

മഞ്ഞുമ്മല്‍ ബോയ്‌സിന് ശേഷം ചിദംബരം ഒരുക്കുന്ന ബാലന്‍ കാനില്‍ മാര്‍ക്കറ്റിങ് സ്‌ക്രീനിങിന് ഒരുങ്ങുകയാണ്. മെയ് 14 ന് മാര്‍ച്ചെ ഡ്യു ഫിലിമില്‍ ബാലന്‍ പ്രദര്‍ശിപ്പിക്കും. മലയാള സിനിമയ്ക്ക് രാജ്യാന്തര ശ്രദ്ധ നേടിയെടുക്കാന്‍ സ്‌ക്രീനിങ് സഹായിക്കുമെന്നത് ശ്രദ്ധേയമാണ്. അതേസമയം മാര്‍ച്ചെ ഡ്യു ഫിലിമിലെ സ്‌ക്രീനിംഗും കാന്‍സ് ഫിലിം ഫെസ്റ്റിവലും രണ്ടാണെന്നതും മനസിലാക്കേണ്ടതുണ്ട്.
കാന്‍സ് ഫിലിം ഫെസ്റ്റിവലിന്റെ ബിസിനസ് വിഭാഗമാണ് മാര്‍ച്ചെ ഡ്യു ഫിലിം. ഇവിടെ സിനിമ കല എന്നതിലുപരിയായി വില്‍പ്പനച്ചരക്കായി മാറുകയാണ് ചെയ്യുന്നത്. ഫിലിംമേക്ക്‌ഴ്‌സിന് തങ്ങളുടെ സിനിമയെ കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ സഹായകരമാകുന്ന തരത്തില്‍ നിര്‍മാതാക്കളേയും നിക്ഷേപകരേയും വിതരണക്കാരേയും കണ്ടെത്താന്‍ അവസരം നല്‍കുകയാണ് മാര്‍ച്ചെ ഡ്യു ഫിലിം ചെയ്യുക.
നിര്‍മാതാക്കളും സെയില്‍സ് ഏജന്റുമാരും നിക്ഷേപകരും സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളും സിനിമകള്‍ വാങ്ങാനും പ്രൊമോട്ട് ചെയ്യാനും ഈ അവസരം വിനിയോഗിക്കുന്നു. ഇതിനായി സിനിമകള്‍ മുന്‍കൂട്ടി തീരുമാനിച്ച സമയത്ത് സ്‌ക്രീനിങ് ചെയ്യും. തങ്ങളുടെ സിനിമകള്‍ വിദേശ മാര്‍ക്കറ്റുകളിലെത്തിക്കാന്‍ വിതരണക്കാരെ കണ്ടെത്താനും, ഫെസ്റ്റിവലുകളിലേക്ക് ക്ഷണം നേടാനും നിര്‍മാണ പങ്കാളികളെ കണ്ടെത്താനും ഈ അവസരം സംവിധായകരെയും നിര്‍മാതാക്കളേയും സഹായിക്കും.
അതേസമയം കാന്‍സില്‍ സിനിമകള്‍ തെരഞ്ഞെടുക്കുക ഫെസ്റ്റിവലിന്റെ ഭാരവാഹികളായിരിക്കും. അതിനാല്‍ മാര്‍ച്ചെ ഡ്യു ഫിലിമില്‍ സ്‌ക്രീനിങ് ചെയ്യുന്നുവെന്നാല്‍ അതിനര്‍ത്ഥം കാന്‍സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടുവെന്നല്ല. മഞ്ഞുമ്മല്‍ ബോയ്‌സിന്റെ സ്‌ക്രീനിങ് സംബന്ധിച്ച് ദേശീയ മാധ്യമങ്ങളടക്കം നടത്തിയ റിപ്പോര്‍ട്ടിങിലെ ഈ പിഴവ് ചൂണ്ടിക്കാണിച്ച് സംവിധായകനും എഴുത്തുകാരനുമായ വരുണ്‍ ഗ്രോവര്‍ നേരത്തെ രംഗത്തെത്തിയിരുന്നു.
''മാര്‍ച്ചെ ഡ്യു ഫിലിം എന്നാല്‍ കാന്‍സിലേക്കുള്ള സെലക്ഷനല്ല. ആര്‍ക്കും വാങ്ങാന്‍ സാധിക്കുന്നൊരു സ്ലോട്ട് ആണത്. മഞ്ഞുമ്മല്‍ ബോയ്‌സ് ഇഷ്ടപ്പെട്ട ചിത്രമാണ്. ചിദംബരത്തിന്റെ അടുത്ത സിനിമയും ഗംഭീരമായിരിക്കുമെന്നുറപ്പാണ്. പക്ഷെ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ ലജ്ജിക്കണം. ഫെസ്റ്റിവലിലേക്കുള്ള സെലക്ഷനേക്കുറിച്ചുള്ള അടിസ്ഥാന ധാരണപോലുമില്ല'' എന്നാണ് വരുണ്‍ ഗ്രോവറുടെ പ്രതികരണം.
അങ്ങനെയിരിക്കുമ്പോഴും ബാലന്റെ മാര്‍ക്കറ്റിങ് സ്‌ക്രീനിങ് മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന വിഷയം തന്നെയാണ്. അതോടൊപ്പം മലയാള സിനിമയെ കൂടുതല്‍ അന്താരാഷ്ട്ര ശ്രദ്ധയിലേക്ക് എത്തിക്കാനുള്ള അവസരം കൂടിയാണിത്. ചിത്രത്തിന്റെ തിയേറ്റര്‍ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates