

താര സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് സിദ്ദിഖ് രാജിവെച്ചതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ ഒരു വിഡിയോ വൈറലായിരുന്നു. സിദ്ദിഖിനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്ന ബീന ആന്റണിയുടേതായിരുന്നു വിഡിയോ. രാജിവച്ച സിദ്ദിഖിന് നടിമാർ യാത്ര അയപ്പ് നൽകുന്നു എന്ന തരത്തിലാണ് വിഡിയോ വൈറലായത്. ഇപ്പോൾ അതിൽ പ്രതികരണവുമാണ് ബീന ആന്റണി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
സിദ്ദിഖിന്റെ മകൻ സാപ്പി മരിച്ചതിനു ശേഷം അദ്ദേഹത്തെ ‘അമ്മ’ മീറ്റിങിൽ വച്ചു കണ്ടപ്പോൾ ആശ്വസിപ്പിക്കുന്ന വിഡിയോയാണ് തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നത് എന്നാണ് ബീന ആന്റണി വ്യക്തമാക്കിയത്. സാപ്പിയെ കുട്ടിക്കാലം മുതൽ അറിയുന്നതാണെന്നും മരണവിവരം അറിഞ്ഞപ്പോൾ പനിയായതിനാൽ പോകാൻ ആയില്ലെന്നും നടി പറഞ്ഞു. ആ വിഡിയോ ട്രോൾ ആയി പ്രചരിപ്പിച്ചതിൽ സങ്കടമുണ്ട്. സിദ്ദിഖ് തന്നെ സഹോദരിയായിട്ടാണ് കാണുന്നത്. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അദ്ദേഹം ശിക്ഷിക്കപ്പെടട്ടെയെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിൽ ബീന പറയുന്നു.
ബീന ആന്റണിയുടെ വാക്കുകൾ
സിദ്ദിഖ് ഇക്കയുടെ മകൻ സാപ്പി മരിച്ച സമയത്ത് എന്റെ സഹപ്രവർത്തകർ എല്ലാം അവിടെ പോയിരുന്നു. ആ സമയത്ത് എനിക്ക് പോകാൻ പറ്റിയില്ല. എനിക്ക് പനിയായി കിടപ്പായിരുന്നു. പിന്നെ ഞങ്ങൾ കാണുന്നത് ‘അമ്മ’യുടെ ജനറൽ ബോഡിക്ക് ആണ്. അവിടെ ചെന്നപ്പോൾ സിദ്ദിഖ് ഇക്ക താഴേക്ക് ഇറങ്ങി വരുന്നത് കണ്ടു. ഞാൻ അദ്ദേഹത്തെ പോയി കണ്ടു സംസാരിച്ച ഒരു ദൃശ്യമാണ് നിങ്ങൾ കാണുന്നത്.
സാപ്പിയെ കുഞ്ഞായിരിക്കുമ്പോൾ മുതൽ എനിക്ക് അറിയുന്നതാണ്. അവൻ കുഞ്ഞായിരുന്നപ്പോൾ ഞാനും എന്റെ അമ്മച്ചിയും കൂടി സിദ്ദിഖ് ഇക്കയുടെ വീട്ടിൽ പോവുകയും ഇക്കയുടെ മരിച്ചുപോയ ഭാര്യയും ഉമ്മയും ഒക്കെ ആയി സംസാരിക്കുകയും അവർ തന്ന ഭക്ഷണം കഴിക്കുകയും ചെയ്തിട്ടുണ്ട്. എനിക്കു വേണ്ടി ഇക്കയുടെ ഉമ്മ ഒരു പരിപ്പുകറി ഉണ്ടാക്കി വച്ചിരുന്നു. സാപ്പിയെ അന്ന് ഒരുപാട് ലാളിച്ചിട്ടാണ് വന്നത്. പിന്നെ ഒരുപാടു തവണ അവനെ കണ്ടിട്ടുണ്ട്. ഈ അടുത്തിടയ്ക്കും അവനും അവന്റെ സഹോദരനും ഒരുമിച്ച് പോകുന്നത് കണ്ടു ഞാൻ സാപ്പി എന്ന് വിളിച്ചപ്പോൾ ‘ബീനാന്റി’ എന്ന് വിളിച്ചു കൈ കാണിച്ചു, അന്നാണ് ഞാൻ അവനെ ഒടുവിൽ കണ്ടത്. പിന്നീട് അവൻ മരണപ്പെട്ടു എന്നറിഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മരണം എന്നത് ഓരോ ആളിനെയും ജീവിതത്തിൽ നടക്കുമ്പോൾ മാത്രമേ അതിന്റെ ദുഃഖം അറിയാൻ പറ്റൂ. പുറത്തു നിൽക്കുന്നവർക്ക് അത് തമാശ ആയിരികും. എന്റെ അപ്പച്ചൻ മരിച്ചപ്പോഴും എന്റെ ചേച്ചിയുടെ മകൻ മരിച്ചപ്പോഴും ഇക്ക എന്നെ വിളിച്ച് സമാധാനിപ്പിച്ചിട്ടുണ്ട്. ഒരു സഹോദരി എന്ന നിലയിൽ ആണ് അദ്ദേഹം എന്നെ കാണുന്നത്. ഇക്കയുടെ പേരിൽ ഒരു ആരോപണം വന്നു, ഒരു സ്ത്രീ വന്ന് പലതും പറഞ്ഞു. അവർക്ക് അങ്ങനെ സംഭവിച്ചെങ്കിൽ നിയമത്തിന്റെ മുന്നിൽ വരട്ടെ. സിദ്ദിക്ക് ഇക്ക അങ്ങനെ ചെയ്തെങ്കിൽ ശിക്ഷ കിട്ടട്ടെ. ഞാൻ അതിലേക്ക് ഒന്നും പോകുന്നില്ല.
മരണം എന്നത് ആർക്കും വിദൂരമല്ല. നാളെ എന്ത് സംഭവിക്കുന്നു എന്നത് ആർക്കും അറിയില്ല. അദ്ദേഹത്തിന്റെ വേദനയിൽ ഞാൻ പങ്കുചേർന്നതാണത്. അതിനെ എടുത്ത് വലിയ തലക്കെട്ട് ഒക്കെ ഇട്ട്, ‘വിരമിക്കുന്ന സിദ്ദിഖിന് നടിമാർ കൊടുക്കുന്ന യാത്രയയപ്പ്’ എന്നൊക്കെ ആക്കി വരുമ്പോൾ ഒരുപാട് സങ്കടം തോന്നി. ഇതൊന്നും അറിയാത്ത പ്രേക്ഷകർ അറിയാൻ വേണ്ടിയാണ് ഞാൻ പറയുന്നത്. ഇതാണ് സംഭവം. ഇതിനെയാണ് വളച്ചുകെട്ടി ട്രോള്‍ ആക്കി ഇങ്ങനെ ഒക്കെ പറയുന്നത്. വലിയ സങ്കടം തോന്നിയതുകൊണ്ടാണ് ഞാൻ ഇത് ഇവിടെ വന്നു പറഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates