

വലിയ ആത്മവിശ്വാസം നല്‍കിയ സംഭവമാണ് ഐഎഫ്എഫ്‌കെ വേദിയിലെത്തിയതെന്ന് നടി ഭാവന. ക്ഷണം ലഭിച്ചപ്പോള്‍ വരില്ലെന്നാണ് താന്‍ ആദ്യം പറഞ്ഞത്. എന്നാല്‍ പോകണമെന്ന് സുഹൃത്തുക്കളും വേണ്ടപ്പെട്ടവരും നിര്‍ബന്ധിച്ചു. വേദിയിലെത്തിയപ്പോള്‍ ലഭിച്ച സ്‌നേഹവും പിന്തുണയുമെല്ലാം തന്നെ വികാരഭരിതയാക്കിയെന്നും ധൈര്യവും ആത്മവിശ്വാസവും ലഭിച്ചുവെന്നും ഭാവന പറയുന്നു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ഭാവന മനസ് തുറന്നത്. ആ വാക്കുകളിലേക്ക്:
ആ സംഭവം എനിക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കിയത്. കാരണം, ഞാനൊരു കൊക്കൂണിന് ഉള്ളിലായിരുന്നു. അദൃശ്യമായൊരു ചുമരിന് പിന്നിലെന്നത് പോലെ ജീവിക്കുകയായിരുന്നു. അടുത്ത സുഹൃത്തുക്കളോടു മാത്രമായിരുന്നു സംസാരിച്ചിരുന്നത്. ഐഎഫ്എഫ്‌കെയിലേക്ക് ക്ഷണിച്ചപ്പോള്‍ വരുന്നില്ലെന്നാണ് ആദ്യം പറഞ്ഞത്. നീ വന്നേ പറ്റൂവെന്ന് അവര്‍ പറഞ്ഞു. നിങ്ങള്‍ക്ക് എന്നെ നിര്‍ബന്ധിക്കാനാകില്ലെന്ന് ഞാന്‍ പറഞ്ഞു. പക്ഷെ അദ്ദേഹത്തെപ്പോലൊരു മുതിര്‍ന്ന സംവിധായകന്‍ വിളിക്കുമ്പോള്‍ എനിക്ക് നിരസിക്കാനും സാധിക്കില്ലായിരുന്നു.
ഞാന്‍ വല്ലാതെ ധര്‍മസങ്കടത്തിലായിരുന്നു. എങ്ങനെയാണ് ആ തീരുമാനത്തിലെത്തിയതെന്ന് അറിയില്ല. വല്ലാത്ത ഉത്കണ്ഠയും ആശങ്കയുമെല്ലാം ഉണ്ടായിരുന്നു. ആയിരം പേരോട് ചോദിച്ചു. എല്ലാവരും പോകണമെന്ന് പറഞ്ഞു. പക്ഷെ എനിക്കത് എളുപ്പമല്ല. പോകാന്‍ പറ്റുമെന്ന് തോന്നുന്നില്ലെന്ന് പറഞ്ഞു. പക്ഷെ ആ നല്ല മനസുകള്‍ എന്നെ പ്രോത്സാഹിപ്പിച്ചു. പലരും വിളിച്ച് പോകണമെന്ന് പറഞ്ഞു.
ഇപ്പോഴും അറിയില്ല, ഞാന്‍ എങ്ങനെയാണ് അവിടെ എത്തിയതെന്ന്. പാല്‍പ്പറ്റേഷന്‍ നിയന്ത്രണാതീതമായിരുന്നു. ബോധരഹിതയാകുമെന്ന് വരെ കരുതി. അവര്‍ ഞാന്‍ വരുന്ന കാര്യം പുറത്ത് വിട്ടിരുന്നില്ല. വളരെ കുറച്ച് പേര്‍ക്ക് മാത്രമേ അറിയുമായിരുന്നുള്ളൂ. പ്രത്യേകിച്ചും പൊതുജനത്തിന്. ഒരു സീക്രട്ട് മിഷന്‍ പോലെയായിരുന്നു. അവര്‍ വേറെ പേരിലായിരുന്നു ടിക്കറ്റൊക്കെ ബുക്ക് ചെയ്തിരുന്നത്. റൂമര്‍ കേട്ട് പലരും എന്റെ സുഹൃത്തുക്കളെ വിളിച്ചു. അവള്‍ വരുന്നില്ലെന്ന് അവരും പറഞ്ഞു.
വേദിയിലെത്തി, പേര് വിളിക്കുന്നത് കാത്ത് പിന്നില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ വിറയ്ക്കുകയായിരുന്നു. ബോധം കെട്ട് വീഴുമെന്ന് വരെ തോന്നി. എനിക്കിത് പറ്റുമെന്ന് തോന്നുന്നില്ലെന്ന് പറഞ്ഞു. ബീന പോള്‍ അവിടെ ഉണ്ടായിരുന്നു. ഞങ്ങള്‍ കൂടെയുണ്ടാകുമെന്ന് പറഞ്ഞു. എങ്കിലും എനിക്ക് ആശങ്കയായിരുന്നു. വലിയൊരു ആള്‍ക്കൂട്ടം അവിടെയുണ്ടെന്ന് ശബ്ദം കേട്ട് ഞാന്‍ മനസിലാക്കി. എന്റെ പേര് പറഞ്ഞതും ഞാന്‍ ബ്ലാങ്ക് ആയിപ്പോയി. സിനിമയിലൊക്കെ സംഭവിക്കുന്നത് പോലെ. സ്‌റ്റേജിലെത്തിയതും ഞാന്‍ അയാം ഒക്കെ മാസ്‌ക് എടുത്തണിഞ്ഞു.
ആ ജനക്കൂട്ടം, അവരുടെ കയ്യടികള്‍. അതേക്കുറിച്ച് സംസാരിക്കുമ്പോഴൊക്കെ എന്റെ കണ്ണുകള്‍ നിറയും. എല്ലാവരും എഴുന്നേറ്റ് നിന്നു. കയ്യടികളോടെ എന്നെ അവര്‍ വരവേറ്റു. എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ഇത് ശരിക്കും സംഭവിക്കുന്നതാണോ? ആ നിമിഷം എനിക്ക് വളരെ വലുതാണ്. ഞാന്‍ ഒറ്റയ്ക്കല്ല എന്ന് തിരിച്ചറിഞ്ഞ നിമിഷമാണത്. ഒരുപാട് പേരുണ്ട് എന്റെ കൂടെ എന്ന് തിരിച്ചറിഞ്ഞു. ഞാനൊരു ഗുഹയ്ക്കുള്ളില്‍ ജീവിക്കുകയായിരുന്നു. സ്വയം സംരക്ഷിക്കുകയായിരുന്നു. അങ്ങനെയിരിക്കെയാണ് അതുപോലൊന്ന് സംഭവിക്കുന്നത്. ആ സംഭവം എനിക്ക് ഒരുപാട് ധൈര്യം നല്‍കി. അതില്‍ ഞാന്‍ അവരോട് കടപ്പെട്ടിരിക്കുന്നു.
കണ്ണീര്‍ അടക്കിപ്പിടിച്ചാണ് അന്ന് ഞാന്‍ ആ വേദിയില്‍ നിന്നത്. രണ്ടോ മൂന്നോ വാക്കേ സംസാരിച്ചുള്ളൂ. സ്റ്റേജില്‍ നിന്നിറങ്ങിയതും ഞാന്‍ പൊട്ടിക്കരഞ്ഞു. മണിക്കൂറുകളോളം കരഞ്ഞു. എന്റെ ആദ്യ സിനിമയുടെ സംവിധായകന്‍ കമല്‍ സാര്‍ അവിടെയുണ്ടായിരുന്നു. അദ്ദേഹം എന്നെ ആശ്വസിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. മണിക്കൂറുകളോളം ഞാന്‍ കരഞ്ഞു. വര്‍ഷങ്ങളായി ഞാന്‍ കാത്തിരുന്ന, സ്‌നേഹവും കരുത്തും, പിന്തുണയുമെല്ലാം എന്നെ വികാരധീനയാക്കി. എനിക്ക് പോലും അറിയില്ലായിരുന്നു ആ സ്‌നേഹം ഞാന്‍ ആഗ്രഹിച്ചിരുന്നുവെന്ന്.
ആ രാത്രി മുഴുവന്‍ ഞാന്‍ കരയുകയായിരുന്നു. ഞാന്‍ ഹോട്ടലിലെത്തിയതും അമ്മയേയും നവീനേയും വിളിച്ചു. സുഹൃത്തുക്കളെ വിളിച്ചു. ഒരു വാക്കു പോലും പറഞ്ഞില്ല. കരയുക മാത്രമായിരുന്നു. വളരെ വൈകാരികമായിരുന്നു. ഇതുപോലൊരു സംഭവത്തിലൂടെ കടന്നു പോകേണ്ടി വരികയും, ശേഷം അതുപോലൊരു പിന്തുണയും സ്‌നേഹം ലഭിക്കുകയും ചെയ്യുന്നത് എളുപ്പമല്ല. ജനങ്ങളോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates