മഹേശ്വറിന്റെ മാത്രമല്ല, മലയാളികളുടെ സ്വന്തം അലീന; ജയ പ്രദയുടെ മലയാള സിനിമകൾ

കാലമെത്രക്കഴിഞ്ഞാലും മലയാളികൾക്ക് ജയ പ്രദയെ ഓർത്തിരിക്കാൻ ദേവദൂതൻ എന്നൊരറ്റ ചിത്രം മാത്രം മതി.
Jaya Prada
ജയ പ്രദ

‌‌ഒരുകാലത്ത് ബോളിവുഡിലെ ഏറ്റവും സുന്ദരിയായ നായികയെന്ന വിശേഷണം നടി ജയ പ്രദയ്ക്ക് സ്വന്തമായിരുന്നു. ജയ പ്ര​ദയോളം സൗന്ദര്യമുള്ള നായികമാരാരും അക്കാലത്ത് ബോളിവുഡിലെന്നല്ല ഇന്ത്യൻ സിനിമയിൽ തന്നെ ഉണ്ടായിരുന്നില്ല എന്ന് വേണം പറയാൻ. ബോളിവുഡിന് സൗന്ദര്യ റാണിയാണെങ്കിൽ മലയാളികൾക്ക് ജയ പ്രദയെന്നാൽ അലീനയാണ്. കളങ്കമില്ലാത്ത തന്റെ പ്രണയവുമായി പൂച്ചക്കണ്ണുകളുള്ള മഹേശ്വറിനെ കാത്തിരിക്കുന്ന അലീന. ചിത്രത്തിലെ മോഹൻലാലിന്റെ കഥാപാത്രമായ വിശാൽ കൃഷ്ണമൂർത്തി അലീനയോട് പറയുന്ന ഒരു ഡയലോ​ഗുണ്ട്, എത്ര മനോഹരമായാണ് നിങ്ങൾ ഒരാളെ സ്നേഹിക്കുന്നത്... അതെ കാലമെത്രക്കഴിഞ്ഞാലും മലയാളികൾക്ക് ജയ പ്രദയെ ഓർത്തിരിക്കാൻ ദേവദൂതൻ എന്നൊരറ്റ ചിത്രം മാത്രം മതി. മലയാളത്തിൽ ജയ പ്ര​​ദ ചെയ്ത മറ്റു സിനിമകളെക്കൂടി ഓർത്തെടുത്താലോ...

1. ദേവദൂതൻ

Devadoothan
ദേവദൂതൻ

സിബി മലയിൽ സംവിധാനം ചെയ്ത 2000 ത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് ദേവദൂതൻ. ചിത്രത്തിലെ ഓരോ ഡയലോ​​ഗുകളും മലയാളികൾക്ക് ഇന്നും കാണാപാഠമാണ്. 24 വർഷങ്ങൾക്ക് ശേഷം ജൂലൈ 26 ന് ചിത്രം തിയറ്ററുകളിൽ റീ റിലീസ് ചെയ്തിരുന്നു. മോഹൻലാൽ, മുരളി, ജനാർദ്ദനൻ, ജയപ്രദ, വിനീത് കുമാർ എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തിയത്. ആഞ്ജലീന ഇഗ്നേഷ്യസ് (അലീന) എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ജയപ്രദ അവതരിപ്പിച്ചത്. രഘുനാഥ് പാലേരി രചനയൊരുക്കിയ ചിത്രത്തിന് സം​ഗീതം പകർന്നത് വിദ്യാസാ​ഗർ ആണ്. സന്തോഷ് ഡി തുണ്ടിയിലാണ് ഛായാ​ഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

2. പ്രണയം

Pranayam
പ്രണയം

2011 ൽ ബ്ലെസി സംവിധാനം ചെയ്ത ചിത്രമായിരുന്നു പ്രണയം. ജയ പ്രദയ്ക്കൊപ്പം മോഹൻലാലും അനുപം ഖേറും പ്രധാന വേഷത്തിലെത്തി. അനൂപ് മേനോനും ചിത്രത്തിൽ ഒരു കഥാപാത്രമായെത്തിയിരുന്നു. ​ഗ്രേസ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ജയപ്രദയെത്തിയത്.

3. ഇനിയും കഥ തുടരും

Iniyum Kadha Thudarum
ഇനിയും കഥ തുടരും

1985 ൽ ജോഷി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇനിയും കഥ തുടരും. മമ്മൂട്ടിയായിരുന്നു ചിത്രത്തിൽ നായകനായെത്തിയത്. ആനന്ദക്കുട്ടനായിരുന്നു ചിത്രത്തിന്റെ ഛായാ​ഗ്രഹണം നിർവഹിച്ചത്. നിമ്മി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ജയപ്രദയെത്തിയത്.

4. ഈ സ്നേ​ഹ തീരത്ത്

Ee Snehatheerathu
ഈ സ്നേ​ഹ തീരത്ത്

കവിയൂർ ശിവപ്രസാദ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. കുഞ്ചാക്കോ ബോബൻ, നെടുമുടി വേണു, ഉമ ശങ്കരി, ലാൽ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. ചിത്രത്തിൽ ലക്ഷ്മി എന്ന കഥാപാത്രത്തെയാണ് ജയപ്രദ അവതരിപ്പിച്ചത്.

5. കിണർ

Kinar
കിണർ

എം. എ നിഷാദ് സംവിധാനം ചെയ്ത ചിത്രമായിരുന്നു കിണർ. ശക്തയായ ഒരു സ്ത്രീ കഥാപാത്രമായാണ് ചിത്രത്തിൽ ജയ പ്രദയെത്തിയത്. ഇന്ദിരയെന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. സമകാലിക പ്രസക്തിയുള്ള ഒരു വിഷയമാണ് ചിത്രം കൈകാര്യം ചെയ്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com