

തുടരും സിനിമയുടെ ഡബ്ബിങ്ങുമായി ബന്ധപ്പെട്ട് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി മാറിയിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിച്ചിരിക്കുകയാണ് നടൻ ബിനു പപ്പു. ആ വിഷയത്തിൽ ഇനിയൊരു വിശദീകരണത്തിന്റെ ആവശ്യമില്ലെന്നാണ് ബിനു പപ്പു പറഞ്ഞത്. തന്റെ പുതിയ ചിത്രമായ എക്കോയുടെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് ബിനു പപ്പു ഇക്കാര്യം വ്യക്തമാക്കിയത്.
ഭാഗ്യലക്ഷ്മി തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയതാണെന്നും അതിനപ്പുറത്തേക്ക് ഇനിയൊരു വിശദീകരണം നൽകേണ്ട ആവശ്യം തങ്ങൾക്കില്ലെന്നും ബിനു പപ്പു പറഞ്ഞു. "ഞാൻ ഈ കാര്യത്തിൽ വ്യക്തത വരുത്തേണ്ട ആവശ്യമില്ല. അതിനുള്ള വ്യക്തത അവർ തന്നെ കൊടുത്തിട്ടുണ്ട്. ഞങ്ങൾക്ക് അതിനൊരു വിശദീകരണം നൽകണമെന്ന് തോന്നിയിട്ടില്ല. കാരണം അതിന്റെ ആവശ്യമില്ലായിരുന്നു".- ബിനു പപ്പു പറഞ്ഞു.
തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന ചിത്രത്തിന്റെ ഡബ്ബിങ്ങുമായി ബന്ധപ്പെട്ടായിരുന്നു ഭാഗ്യലക്ഷ്മി വിമർശനവുമായെത്തിയത്. ചിത്രത്തിൽ ശോഭന അഭിനയിച്ച ലളിത എന്ന കഥാപാത്രത്തിനായി ആദ്യം ഡബ്ബ് ചെയ്തത് ഭാഗ്യലക്ഷ്മിയായിരുന്നു. എന്നാൽ പിന്നീട് ഈ കഥാപാത്രത്തിനായി ശോഭന തന്നെ സ്വയം ഡബ്ബ് ചെയ്യുകയായിരുന്നു. ഇക്കാര്യത്തെക്കുറിച്ച് അണിയറപ്രവർത്തകർ ഭാഗ്യലക്ഷ്മിയെ അറിയിച്ചിരുന്നുമില്ല.
ഇത് തനിക്ക് വിഷമമുണ്ടാക്കിയെന്നും തന്റെ ശബ്ദം മാറ്റിയെന്ന് വിളിച്ച് പറയാനുള്ള മര്യാദ നിർമാതാവ് കാണിച്ചില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു. ശോഭനയോട് തനിക്ക് പ്രശ്നമില്ലെന്നും എന്നാൽ കഴിഞ്ഞ 50 വർഷത്തോളം ഈ ഇൻഡസ്ട്രിയിൽ പ്രവർത്തിച്ച തന്നെപ്പോലെയൊരു ആർട്ടിസ്റ്റിനോട് സാമാന്യ മര്യാദ തരുൺ മൂർത്തി കാണിച്ചില്ലെന്നും ഭാഗ്യലക്ഷ്മി കുറ്റപ്പെടുത്തിയിരുന്നു.
സംഭവത്തിൽ തരുൺ മൂർത്തിയോ നിർമാതാവ് രഞ്ജിത്തോ പ്രതികരിച്ചിരുന്നില്ല. അതേസമയം കിഷ്കിന്ധാ കാണ്ഡം എന്ന ചിത്രത്തിന് ശേഷം ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് എക്കോ. സന്ദീപ് പ്രദീപ്, ബിനു പപ്പു, ബയന മൊമിൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates