

മലയാള സിനിമ തന്നെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതിന്റെ സന്തോഷം പങ്കുവച്ച് ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്. മലയാള സിനിമയിലെ പ്രശസ്തരായ സംവിധായകർ ചേർന്ന് തൻ്റെ ജന്മദിനം അന്നേ ദിവസം ജന്മദിനമുള്ള നടി മഞ്ജു വാര്യരോടൊപ്പം ആഘോഷിച്ചതിൻ്റെ സന്തോഷവും അദ്ദേഹം പങ്കുവെച്ചു.
സിനിമാ നിരൂപകനായ സുധീർ ശ്രീനിവാസന് നൽകിയ അഭിമുഖത്തിലാണ് അനുരാഗ് കശ്യപ് തെന്നിന്ത്യൻ സിനിമ തൻ്റെ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ച് വാചാലനായത്. ഏറെ പ്രചോദനമേകിയിട്ടുള്ള സംവിധായകരുൾപ്പടെ ആഘോഷത്തിൽ പങ്കെടുത്തതിൻ്റെ ആനന്ദവും കശ്യപ് പങ്കുവെക്കുന്നുണ്ട്.
റൈഫിൾ ക്ലബിൽ അഭിനയിക്കാൻ പോയപ്പോൾ വളരെ അപ്രതീക്ഷിതമായ ഒരു സംഭവമുണ്ടായി. അത് തൻ്റെ ജീവിതത്തെ മാറ്റി മറിച്ചുവെന്നാണ് അനുരാഗ് കശ്യപ് പറയുന്നത്. 'ഇക്കാര്യത്തിന് ആഷിഖ് അബുവിനോടും ശ്യാം പുഷ്കരനോടുമാണ് ഞാൻ നന്ദി പറയേണ്ടത്.
ദീർഘകാലമായി മഞ്ജുവും ഞാനും ഫോണിലൂടെയുള്ള സുഹൃത്തുക്കളാണ്. ഞങ്ങളുടെ ജന്മദിനവും ഒരേ ദിവസമാണ്. ഇന്ദ്രജിത്ത് ഉൾപ്പടെയുള്ളവർ ചേർന്ന് ഇത് ആഘോഷമാക്കണമെന്ന് പറഞ്ഞു. പ്രചോദനമായിട്ടുള്ള സംവിധായകർ ഉൾപ്പടെ നിരവധി പേർ അന്നവിടെ എത്തി. ഹിന്ദി സിനിമാ മേഖലയിൽ ആളുകൾ എന്നെ ഒഴിവാക്കുകയായിരുന്നു.
എനിക്ക് ഫിൽട്ടറില്ലാതെ സംസാരിക്കുന്ന സ്വഭാവമാണെന്നും അവർ കരുതുന്നു. എന്നോടൊപ്പം ചേർന്നാൽ ചിലപ്പോൾ ഏതെങ്കിലും സ്റ്റുഡിയോയുമായി പ്രവർത്തിക്കാൻ അവസരം ലഭിക്കില്ലെന്നോ മറ്റാരെങ്കിലും അസ്വസ്ഥരാകുമെന്നോ അവർ ചിന്തിക്കുന്നു. എന്നാൽ ഞാനിപ്പോൾ എനിക്ക് പ്രചോദനം നൽകുന്ന, എന്നെ ഒരുപാട് സ്നേഹിക്കുന്ന ആളുകളുള്ള ഒരിടത്താണ് എത്തിയിരിക്കുന്നത്"- അനുരാഗ് കശ്യപ് പറയുന്നു.
സംവിധായകരായ ശ്യാം പുഷ്കരൻ, ലിജോ ജോസ് പെല്ലിശ്ശേരി, പൂർണിമ ഇന്ദ്രജിത്ത് തുടങ്ങിവർ ചേർന്നായിരുന്നു കഴിഞ്ഞ സെപ്റ്റംബറിൽ മഞ്ജു വാര്യരുടെയും അനുരാഗ് കശ്യപിൻ്റെയും ജന്മദിനം ആഘോഷിച്ചത്.
തെന്നിന്ത്യയിലുള്ളവരോട് സംസാരിക്കാൻ തനിക്ക് മദ്യം വേണ്ടെന്നും കശ്യപ് പറയുന്നുണ്ട്. അനുരാഗ് കശ്യപിന്റെ സംവിധാനത്തിൽ തിയറ്ററിൽ റിലീസ് ചെയ്ത അവസാന ചിത്രം ദൊബാര ആയിരുന്നു. നിഷാഞ്ചി ആണ് അനുരാഗ് കശ്യപിന്റേതായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates