോടുള്ള ഇഷ്ടം എന്ന് പറയുന്നത് കേവലം വ്യക്തിപരം മാത്രമല്ലല്ലോ. മുടിയും നഖവും ബോഡി വേസ്റ്റാണ് എന്ന് കേരളത്തിൽ പറഞ്ഞത് പിണറായി വിജയനാണ്.
വേറൊരാൾക്ക് അങ്ങനെ പറയാൻ ബുദ്ധിമുട്ടാണ്. ഏറ്റവും കുറച്ച് മാധ്യമപരിലാളന കിട്ടിയിട്ടുള്ള ആളും പിണറായി വിജയനാണ്. അദ്ദേഹം ഓരോ രീതികൾ കണ്ടക്ട് ചെയ്യുന്ന രീതിയുണ്ടല്ലോ. അതായത് അദ്ദേഹം നിങ്ങളെ നന്നായി കേൾക്കും. കേൾക്കുന്ന കാര്യം ശ്രദ്ധയോടെ അദ്ദേഹം കുറിച്ചെടുക്കും. നടപ്പാകുന്ന കാര്യങ്ങൾ നടപ്പാകുമെന്ന് അദ്ദേഹം പറയും. പറ്റാത്ത കാര്യങ്ങൾ നടപ്പിലാകില്ല എന്ന് തന്നെ പറയും.
ഇത്തരം നിലപാടുകൾ പല രാഷ്ട്രീയക്കാർക്കും ഇല്ലാത്തതാണ്. ഒരു ഐഡിയോളജി എന്ന് പറയുന്നത് പല ഘടകങ്ങൾ കൂടിച്ചേർന്നിട്ടുള്ള ഒന്നാണ്. അപ്പോൾ അവയ്‌ലബിൾ ബെസ്റ്റിനൊപ്പം നിൽക്കുക എന്നതാണ്. അവയ്‌ലബിൾ ബെസ്റ്റ് എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം എപ്പോഴും ഇടതും സെക്യുലറുമായിട്ടുള്ള ഒരു പൊളിറ്റിക്സ് ആണ്.
കേരളത്തിന്റെ സോഷ്യൽ ഫാബ്രിക് നിലനിൽക്കണമെങ്കിൽ ഈ ഇടത് ഫോഴ്സ് ഇവിടെ നിലനിൽക്കണമെന്ന് ശക്തമായി വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ഉമ്മൻ ചാണ്ടി സാറിനെ രാഷ്ട്രീയപരമായി ശക്തമായി എതിർത്തിട്ടുള്ള ആളാണ് ഞാൻ. അദ്ദേഹം ഇത്തരത്തിലുള്ള ഒരു അനീതിക്ക് പാത്രമാകേണ്ട ഒരാളാണെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല.
അടുത്തകാലത്തുള്ള എല്ലാ കാര്യങ്ങളും പരിശോധിച്ചു കഴിഞ്ഞാൽ അത്തരത്തിലുള്ള ബോധപൂർവമായ ഒരു നിർമിതി ഇതിനകത്ത് നടക്കുന്നുണ്ട്. ഇന്ത്യയിലെ കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകൾ സൈബർ സ്പെയ്സിൽ ആണല്ലോ നടന്നത്.
ഇന്ത്യയിലെ തെരഞ്ഞെടുപ്പുകൾ സൈബർ സ്പെയ്സിലേക്ക് മാറുന്ന ഒരു സംഗതിയിൽ പ്രതീതിയും പ്രതിഛായയും കാര്യങ്ങൾ തീരുമാനിക്കുകയാണ്, രാഷ്ട്രീയ അജണ്ട തീരുമാനിക്കുക എന്നൊരു സംഗതിയുണ്ട്. അത് ഈ സിനിമയിൽ ഒരു വിഷയമാണ്". - ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.
പ്രതിഛായ ആണ് ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് ഇപ്പോൾ തിയറ്ററുകളിലെത്തിയിരിക്കുന്ന ചിത്രം. നിവിൻ പോളി, ബാലചന്ദ്ര മേനോൻ എന്നിവർ പ്രധാന വേഷത്തിലെത്തിയിരിക്കുന്ന ചിത്രം കേരള രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates