

കഴിഞ്ഞ ദിവസമാണ് മലയാളത്തിന്റെ ഇതിഹാസ നടന്‍ മധു തന്റെ 92-ാം ജന്മദിനം ആഘോഷിച്ചത്. മധുവിന് ജന്മദിനാശംസകള്‍ നേര്‍ന്നു കൊണ്ടുള്ള ഗായകന്‍ ജി വേണുഗോപാലിന്റെ സോഷ്യല്‍ മീഡിയ കുറിപ്പ് ചര്‍ച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ വേണു ഗോപാലിന്റെ കുറിപ്പിന് മറുപടിയുമായി മധുവിന്റെ മകള്‍ രംഗത്തെത്തിയിരിക്കുകയാണ്.
വേണുഗോപാല്‍ പറഞ്ഞ പല കാര്യങ്ങളും സത്യത്തിന് നരക്കുന്നതല്ലെന്നാണ് മധുവിന്റെ മകള്‍ ഉമ ജയലക്ഷ്മി പറയുന്നത്. വേണു ഗോപാലിനെ വിമര്‍ശിച്ചു കൊണ്ടുള്ള ശ്രീകുമാര്‍ തമ്പിയുടെ പോസ്റ്റിന് താഴെയാണ് ഉമയുടെ പ്രതികരണം.
''യാഥാര്‍ത്ഥ്യമറിയാതെ എന്റെ അച്ഛനെക്കുറിച്ച് ഗായകന്‍ വേണുഗോപാല്‍ എഴുതിയ കുറിപ്പ് ഞങ്ങള്‍ കുടുംബക്കാരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. ആ പോസ്റ്റിന്റെ അവസാന ഭാഗം വായിച്ചപ്പോള്‍ മകളായ ഞാന്‍ ഞെട്ടിപ്പോയി. ഇത്രയും അന്തസ്സോടെ 92 വര്‍ഷം ജീവിച്ചയാളിനെ ഇങ്ങനെ വേണുഗോപാല്‍ തരം താഴ്ത്തി കണ്ടപ്പോള്‍ വലിയ ദുഃഖം തോന്നി. ഞാന്‍ അതിനു മറുപടിയായി ഒരു പോസ്റ്റ് ഇടണം എന്ന് ആലോചിച്ചു. അപ്പോഴാണ് തമ്പിയങ്കിളിന്റെ പേജില്‍ ഈ പോസ്റ്റ് കണ്ടത്'' ഉമ ജയലക്ഷ്മി പറയുന്നു.
''എനിക്ക് പറയാന്‍ കഴിയുന്നതിനേക്കാള്‍ ഭംഗിയായി അച്ഛനെ ഏറ്റവും അടുത്തറിയാവുന്ന തമ്പി അങ്കിള്‍ എഴുതിയിരിക്കുന്നു. അത് കണ്ടു ഞങ്ങള്‍ക്കെല്ലാം ആശ്വാസമായി. അദ്ദേഹത്തിന്റെ മകള്‍ എന്ന നിലയ്ക്ക് ഒരു കാര്യം എനിക്ക് ഉറപ്പായും പറയാന്‍ കഴിയും. വേണുഗോപാലിന്റെ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും സത്യത്തിനു നിരക്കുന്നതല്ല. തമ്പിയങ്കിള്‍ ഉചിതമായ രീതിയില്‍ അതിനെതിരെ പ്രതികരിച്ചതില്‍ ഞങ്ങളുടെ സന്തോഷം അറിയിക്കുന്നു. അങ്കിളിന്റെ ഈ പോസ്റ്റ് ഞാന്‍ ഷെയര്‍ ചെയ്തുകൊള്ളട്ടെ'' എന്നുമാണ് ഉമ ജയലക്ഷ്മി പറഞ്ഞത്.
മധുവിനെ അടുത്ത ബന്ധുക്കളും വേണ്ടപ്പെട്ടവരും ശ്രദ്ധിക്കുന്നില്ലെന്ന ധ്വനിയുള്ളതായിരുന്നു വേണുഗോപാലിന്റെ കുറിപ്പെന്നായിരുന്നു വിമര്‍ശം. വേണു ഗോപാലിനെ പോലുള്ളവര്‍ നിജസ്ഥിതിയറിയാതെ അപവാദം പറഞ്ഞ് പരത്തരുതെന്നാണ് ശ്രീകുമാരന്‍ തമ്പി പറഞ്ഞത്. മധു സിനിമയ്ക്ക് വേണ്ടി സ്വത്തുകളെല്ലാം വിറ്റു തുലച്ചുവെന്ന് വേണു ഗോപാല്‍ പറഞ്ഞത് അസത്യമാണെന്നും സിനിമയ്ക്ക് വേണ്ടി ഒരു സെന്റ് ഭൂമി പോലും അദ്ദേഹം നഷ്ടപ്പെടുത്തിയിട്ടില്ലെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
വിമര്‍ശനത്തിന് പിന്നാലെ വേണുഗോപാല്‍ തന്റെ തെറ്റ് സമ്മതിക്കുകയും പോസ്റ്റില്‍ തിരുത്തലുകള്‍ വരുത്തുകയും ചെയ്തു. ''അഭിവന്ദ്യനായ നടന്‍ മധുസാറിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഇന്നലെ ഞാന്‍ എന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ എഴുതിയ ചില പരാമര്‍ശങ്ങള്‍ തെറ്റായിരുന്നുവെന്ന് ആദരണീയനും ഗുരു സ്ഥാനീയനുമായ ശ്രീകുമാരന്‍ തമ്പി സാര്‍ ചൂണ്ടിക്കാട്ടിയതിനെ മാനിച്ചുകൊണ്ട് എന്റെ ഫേസ്ബുക് പോസ്റ്റില്‍ തിരുത്തലുകള്‍ വരുത്തിയിട്ടുണ്ട്' എന്നാണ് ശ്രീകുമാര്‍ തമ്പിയ്ക്ക് വേണുഗോപാല്‍ നല്‍കിയ മറുപടി.
'വളരെ ഉദ്ദേശശുദ്ധിയോടെ ഇട്ട പോസ്റ്റായിരുന്നു എങ്കിലും അതില്‍ മധുസാറിനോ കുടുംബത്തിനോ തമ്പിസാറിനോ മറ്റാര്‍ക്കെങ്കിലുമോ വിഷമം ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു' എന്നും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates