സോഷ്യൽ മീഡിയയിലൂടെ തനിക്ക് നേരിടേണ്ടിവന്ന അധിക്ഷേപങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് സംവിധായകൻ അനുരാഗ് കശ്യപിന്റെ മകൾ ആലിയ. മോഡലിങ്ങിൽ സജീവമായ ആലിയ തന്റെ ഗ്ലാമറസ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇതിൽ പ്രകോപിതരായി ചിലർ അശ്ലീലം പറയുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തത് എന്നാണ് ആലിയ പറയുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെയുള്ള ക്യു ആൻഡ് എ വിഡിയോയിലാണ് താരപുത്രിയുടെ തുറന്നു പറച്ചിൽ.
സോഷ്യൽ മീഡിയയിലൂടെയുള്ള നെഗറ്റിവിറ്റി എങ്ങനെയാണ് ബാധിക്കുന്നത് എന്നായിരുന്നു ചോദ്യം. അതിന് ആലിയ പറഞ്ഞ മറുപടി ഇങ്ങനെ; സോഷ്യൽ മീഡിയ നെഗറ്റീവിറ്റി ഞാൻ തിരിച്ചറിഞ്ഞ കാര്യമാണ്. ഞാൻ വളരെ സെൻസിറ്റീവ് ആയ വ്യക്തിയാണ്. ചെറിയ കാര്യം പോലും എന്നെ വല്ലാതെ ബാധിക്കും..നിസാര കാര്യത്തിന് വരെ ഒരു ദിവസം മുഴുവൻ കരഞ്ഞ് തീർക്കും. അടുത്തിടെ ലലോഞ്ച് അണ്ടർവെയറിനുവേണ്ടി ചെയ്ത വർക്കുകൾ സോഷ്യൽ മീഡിയയിൽ പങ്കെടുത്തിരുന്നു. ഇന്ത്യക്കാരിയായിരുന്നിട്ട് ഇത്തരം ചിത്രങ്ങൾ പങ്കുവയ്ക്കാൻ നാണമില്ലേ എന്നാണ് ആളുകൾ എന്നോട് ചോദിച്ചത്. എനിക്ക് ബലാത്സംഗ ഭീഷണികൾ വന്നു, എന്നെ വേശ്യയെന്ന് വിളിച്ചു, എനിക്ക് വിലയിട്ട് സന്ദേശം അയച്ചു, വധ ഭീഷണികൾ വന്നു, എന്നെ കുടുംബത്തെ വരെ അധിക്ഷേപിച്ചു. ഈ സംഭവങ്ങൾ എന്നെയേറെ പഠിപ്പിച്ചു. ഞാൻ നിരന്തരം കരഞ്ഞു.
പിന്നീടാണ് ഞാനൊരു കാര്യം തിരിച്ചറിഞ്ഞത്, ഫോണിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന, വേറൊന്നും ചെയ്യാനില്ലാത്ത ഇവർ പറയുന്ന കാര്യങ്ങൾ എന്തിന് കണക്കിലെടുക്കണം. ഞാനെല്ലാവരെയും ബ്ലോക്ക് ചെയ്തു. സോഷ്യൽ മീഡിയയിൽ നെഗറ്റീവിറ്റി പരത്തുന്ന ആരെയും ഞാൻ ബ്ലോക്ക് ചെയ്യും. കാരണം എന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് പോസിറ്റീവിറ്റി പരത്തുന്ന ഇടമാകണം എന്ന് എനിക്ക് നിർബന്ധമുണ്ട്.
സോഷ്യൽ മീഡിയയിലൂടെ മാത്രമല്ല തന്റെ ജീവിതത്തിലും ഇങ്ങനെയാണെന്നാണ് താരം പറയുന്നത്. നെഗറ്റിവിറ്റി പരത്തുന്നവരെ ജീവിതത്തിൽ നിന്ന് താൻ ഒഴിവാക്കാറുണ്ടെന്നാണ് ആലിയയുടെ വാക്കുകൾ. അനുരാഗിന് ആദ്യ ഭാര്യ ആരതി ബജാജിൽ ജനിച്ച മകളാണ് ആലിയ. അമേരിക്കയിൽ ഉപരിപഠനം ചെയ്യുകയാണ് താരപുത്രിയിപ്പോൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates