

തന്റെ കുടുംബ പാരമ്പര്യം നിലനിർത്താനായി തനിക്ക് ഒരു കൊച്ചുമകനില്ലെന്ന് നടൻ ചിരഞ്ജീവി. നടന്റെ ഈ വാക്കുകളിപ്പോൾ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾക്ക് കാരണമായിരിക്കുകയാണ്. ബ്രഹ്മ ആനന്ദം എന്ന തെലുഗു ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റിൽ പങ്കെടുക്കവേയാണ് ചിരഞ്ജീവി ഇത്തരം പരാമർശം നടത്തിയത്. വീട്ടിൽ സ്ത്രീകൾ കൂടുതലായതിനാൽ ഒരു വനിതാ ഹോസ്റ്റലിന്റെ വാർഡനെപ്പോലെയാണ് തനിക്ക് തോന്നാറുള്ളതെന്നും ചിരഞ്ജീവി പറഞ്ഞു.
കുടുംബ പാരമ്പര്യം നിലനിർത്താൻ തനിക്കൊരു കൊച്ചുമകനെ വേണമെന്ന് ആഗ്രഹമുണ്ടെന്നും ചിരഞ്ജീവി പറഞ്ഞു. "വീട്ടിലായിരിക്കുമ്പോള്‍ എന്റെ ചെറുമക്കളുടെ കൂടെ കഴിയുന്നത് പോലെയല്ല, മറിച്ചൊരു ലേഡീസ് ഹോസ്റ്റലിന്റെ വാര്‍ഡനെ പോലെയാണ് എനിക്ക് തോന്നുന്നത്. ചുറ്റും സ്ത്രീകളാൽ ചുറ്റപ്പെട്ടതു പോലെ. ഞാനെപ്പോഴും ആഗ്രഹിക്കുകയും റാം ചരണിനോട് പറയുകയും ചെയ്യുന്നുണ്ട്.
ഇത്തവണയെങ്കിലും നമ്മുടെ കുടുംബത്തിന്റെ പാരമ്പര്യം നിലനിർത്താൻ ഒരു ആണ്‍കുട്ടിയെ വേണമെന്ന്. പക്ഷേ അവന് കണ്ണിലെ കൃഷ്ണമണിയാണ് അവന്റെ മകള്‍. അവന് വീണ്ടും ഒരു പെൺകുട്ടി ജനിക്കുമോയെന്ന് എനിക്ക് പേടിയുണ്ട്".- ചിരഞ്ജീവി പറഞ്ഞു.
അതേസമയം ചിരഞ്ജീവിയുടെ ഈ പരാമർശത്തിനെതിരെ വ്യാപകവിമര്‍ശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. "ചിരഞ്ജീവിയെ പോലെയൊരാള്‍ 2025-ലും കാലാഹരണപ്പെട്ട ലിംഗവിവേചനത്തെ പിന്തുണയ്ക്കുന്നത് കാണുന്നത് ഏറെ വിഷമകരമാണ്. അനന്തരവകാശിയായി ആണ്‍കുട്ടി വേണമെന്നുള്ള ചിന്ത നിരാശാജനകം മാത്രമല്ല. അടിയന്തരമായി മാറ്റം വരുത്തേണ്ട സാമൂഹികമനോഭാവത്തിന്റെ പ്രതിഫലനം കൂടിയാണ്".- എന്നൊക്കെയാണ് ഭൂരിഭാഗം പേരും കുറിച്ചിരിക്കുന്നത്.
"എല്ലാ കുടുംബങ്ങളിലും ഇത് വളരെ സാധാരണമാണ്. പക്ഷേ ഒരേയൊരു പ്രശ്നം അദ്ദേഹം അറിയപ്പെടുന്ന ഒരു സെലിബ്രിറ്റിയാണ്...അദ്ദേഹത്തിന്റെ വാക്കുകൾ സമൂഹത്തിലും ആരാധകരിലും വലിയ സ്വാധീനം ചെലുത്തുന്നു....അത് നല്ലതല്ല".- എന്നും ചിലർ കുറിച്ചിട്ടുണ്ട്.
2023 ലാണ് റാം ചരണിനും ഭാര്യ ഉപാസനയ്ക്കും പെൺകുഞ്ഞ് ജനിക്കുന്നത്. ക്ലിൻ കാര എന്നാണ് മകൾക്ക് റാം ചരൺ പേര് നൽകിയിരിക്കുന്നത്. റാം ചരണിനെ കൂടാതെ ശ്രീജ കൊനിഡേല, സുസ്മിത കൊനിഡേല എന്നീ രണ്ട് പെൺമക്കൾ കൂടിയുണ്ട് ചിരഞ്ജീവിക്ക്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
