

ന്യൂഡല്‍ഹി: ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരം നേടിയ മോഹന്‍ലാലിന് അഭിനന്ദന പ്രവാഹം. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയന്, സാംസ്കാരിക മന്ത്രി സജി ചെറിയാന്, പ്രതിപക്ഷ നേതാവ് വിഡി സതീശന് അദ്ദേഹത്തെ അഭിനന്ദിച്ചു. രാഷ്ട്രീയ, സിനിമ, സാസ്കാരിക മേഖലയിലെ നിരവധി പ്രമുഖര്‍ അദ്ദേഹത്തിനു ആശംസകളുമായി എത്തി.
നരേന്ദ്ര മോദി
മോഹന്‍ലാല്‍ ജി, മികവിന്റേയും വൈവിധ്യത്തിന്റേയും പ്രതീകമാണ്. പതിറ്റാണ്ടുകളായി മലയാള സിനിമയിലും നാടകത്തിലും മോഹന്‍ലാല്‍ ഒരു പ്രതിഭയായി നിലകൊള്ളുന്നു. മലയാള സിനിമയുടെ മാർഗ ദീപമായി അദ്ദേഹം പ്രകാശിക്കുന്നു. കേരള സംസ്കാരത്തില്‍ ആഴത്തില്‍ അഭിനിവേശമുള്ളയാളാണ് അദ്ദേഹം. തെലുഗു, തമിഴ്, കന്നഡ, ഹിന്ദി സിനിമകളിലും മോഹന്‍ലാല്‍ ശ്രദ്ധേയമായ പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നടനവൈഭവം പ്രചോദിക്കുന്നതാണ്. ദാദ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ച അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍. അദ്ദേഹത്തിന്റെ നേട്ടം തലമുറകളെ പ്രചോദിപ്പിക്കട്ടെ.
പിണറായി വിജയന്
ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് രാജ്യം നല്കുന്ന പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്കാരം ലഭിച്ച പ്രിയ മോഹന്‍ലാലിന് അഭിനനന്ദനങ്ങള്‍ നേരുന്നു. മലയാള ചലച്ചിത്ര മേഖലയ്ക്ക് മാത്രമല്ല, നാടിനാകെ അഭിമാനം പകരുന്ന നേട്ടമാണിത്. അനുപമമായ ആ കലാ ജീവിതത്തിന് അര്‍ഹിക്കുന്ന അംഗീകാരമാണ് ലഭിച്ചിരിക്കുന്നത്. അഭിവാദ്യങ്ങള്‍!
സജി ചെറിയാന്
ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് 2023, നമ്മുടെ പ്രിയപ്പെട്ട നടന് ശ്രീ. മോഹന്‍ലാലിന് ലഭിച്ചതില്‍ അതിയായ സന്തോഷവും അഭിമാനവുമുണ്ട്.
നാല്പത്തി അഞ്ച് വര്‍ഷത്തിലേറെ നീണ്ട തന്റെ അഭിനയ ജീവിതത്തിലൂടെ, ഓരോ മലയാളിയുടെയും ഹൃദയത്തില്‍ സ്ഥാനം നേടിയ ഒരു കലാകാരനാണ് അദ്ദേഹം. സാധാരണക്കാരനായ ഒരു വ്യക്തിയില്‍ നിന്ന് വിശ്വവിഖ്യാതനായ ഒരു നടനിലേക്കുള്ള അദ്ദേഹത്തിന്റെ വളര്‍ച്ച, കഠിനാധ്വാനത്തിന്റെയും അര്‍പ്പണബോധത്തിന്റെയും ഉത്തമ ഉദാഹരണമാണ്.
മികച്ച നടന്, മികച്ച നിര്‍മ്മാതാവ്, ഗായകന് തുടങ്ങി സിനിമയുടെ വിവിധ മേഖലകളില്‍ അദ്ദേഹം നല്കിയ സംഭാവനകള്‍ ഇന്ത്യന്‍ സിനിമയുടെ വളര്‍ച്ചക്ക് നിര്‍ണ്ണായകമായി. ഈ പുരസ്കാരം മലയാള സിനിമയ്ക്കും കേരളത്തിനും ലഭിച്ച വലിയ അംഗീകാരമാണ്.
അന്താരാഷ്ട്ര നിലവാരമുള്ള സിനിമകള്‍ക്ക് കേരളം എന്നും നല്കിയ പിന്തുണയുടെയും, ഇവിടെയുള്ള കലാകാരന്മാരുടെ പ്രതിഭയുടെയും തിളക്കമാര്‍ന്ന പ്രതീകമാണ് ഈ അവാര്‍ഡ്.
കേരളത്തിന്റെ സാംസ്കാരിക വകുപ്പ് മന്ത്രി എന്ന നിലയില്‍, ഈ ചരിത്ര നേട്ടത്തില്‍ ഞാന്‍ ശ്രീ. മോഹന്‍ലാലിനെ എന്റെയും, കേരള ജനതയുടെയും പേരില്‍ ഹാര്‍ദ്ദവമായി അഭിനന്ദിക്കുന്നു.
വിഡി സതീശന്
മലയാളത്തിന്റെ അഭിമാനം മോഹന്‍ലാലിന് ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതി. സ്വഭാവികവും സവിശേഷവുമായ അഭിനയ ശൈലി കൊണ്ട് നാലര പതിറ്റാണ്ടിലധികം മലയാളികളെയും ലോകത്തെ തന്നെയും വിസ്മയിപ്പിച്ച നടനാണ് മോഹന്‍ലാല്‍.
തലമുറകളെ പ്രചോദിപ്പിച്ച താരം. ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരം മോഹന്‍ലാലിന് ലഭിക്കുമ്പോള്‍ അത് ഓരോ മലയാളിക്കുമുള്ള അംഗീകാരമാണ്.
പ്രായ, ദേശ ഭേദമെന്യേ എല്ലാവരുടേയും ലാലേട്ടനായ പ്രിയപ്പെട്ട മോഹന്‍ലാലിന് അഭിനന്ദനങ്ങള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
