Raayan
രായൻഫെയ്സ്ബുക്ക്

ഇത് അണ്ണൻ-തമ്പി കഥയല്ല! തങ്കച്ചി ക‌ഥ; ആക്ഷനിൽ നിറഞ്ഞാടി രായൻ

മേക്കിങ്ങിലാണ് രായൻ സ്കോർ ചെയ്യുന്നത്. കഥാപാത്ര സൃഷ്ടിയും അത് അവതരിപ്പിച്ചിരിക്കുന്ന രീതിയും എടുത്ത് പറയേണ്ടതാണ്.
Published on
മാസ് ആക്ഷനിൽ നിറഞ്ഞാടി ധനുഷ്(3.5 / 5)

കഥ, സംവിധാനം ബൈ ധനുഷ്, രായൻ എന്ന സിനിമയുടെ ഐഡന്റിറ്റി തന്നെ ഇതാണ്. തന്റെ 50-ാമത്തെ ചിത്രത്തിൽ പ്രേക്ഷകരെ ധനുഷ് വലിയ തോതിൽ നിരാശപ്പെടുത്തിയില്ലെന്ന് പറയാം. കാത്തവരായൻ, മുത്തുവേൽ രായൻ, മാണിക്യരായൻ, ദുർ​ഗ എന്നീ സഹോദരങ്ങളുടെ ജീവിതത്തെ മുൻ നിർത്തിയാണ് രായൻ മുന്നോട്ട് പോകുന്നത്. വളരെ ചെറുപ്പത്തിൽ തന്നെ സഹോദരങ്ങൾക്ക് വേണ്ടി വലിയൊരു ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ് രായൻ.

രായന്റെ മുഖത്ത് ചിരിയില്ല, അയാൾ ചിരിക്കുന്നത് തന്നെ വളരെ അപൂർവമായേ പ്രേക്ഷകന് കാണാനാവുകയുള്ളൂ. തന്റെ അനിയൻമാരും അനിയത്തിയുമാണ് രായന് എല്ലാം, അയാളുടെ ജീവിതം തന്നെ അവർക്കു വേണ്ടിയാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ രായന്റെയും സഹോദരങ്ങളുടെയും ഇടയിലേക്ക് ചില അനിഷ്ട സംഭവങ്ങളും, ചില മുഖങ്ങളും കടന്നു വരുന്നതോടെ കഥ മാറുകയാണ്. അതുവരെ കണ്ടതു പോലെയല്ല പിന്നീടുള്ള കാഴ്ചകൾ. ഒരു പക്കാ ​​ഗ്യാങ്സ്റ്റർ റിവഞ്ച് സ്റ്റോറിയായി തന്നെയാണ് രായൻ കടന്നു വരുന്നത്.

രായന്റെയും സഹോദരങ്ങളുടെയും പശ്ചാത്തലം പറഞ്ഞു കൊണ്ടാണ് സിനിമ തുടങ്ങുന്നത്. സിനിമയുടെ തുടക്കത്തിലുള്ള ബാക്ക് ​ഗ്രൗണ്ട് സീനുകൾ വലിച്ചു നീട്ടിയാണ് ധനുഷ് അവതരിപ്പിച്ചിരിക്കുന്നത്. തിരക്കഥയിലുള്ള ചെറിയ പാക പിഴകൾ ആദ്യ പകുതിയിൽ പ്രേക്ഷകനെ ചെറിയ രീതിയിൽ ബാധിക്കുന്നുണ്ട്. എന്നാൽ ചിലയിടങ്ങളിൽ വളരെ മികച്ച രീതിയിൽ സ്കോർ ചെയ്യാനും ധനുഷിനായി.

അണ്ണൻ- തമ്പി- തങ്കച്ചി പാസവും ഇന്റർവെൽ പഞ്ചുമൊക്കെ പ്രേക്ഷക മനസിൽ തങ്ങുന്ന വിധത്തിൽ തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ‌അടുത്ത സീനിൽ ഇതാണ് സംഭവിക്കാൻ പോകുന്നത് പ്രേക്ഷകന് ഊഹിക്കാമെങ്കിലും ചില എലമെന്റ്സിലൂടെ പ്രേക്ഷകനെ മാറി ചിന്തിപ്പിക്കാനും ധനുഷ് എന്ന സംവിധായകനും എഴുത്തുകാരനുമായി. മേക്കിങ്ങിലാണ് രായൻ സ്കോർ ചെയ്യുന്നത്.

കഥാപാത്ര സൃഷ്ടിയും അത് അവതരിപ്പിച്ചിരിക്കുന്ന രീതിയും എടുത്ത് പറയേണ്ടതാണ്. തുടക്കത്തിൽ തന്നെ രായൻ എന്ന കഥാപാത്രം എങ്ങനെയാണെന്നത് പ്രേക്ഷകന് പിടികിട്ടും. റഫ് ആൻഡ് ടഫ് ആയ രായന്റെ സ്ക്രീൻ പ്രെസൻസും പ്രേക്ഷകരിൽ ആവേശം നിറയ്ക്കുന്നതാണ്. എസ്.ജെ സൂര്യ, ദുഷാര വിജയൻ, സെൽവ രാഘവൻ, സുൻദീപ് കിഷൻ, കാളിദാസ് ജയറാം, പ്രകാശ് രാജ്, അപർണ ബാലമുരളി, വരലക്ഷ്മി ശരത്‌കുമാർ തുടങ്ങിയവരുടെ പെർഫോമൻസ് തന്നെയാണ് സിനിമയുടെ നട്ടെല്ല്.

മുത്തു, മാണിക്യൻ, ദുർ​ഗ എന്നിവരുടെ ക്യാരക്ടർ ഡവല്പമെന്റും ത്രില്ലടിപ്പിക്കുന്നതാണ്. സേതു എന്ന ​ഗ്യാങ്സ്റ്റർ ലീഡറായാണ് എസ്.ജെ സൂര്യ ചിത്രത്തിലെത്തുന്നത്. രായനും ദുർ​ഗയും മുത്തുവും മാണിക്യവും കളത്തിൽ നിറയുന്നത് തന്നെ സേതുവിന്റെ പ്രെസൻസു കൊണ്ടാണ്. രായനും സേതുവും തമ്മിലുള്ള കണ്ടുമുട്ടൽ രം​ഗവും പഞ്ച് ഡയലോ​ഗുമെല്ലാം കൈയ്യടി നേടി. ആക്ഷൻ സീനുകളിലും ദുഷാര മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ക്ലൈമാക്സ് രം​ഗത്തിലെ ആക്ഷൻ രം​ഗവും ത്രസിപ്പിക്കുന്നതാണ്.

അതിലേക്ക് കഥാപാത്രങ്ങളെ കൊണ്ടുവന്ന രീതിയും അഭിനന്ദനാർഹമാണ്. എന്നാൽ സേതുവും രായനും തമ്മിലുള്ള പ്രശ്നം എന്താണെന്ന് ശരിക്കും പറഞ്ഞു വയ്ക്കാൻ ധനുഷ് എന്ന എഴുത്തുകാരനോ സംവിധായകനോ ആയില്ല എന്നു വേണം പറയാൻ. ഒരുപാട് ചോദ്യങ്ങളും സംശയങ്ങളും സിനിമ കഴിഞ്ഞാലും ഈ രണ്ടു കഥാപാത്രങ്ങളെ ചുറ്റിപ്പറ്റി പ്രേക്ഷക മനസിൽ നിറഞ്ഞു നിൽക്കും.

ചിത്രത്തിൽ എടുത്ത് പറയേണ്ട ഏറ്റവും പ്രധാനപ്പെട്ട ഘടകം സം​ഗീതവും പശ്ചാത്തല സം​ഗീതവും തന്നെയാണ്. എ ആർ റഹ്മാന്റെ പശ്ചാത്തല സം​ഗീതം ഒരു കഥാപാത്രമായി തന്നെ ആദ്യാവസാനം വരെ രായനൊപ്പം നിറഞ്ഞു നിന്നു. ആദ്യം മുതൽ അവസാനം വരെ ഒരു ഡാർക്ക് ഷെയ്ഡിലാണ് രായൻ സഞ്ചരിക്കുന്നത്. സം​ഗീതത്തിനൊപ്പം തന്നെ സിനിമയുടെ കഥയോട് ചേർന്ന് നിന്നു വിഷ്വൽസും. ക്ലോസപ്പ് ഷോട്ടുകളിലൊക്കെ ഛാ​യാ​ഗ്രഹകൻ ഓം പ്രകാശ് അതീവ ശ്രദ്ധ പുലർത്തിയിട്ടുണ്ട്.

പ്രസന്ന ജികെയുടെ എഡിറ്റിങ്ങും എടുത്ത് പറയേണ്ടതാണ്. രായന്റെയും ദുർ​ഗയുടെയും തുടർന്നുള്ള ജീവിതം ധനുഷ് പ്രേക്ഷകന് വിട്ടു നൽകിയിരിക്കുകയാണ്. ചെറിയ പാകപ്പിഴകളും കല്ലുകടികളുമൊക്കെ മാറ്റി നിർത്തിയാൽ മികച്ച ഒരു തിയറ്റർ എക്സ്പീരിയൻസ് തന്നെയാണ് രായൻ. ആക്ഷൻ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ചിത്രം കണ്ടിരിക്കാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com