'നാലു ചുവരുകൾക്കുള്ളിലിരുന്ന് തോന്നിയതൊക്കെ വലിച്ചുവാരി എഴുതുമ്പോൾ സൂക്ഷിക്കണം'; അനശ്വര രാജൻ; വിഡിയോ

മറ്റൊരാളുടെ സ്വകാര്യതയിൽ കടന്നുകയറി അവരെ കീറിമുറിച്ച് വേദനിപ്പിക്കുന്ന സമ്പ്രദായം ഒരുപാട് അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നുവെന്നും മറ്റുള്ളവരെ ബഹുമാനിക്കാൻ പഠിക്കണമെന്നുമാണ് അനശ്വര പറയുന്നത്
'നാലു ചുവരുകൾക്കുള്ളിലിരുന്ന് തോന്നിയതൊക്കെ വലിച്ചുവാരി എഴുതുമ്പോൾ സൂക്ഷിക്കണം'; അനശ്വര രാജൻ; വിഡിയോ
Updated on: 
1 min read

അടുത്തിടെ രൂക്ഷമായ സൈബർ ആക്രമണത്തിന് ഇരയായ നടിയാണ് അനശ്വര രാജൻ. ഷോർട്സ് ധരിച്ചുള്ള ചിത്രം പോസ്റ്റ് ചെയ്തതാണ് ചീത്തവിളിക്ക് കാരണമായത്. ഇപ്പോൾ സൈബർ ആക്രമണം നടത്തുന്നവർക്കെതിരെ രൂക്ഷഭാഷയിൽ പ്രതികരിച്ചിരിക്കുകയാണ് താരം. മലയാള സിനിമയിലെ വനിത കൂട്ടായ്മയായ ഡബ്ല്യൂസിസിയുടെ റെഫ്യൂസ് ​ദി അബ്യൂസ്- സൈബർ ഇടം, ഞങ്ങളുടെയും ഇടം എന്ന ക്യാംപയിനിലൂടെയാണ് താരം പ്രതികരിച്ചത്. മറ്റൊരാളുടെ സ്വകാര്യതയിൽ കടന്നുകയറി അവരെ കീറിമുറിച്ച് വേദനിപ്പിക്കുന്ന സമ്പ്രദായം ഒരുപാട് അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നുവെന്നും മറ്റുള്ളവരെ ബഹുമാനിക്കാൻ പഠിക്കണമെന്നുമാണ് അനശ്വര പറയുന്നത്. 

ഞാൻ പങ്കുവെയ്ക്കുന്ന, എന്റെ സന്തോഷങ്ങളുടെ താഴെ കാണുന്ന പല അസഭ്യവർഷങ്ങളും വായിക്കുമ്പോൾ ഏതൊരാളും ചിന്തിച്ചുപോകും നമ്മൾ ഇരുപത്തൊന്നാം നൂറ്റാണ്ടിലല്ലേ, ഇനിയും മാറാറായില്ലേ എന്ന്. അതെ, മറ്റൊരാളുടെ സ്വകാര്യതയിൽ കടന്നുകയറി അവരെ കീറിമുറിച്ച് വേദനിപ്പിക്കുന്ന സമ്പ്രദായം ഒരുപാട് അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. നാലു ചുവരുകൾക്കുള്ളിലിരുന്ന് തോന്നിയതൊക്കെ വലിച്ചുവാരി എഴുതുമ്പോൾ സൂക്ഷിക്കണം, അത് നാലു കേടിയിലേറെ ജനങ്ങൾ കാണുന്നുണ്ടെന്ന്. പഠിക്കണം, ബഹുമാനിക്കാൻ- അനശ്വര പറഞ്ഞു. 

ബാല താരമായി എത്തിയ അനശ്വര തണ്ണീർ മത്തൻ ദിനങ്ങളിലൂടെയാണ് ആരാധക ശ്രദ്ധ നേടുന്നത്. 18ാം പിറന്നാളിന് പിന്നാലെയാണ് താരത്തിന് രൂക്ഷമായ സൈബർ ആക്രമണം നേരിടേണ്ടി വന്നത്. എന്നാൽ അതേ വേഷത്തിലുള്ള കൂടുതൽ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് അനശ്വര മറുപടി നൽകിയത്. തുടർന്ന് ഞങ്ങൾക്കും കാലുകളുണ്ടെന്ന് പറഞ്ഞു കൊണ്ട് സെലിബ്രിറ്റികൾ ഉൾപ്പടെ നിരവധി സ്ത്രീകൾ ചിത്രങ്ങൾ പങ്കുവെച്ചു. 

സ്ത്രീകൾക്കെതിരായ സൈബർ ആക്രമണം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് ക്യാംപെയിനുമായി ഡബ്ല്യൂസിസി രം​ഗത്തെത്തിയത്. നിരവധി നടിമാർ ഇതിനോടകം തങ്ങളുടെ നിലപാട് വ്യക്തമാക്കി കഴിഞ്ഞു. കൂടാതെ സോഷ്യൽ മീഡിയയിൽ സജീവമായ സ്ത്രീകളും വിഡിയോ പോസ്റ്റ് ചെയ്യുന്നുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com