Kuberaa
കുബേരഫെയ്സ്ബുക്ക്

എന്റെ ധനുഷേ, എന്നാ ഒരു പെർഫോമൻസാ! 'കുബേര' റിവ്യു | Kuberaa Review

ഭരണകൂടത്തെയും സിസ്റ്റത്തെയുമൊക്കെ പരിഹസിച്ചു കൊണ്ട് തന്നെയാണ് ആ​ദ്യം മുതലുള്ള സിനിമയുടെ പോക്ക്.
Published on
പെർഫോമൻസിന്റെ പീക്ക് ലെവലിൽ ധനുഷ് കുബേര റിവ്യു(2.5 / 5)

മിഴിലെ പ്രോമിസിങ് ആക്ടർമാരിലൊരാളാണ് ധനുഷ്. അതുകൊണ്ട് തന്നെ ഒരു ധനുഷ് ചിത്രം വരുന്നു എന്ന് കേൾക്കുമ്പോഴേ സിനിമാ പ്രേക്ഷകർ ഒരുപാട് പ്രതീക്ഷിക്കും. അത്തരം പ്രതീക്ഷകളുടെ കൊടുമുടിയിലെത്തിയ ചിത്രമാണ് കുബേര. ചിത്രത്തിന്റെ ട്രെയ്‌ലറും പ്രേക്ഷകരുടെ പ്രതീക്ഷകൾക്ക് ആക്കം കൂട്ടി എന്ന് വേണം പറയാൻ. എന്തായാലും കാത്തിരിപ്പുകൾക്കും പ്രതീക്ഷകൾക്കുമൊക്കെ ഒടുവിൽ ചിത്രം തിയറ്ററുകളിലെത്തിയിരിക്കുകയാണ്. ധനുഷിന്റെ ഡൗൺ ടു എർത്ത് പെർഫോമൻസ് തന്നെയാണ് കുബേരയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. ‌

ദീപക് (നാ​ഗാർജുന) എന്ന സിബിഐ ഓഫിസറിൽ നിന്നാണ് കുബേരയുടെ കഥ തുടങ്ങുന്നത്. ജയിലിൽ കഴിയുന്ന ദീപകിനെ നീരജ് മിത്ര (ജിം സർഭ്) എന്ന ബിസിനസ് മാ​ഗ്നറ്റ് പുറത്തിറക്കുകയും കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള ഒരു ദൗത്യം ഏൽപ്പിക്കുകയും ചെയ്യുന്നു. ഇതിനായി ദീപക് വിവിധയിടങ്ങളിൽ നിന്ന് നാലു ഭിക്ഷാടകരെ കൂടെ കൂട്ടുന്നു. സ്വന്തമായി അഡ്രസോ നാടോ വീടോ ഒന്നുമറിയാത്ത ഇവർ ദീപക്കിനൊപ്പം ചേരുന്നതും പിന്നീ‌ട് ഇവർക്കിടയിൽ സംഭവിക്കുന്ന കാര്യങ്ങളെ ചുറ്റിപ്പറ്റിയുമാണ് കുബേര സഞ്ചരിക്കുന്നത്.

ഭരണകൂടത്തെയും സിസ്റ്റത്തെയുമൊക്കെ പരിഹസിച്ചു കൊണ്ട് തന്നെയാണ് ആ​ദ്യം മുതലുള്ള സിനിമയുടെ പോക്ക്. എന്തെക്കെയോ പറഞ്ഞു വയ്ക്കാനുള്ള സംവിധായകൻ ശേഖർ കമ്മുലയുടെ ഒരു ശ്രമമായി മാത്രമേ ഇതിനെ കാണാൻ കഴിയൂ. ചില സ്ഥലങ്ങളിലൊക്കെ ഇത്തരം പരാമർശങ്ങൾ കല്ലുകടിയായി തന്നെ ഫീൽ ചെയ്തു. ചിത്രത്തിന്റെ സംവിധാനത്തിനൊപ്പം കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നതും ശേഖർ കമ്മുലയാണ്. നീട്ടി പരത്തിയ തിരക്കഥ അതുപോലെ തന്നെ സിനിമയിലും കാണാം.

മൂന്നര മണിക്കൂറോളം ദൈർഘ്യമുണ്ട് സിനിമയ്ക്ക്. കഥയും കഥാസന്ദർഭങ്ങളുമൊക്കെ ഒരുപരിധി വരെ പ്രേക്ഷകന് ഊഹിച്ചെടുക്കാനും കഴിയും. കഥയിലുള്ള പോരായ്മകളൊക്കെ ഒരുപരിധി വരെ മേക്കിങ്ങിലൂടെ നികത്താൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ അത് പൂർണമായും വിജയിച്ചോ എന്ന് ചോദിച്ചാൽ ഇല്ലാ എന്ന് തന്നെ പറയേണ്ടി വരും. രശ്മികയും ധനുഷും തമ്മിലുള്ള ചില രം​ഗങ്ങളൊക്കെ ഒഴിവാക്കിയാൽ തന്നെ സിനിമയുടെ ദൈർഘ്യം കുറച്ച് കുറയ്ക്കാമായിരുന്നു.‌‌

സിനിമയിലേക്ക് വന്നാൽ ആദ്യ പകുതി തന്നെയാണ് മികച്ചതായി അനുഭവപ്പെട്ടത്. രണ്ടാം പകുതിയിലേറെയും ഇമോഷണൽ രം​ഗങ്ങളാണ് കൂ‌ടുതലും. ക്ലൈമാക്സിലേക്ക് വരുമ്പോൾ ഓവർ ഇമോഷനും, ഉപദേശവുമൊക്കെയായി ആകെ വേറൊരു മൂഡിലേക്ക് തിരിയുന്നുണ്ട് സിനിമ. അതുവരെ സിനിമ കൊണ്ടുനിർത്തുന്ന ബിൽഡ്അപ്പിലേക്ക് ക്ലൈമാക്സ് എത്തിയില്ല എന്നാണ് അനുഭവപ്പെട്ടത്. തീർത്തും ദുർബലമായാണ് ക്ലൈമാക്സ് രം​ഗങ്ങൾ ചെയ്തിരിക്കുന്നത്. അവസാന ഭാ​ഗങ്ങളൊക്കെ കുറച്ചു കൂടി നന്നാക്കിയിരുന്നെങ്കിൽ ഒരുപക്ഷേ സിനിമയുടെ ലെവൽ തന്നെ മാറിയേനെ.

ധനുഷിന്റെ ഗംഭീര പെർഫോമൻസ് തന്നെയാണ് പ്രേക്ഷകനെ ആദ്യാവസാനം വരെ തിയറ്ററിൽ ഇരുത്തുന്നത്. ഇത്രയും നാച്ചുറലായി ഇമോഷണൽ രം​ഗങ്ങളൊക്കെ കൈകാര്യം ചെയ്യാൻ തമിഴ് സിനിമയിൽ ധനുഷിനോളം പോന്ന മറ്റൊരു നടനുണ്ടോ എന്ന് സംശയമാണ്. കഥ പ്രേക്ഷകനെ ബോറടിപ്പിച്ചു തുടങ്ങുമ്പോൾ ആ രം​ഗങ്ങളൊക്കെ പെർഫോമൻസ് കൊണ്ട് പീക്ക് ലെവലിൽ എത്തിക്കുന്നുണ്ട് ധനുഷ്.

ഒരിക്കൽ പോലും താൻ അനുഭവിക്കാത്ത ഒരു ജീവിതം അത്രത്തോളം ഇന്റെൻസ് ആയാണ് ധനുഷ് കാമറയ്ക്ക് മുന്നിൽ എത്തിച്ചത്. നാ​ഗാർജുനയുടെ സ്ക്രീൻപ്രെസൻസും സ്വാ​ഗുമൊക്കെ ചിത്രത്തിന് മറ്റൊരു മുതൽകൂട്ടായി. മുൻപിറങ്ങിയ ചിത്രങ്ങളിലേതു പോലെ അധികം വെറുപ്പിക്കൽ നടി രശ്മികയുടെ ഭാ​ഗത്തു നിന്നും ഉണ്ടായിട്ടില്ല. വില്ലനായെത്തിയ ജിം സർഭ് ആണ് ധനുഷിനൊപ്പം പിടിച്ചു നിന്ന മറ്റൊരു കഥാപാത്രം. രണ്ടാം പകുതിയിലെ ജിം സർഭിന്റെ പെർഫോമൻസും മികച്ചൊരു അനുഭവം തന്നെയായിരുന്നു.‌‌

ടെക്നിക്കൽ സൈഡിലും ചിത്രം മികച്ചതായി തന്നെ നിന്നു. ദേവി ശ്രീ പ്രസാദ് ആണ് ചിത്രത്തിന് സം​ഗീതമൊരുക്കിയിരിക്കുന്നത്. ‌‌ദേവി ശ്രീ പ്രസാദിന്റെ പശ്ചാത്തല സം​ഗീതവും മികച്ചതായി അനുഭവപ്പെട്ടില്ല. കഥയ്ക്കൊ കഥാ​ഗതിക്കൊപ്പമോ ചേർന്നു നിൽക്കാൻ ദേവി ശ്രീ പ്രസാദിനും പലയിടങ്ങളിൽ കഴിഞ്ഞിട്ടില്ല. നികേത് ബൊമ്മിറെഡ്ഡിയുടെ ഛായാ​ഗ്രഹണവും കൈയടി അർഹിക്കുന്നതാണ്.

സുനില്‍ നാരംഗ്, പുസ്‌കര്‍ റാം മോഹന്‍ റാവു എന്നിവര്‍ ചേര്‍ന്ന് ശ്രീ വെങ്കടേശ്വര സിനിമാസ് എല്‍എല്‍പി, അമിഗോസ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ദരിദ്രനായും പണക്കാരനായുമൊക്കെയുള്ള ചിത്രത്തിലെ ധനുഷിന്റെ പകർന്നാട്ടം കണ്ടിരിക്കാനും രസമാണ്. ധനുഷ് സിനിമകൾ കാണാനും അദ്ദേഹത്തിന്റെ പെർഫോമൻസ് കാണാനും ഇഷ്ടമുള്ളവർക്ക് തീർച്ചയായും കുബേര കണ്ടിരിക്കാം.

Summary

Dhanush and Nagarjuna starrer Kuberaa movie released in theatres.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com