

മുൻ പ്രധാനമന്ത്രി ഡോ മൻമോഹൻ സിങ്ങിന്റെ രാഷ്ട്രീയ ജീവിതത്തെ ആസ്പദമാക്കി 2019 ൽ ഒരു സിനിമ പുറത്തിറങ്ങിയിരുന്നു. 'ദ് ആക്‌സിഡൻ്റൽ പ്രൈം മിനിസ്റ്റർ' എന്ന ചിത്രം ജനുവരി 11 നാണ് റിലീസ് ചെയ്തത്. 'ദ് ആക്‌സിഡന്റൽ പ്രൈം മിനിസ്റ്റർ; ദ് മേക്കിങ് ആൻഡ് അൺമേക്കിങ് ഓഫ് മൻമോഹൻ സിങ്' - എന്ന ഏറെ വിവാദമായ പുസ്തകത്തെ മുൻ നിർത്തിയായിരുന്നു സിനിമയെത്തിയത്. 2004 മുതൽ 2008 വരെ മൻമോഹൻ സിങിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരു ആയിരുന്നു ഈ പുസ്തകം രചിച്ചത്.
2014 ൽ പുറത്തിറങ്ങിയ പുസ്തകത്തെ 'കാലുമാറ്റക്കാരന്റെ കെട്ടുകഥ' എന്നായിരുന്നു അന്ന് കോൺഗ്രസ് വിമർശിച്ചത്. പുസ്തകം പോലെ തന്നെ റിലീസിന് മുൻപ് സിനിമയും ഏറെ വിവാദങ്ങൾക്ക് തിരികൊളുത്തി. സിനിമയിൽ സിങിനെ തെറ്റായി ചിത്രീകരിച്ചുവെന്ന് ആരോപിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. 2004 മുതൽ 2014 വരെ മൻമോഹൻ സിങ് ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന കാലയളവാണ് ചിത്രം പറയുന്നത്.
നടൻ അനുപം ഖേറായിരുന്നു മൻമോഹൻ സിങ് എന്ന കഥാപാത്രമായെത്തിയത്. സിങ്ങിന്റെ ഭാവങ്ങളും സംസാരരീതിയുമെല്ലാം വളരെ കൃത്യമായാണ് അനുപം ഖേർ സ്ക്രീനിലെത്തിച്ചത്. മൻമോഹൻ സിങ്ങിനെ ജീവസുറ്റതാക്കി മാറ്റിയതിന് അനുപം ഖേറിനെ തേടി പ്രശംസകളുമെത്തി. ചിത്രത്തിൽ സോണിയ ഗാന്ധിയായി സുസെയ്ൻ ബെർണെർട്ടും, രാഹുൽ ഗാന്ധിയായി അർജുൻ മാത്തൂറും, പ്രിയങ്ക ഗാന്ധിയായി അഹാന കുമ്രയും സഞ്ജയ് ബാരുവായി അക്ഷയ് ഖന്നയുമെത്തി.
18 കോടി ബജറ്റിലൊരുക്കിയ ചിത്രം ലോകമെമ്പാടുമായി 31 കോടി കളക്ഷൻ നേടുകയും ചെയ്തു. ചിത്രം സംവിധാനം ചെയ്തത് വിജയ് രത്‌നാകർ ഗുട്ടയായിരുന്നു. പെൻ ഇന്ത്യ ലിമിറ്റഡിൻ്റെ ബാനറിൽ ബൊഹ്‌റ ബ്രദേഴ്‌സും രുദ്ര പ്രൊഡക്ഷൻ്റെ ബാനറിൽ ജയന്തിലാൽ ഗദ്ദയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ഏറെ വിവാദങ്ങൾക്കിടയിലും ചിത്രം പുറത്തിറങ്ങുകയും സിനിമയിലെ പല ഡയലോഗുകളും ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തു. 'മഹാഭാരതത്തിൽ രണ്ട് കുടുംബങ്ങളുണ്ടായിരുന്നു. ഇന്ത്യയിൽ ഒന്നേയുള്ളൂ'.- എന്നതടക്കമുള്ള ചിത്രത്തിലെ പല ഡയലോഗുകളും കോൺഗ്രസിനെ ചൊടിപ്പിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates