

മണിലാലിന്റെ ഭാരതപ്പുഴ കണ്ടുകഴിഞ്ഞപ്പോള്‍ കുറസോവയുടെ Ran എന്ന ഐതിഹാസിക ചിത്രത്തിലെ, In a mad world, only the mad are sane എന്ന വാചകമാണ് ഓര്‍മ്മവന്നത്. അത് മണിലാല്‍ എന്ന കലാകാരനെ സംബന്ധിച്ചും ഭാരതപ്പുഴ എന്ന സിനിമയെ സംബന്ധിച്ചും ഒരുപോലെ ശരിയാണ്.ഗൗരവമായ ഏതൊരു കലാപ്രവര്‍ത്തനവുംമനുഷ്യജീവിതത്തെക്കുറിച്ച് ഉറച്ചുപോയ ബോധ്യങ്ങളെ കുടഞ്ഞുകളയുന്ന സര്‍ഗ്ഗാത്മകമായ ഉന്മാദമാണ്. അത്തരം കലാസൃഷ്ടികള്‍, സാഹിത്യമോ ചിത്രകലയോ സിനിമയോ ഏതുമാകട്ടെ, സദാചാരം, ലൈംഗികത, മനുഷ്യബന്ധങ്ങള്‍ എന്നിവയെപ്പറ്റിനിലനില്‍ക്കുന്ന ധാരണകളെ പുനഃപരിശോധിക്കാനും തിരുത്തിയെഴുതാനും നിര്‍ബ്ബന്ധിക്കും. നിലവിലുള്ള വ്യവസ്ഥയുടെ അധികാരഘടനയെ ചോദ്യം ചെയ്യും. ദാര്‍ശനികമായ ചിട്ടപ്പെടുത്തലുകളെ നിരാകരിക്കും. പക്ഷേ അത്തരം കലാകാരന്മാരും അവരുടെ സൃഷ്ടികളും മുന്നോട്ടുവെയ്ക്കുന്ന സൂക്ഷ്മരാഷ്ട്രീയവുമാണ് മനുഷ്യവംശത്തെ മുന്നോട്ട് കൊണ്ടുപോവുക. സദാചരവുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളില്‍ പലപ്പോഴും വളരെ അടഞ്ഞ സമീപനം വെച്ചുപുലര്‍ത്തുന്ന കേരളീയ സമൂഹത്തെ മുന്നോട്ട് ചലിപ്പിക്കാന്‍ കഴിയുന്ന സര്‍ഗ്ഗാത്മക ഊര്‍ജ്ജമുള്ള കലാസൃഷ്ടിയാണ് ഭാരതപ്പുഴ.
കഴിഞ്ഞ ഏതാനും കൊല്ലങ്ങളായി മലയാള സിനിമ വലിയ മാറ്റങ്ങളിലൂടെ യാണ് കടന്നുപോകുന്നത്. പ്രമേയത്തിലും ആഖ്യാനത്തിലും സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യരുടെ കഥകള്‍ക്ക് കൂടുതല്‍ ഇടം കിട്ടുന്നകാലമാണിത്. എങ്കിലും പാട്രിയാര്‍ക്കിയുടേയും സവര്‍ണ്ണ മേധാവിതത്തിന്റേയും പിടിയില്‍ നിന്ന് പൂര്‍ണ്ണമായി മോചനം നേടിയെന്ന് പറയാറായിട്ടുമില്ല. ഒരു സെക്‌സ് വര്‍ക്കറെ മറ്റു തൊഴിലുകളെടുത്ത് ജീവിക്കുന്നവര്‍ക്ക് തുല്യമായി കാണാവുന്ന അവസ്ഥയിലേക്ക് മലയാള സിനിമയോ കേരളീയ സമൂഹമോ എത്തിയിട്ടില്ല. കച്ചവടവും ലാഭവും ഏറ്റവും പ്രധാനപ്പെട്ട കാ ര്യങ്ങളായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും സെക്‌സ് വര്‍ക്ക് മാന്യമായ തൊഴിലോ കച്ചവടമോ അല്ല. കള്ളവാറ്റും കള്ളക്കടത്തുംപോലെ നിയമവിരുദ്ധമായൊരു കുറ്റകൃത്യമാണ്. ചതിക്കപ്പെട്ടതുകൊണ്ടോ ഗതികേടുകൊണ്ടോ ആണ് പലരും ആ തൊഴില്‍ സ്വീകരിക്കാന്‍ നിര്‍ബ്ബന്ധിതരാകുന്നത്. ആ ദുര വസ്ഥയിലും ആത്മാഭിമാനം പണയപ്പെടുത്താതെ മുന്നോട്ട് പോകാനുള്ള ഒരു സ്ത്രീയുടെ അതിജീവനശ്രമങ്ങളാണ് മണിലാല്‍ ഭാരതപ്പുഴയില്‍ ചിത്രീകരിക്കുന്നത്. അതില്‍ ചിലപ്പോഴൊക്കെ അവള്‍ക്ക് കാലിടറുന്നു. പലപ്പോഴും പകച്ചുപോകുന്നു. പക്ഷേ ഒരിക്കലും തോറ്റുപോകുന്നില്ല.
ഭാരതപ്പുഴയിലെ നായികയുടെ സുഗന്ധിയെന്ന പേര് എനിക്കേറ്റവും പ്രിയപ്പെട്ടതാണ്. സിജി പ്രദീപ് ഗംഭീരമായി ആ വേഷം ചെയ്തിരിക്കുന്നു. വളരെ സൂക്ഷ്മമായ ഭാവപ്രകടനങ്ങളിലൂടെയും ചലനങ്ങളിലൂടെയും സിജി സുഗന്ധിയായി മാറിയിരിക്കുന്നു. സുഗന്ധിയുടെ ജീവിതത്തിലെ സന്തോഷങ്ങളും സങ്കടങ്ങളും വിഹ്വലതകളും സിജിയുടെ മുഖത്ത് കൃത്യമായി പ്രതിഫലി ക്കുന്നുണ്ട്.
ഇര്‍ഷാദ് അലി,ദിനേശ് ഏങ്ങൂര്‍, ശ്രീജിത്ത് രവി, എം.ജി.ശശി,മണികണ്ഠന്‍ പട്ടാമ്പി തുടങ്ങി ഭാരതപ്പുഴയില്‍അഭിനയിച്ചിരിക്കുന്ന ഓരോ നടീനടന്മാരും ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. റഫീക്ക് അഹമ്മദിന്റേയും ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്റേയും വരികളും അവയ്ക്ക് സുനില്‍കുമാര്‍ നല്‍കിയ സംഗീതവും ഹൃദയത്തില്‍ തൊടുന്നതാണ്. ജോമോന്റെ ക്യാമറയും എടുത്തുപറയേണ്ടതുതന്നെ.
ഡോക്യുമെന്ററികളിലൂടെ സിനിമാരംഗത്ത് സജീവസാന്നിദ്ധ്യമായ മണിലാലിന്റെ ആദ്യ ഫീച്ചര്‍ സിനിമയായ ഭാരതപ്പുഴ എന്തുകൊണ്ടും മലയാളി പ്രേക്ഷകര്‍ കാണേണ്ടത് തന്നെയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates