

റീൽ വേൾഡ് എൻ്റർടെയ്ൻമെൻ്റിൻ്റെ പാൻ-ഇന്ത്യൻ ചിത്രം 'ചത്ത പച്ച'യെക്കുറിച്ചുള്ള ചർച്ചകൾ പുതിയ ഉയരങ്ങളിൽ എത്തിനിൽക്കുകയാണ്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ റോഷൻ മാത്യുവിൻ്റെ "വെട്രി" യുടെ കാരക്ടർ പോസ്റ്റർ ടീം പുറത്തുവിട്ടു. സിനിമയിൽ നടൻ്റെ ശ്രദ്ധേയമായ പത്ത് വർഷത്തെ കരിയറിനോടുള്ള ആദരസൂചകമായാണ് ഈ പോസ്റ്റർ റിലീസ്.
'ചത്ത പച്ച'യെ ചുറ്റിപ്പറ്റിയുള്ള പ്രേക്ഷകരുടെ ആകാംക്ഷ അങ്ങേയറ്റം എത്തി നിൽക്കുമ്പോളാണ് അണിയറ പ്രവർത്തകർ റോഷൻ്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നത്. മലയാളം, ഹിന്ദി, തമിഴ് സിനിമകളിൽ തൻ്റേതായ ഒരിടം കണ്ടെത്തിയ നടനാണ് റോഷൻ മാത്യു. 'ആനന്ദം' എന്ന സിനിമയിലെ തൻ്റെ മികച്ച പ്രകടനം മുതൽ 'കൂടെ', കുരുതി' 'പാരഡൈസ്' എന്നീ സിനിമകളിലെ പ്രകടനം, നിരൂപക പ്രശംസ നേടിയ 'കപ്പേള' എന്നിവയിലൂടെയെല്ലാം റോഷൻ തൻ്റെ അഭിനയമികവ് തെളിയിച്ചു.
തമിഴിൽ വിക്രമിനൊപ്പം കോബ്ര യിലും റോഷൻ വേഷമിട്ടു. അനുരാഗ് കശ്യപിൻ്റെ 'ചോക്ക്ഡ്', നെറ്റ്ഫ്ലിക്സിൻ്റെ 'ഡാർലിംഗ്‌സ്' എന്നിവയിലെ ഹിന്ദി പ്രകടനങ്ങൾ ഇന്ത്യയിലെ ഏറ്റവും മികച്ച യുവ അഭിനേതാക്കളിൽ ഒരാളായി റോഷനെ അടയാളപ്പെടുത്തി. 'സി യു സൂൺ' പോലുള്ള ഒടിടി വിജയങ്ങളും റോഷൻ്റെ സാംസ്കാരിക സ്വാധീനം വർദ്ധിപ്പിച്ചു.
ക്രിയേറ്റീവ് പ്രൊഡ്യൂസർ ഷിഹാൻ ഷൗക്കത്ത്, റിതേഷ്, രമേഷ് എസ്. രാമകൃഷ്ണൻ, ഷൗക്കത്ത് അലി എന്നിവർ ചേർന്ന് അണിയിച്ചൊരുക്കുന്ന 'ചത്ത പച്ച' നവാഗത സംവിധായകൻ അദ്വൈത് നായരാണ് ഒരുക്കുന്നത്. കേരളത്തിലെ സ്ട്രീറ്റ് കൾച്ചറും റെസ്റ്റ്‌ലിങ് കൾച്ചറും സമന്വയിപ്പിച്ച കഥയുടെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഒരു തീപ്പൊരി മലയാള സിനിമ എന്ന നിലയിൽ നിന്ന് 'ചത്ത പച്ച' ഇന്ന് ഇന്ത്യ മുഴുവൻ ചർച്ചാവിഷയമായി എല്ലാവരും ഒന്നടങ്കം കാത്തിരിക്കുന്ന ഒരു സിനിമ കൂടി ആണ്. മലയാള സിനിമയുടെ പുതിയ തലവും വ്യാപ്തിയും നിർവ്വചിക്കുന്ന ഒരു വലിയ സിനിമ സംഭവം തന്നെ ആണ് ചത്ത പച്ച ഇപ്പോൾ!
ചിത്രത്തിൻ്റെ പവർ പാക്ക്ഡ് ടീസർ പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ തരംഗമുണ്ടാക്കി. ഇപ്പോൾ പുറത്തുവന്ന റോഷൻ മാത്യുവിൻ്റെ പോസ്റ്റർ ആകട്ടെ പ്രേക്ഷകരുടെ ആകാംക്ഷ ഇരട്ടിയാക്കിയിരിക്കുകയാണ്. 'ചത്ത പച്ച 'യുടെ എനർജിയും വൈകാരികതയും പ്രതിഫലിപ്പിക്കുന്ന പോസ്റ്റർ ആണ് പുറത്ത് വന്നിരിക്കുന്നത്. റോഷൻ മാത്യുവിൻ്റെ “വെട്രി” പ്രവചനാതീതവും, മൂർച്ചയേറിയതുമായ ഒരു കഥാപാത്രം തന്നെ ആയിരിക്കും എന്നതിൽ സംശയമില്ല.
റോഷൻ മാത്യുവിന് പുറമേ അർജുൻ അശോകൻ, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് എന്നിവരും മലയാളം സിനിമയിലെ മറ്റ് പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഓരോ അഭിനേതാവിൻ്റെയും പ്രകടനം സിനിമയുടെ തീവ്രത കൂട്ടും എന്നതിൽ സംശയമില്ല. ശങ്കർ–എഹ്സാൻ–ലോയ് മലയാളത്തിലെ തങ്ങളുടെ അരങ്ങേറ്റം കുറിക്കുന്ന ചിത്രമായിരിക്കും ചത്ത പച്ച.
പശ്ചാത്തല സംഗീതം ഒരുക്കുന്നത് മുജീബ് മജീദാണ്. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്, കലൈ കിംഗ്സൺ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നു. തിരക്കഥ സനൂപ് തൈക്കൂടം, എഡിറ്റിംഗ് പ്രവീൺ പ്രഭാകർ. വിനായക് ശശികുമാറാണ് ഗാനരചയിതാവ്.
ഇതിന് പുറമെ ധർമ്മ പ്രൊഡക്ഷൻസ്, മൈത്രി മൂവി മേക്കേഴ്സ്, വേഫെയറർ ഫിലിംസ്, പിവിആർ ഐനോക്സ്, ദി പ്ലോട്ട് പിക്ചേഴ്സ് തുടങ്ങിയ പ്രമുഖ വിതരണ പങ്കാളികൾ ഒന്നിക്കുന്നതോടെ, 'ചത്ത പച്ച : ദി റിംഗ് ഓഫ് റൗഡീസ്' വരും വർഷത്തെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നാകാൻ ഒരുങ്ങുകയാണ്. അടുത്ത വർഷം ജനുവരിയിലാണ് ചിത്രം റിലീസിനെത്തുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates