

തിരക്കുകളോടൊക്കെ വിടപറഞ്ഞ് സമാധാനത്തോടെ നമുക്ക് ഇഷ്ടമുള്ള കാര്യങ്ങളൊക്കെ ചെയ്ത് ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മളിൽ പലരും. ഇതിഹാസ താരം, നമ്മുടെ പ്രിയപ്പെട്ട ഹീ മാൻ, ധർമേന്ദ്രയും അത്തരമൊരു ജീവിതമായിരുന്നു തിരഞ്ഞെടുത്തത്. സിനിമയുടെ ഗ്ലാമർ ലോകമെല്ലാം വിട്ട് മുംബൈയിലെ ലോണാവാലയിലെ തന്റെ പ്രിയപ്പെട്ട 100 ഏക്കറോളം വരുന്ന ഫാം ഹൗസിലാണ് അദ്ദേഹം തന്റെ വലിയ സന്തോഷം കണ്ടെത്തിയത്.
കോവിഡ് കാലത്ത്, ലോകം മുഴുവൻ വീടുകൾക്കുള്ളിൽ ഒതുങ്ങിപ്പോയപ്പോൾ, ധർമേന്ദ്ര തന്റെ ഗ്രാമീണ ജീവിതത്തിലേക്കുള്ള ജാലകമാണ് തുറന്നത്. പലപ്പോഴും തന്റെ ഫാം ഹൗസിൽ നിന്നുള്ള വിഡിയോകൾ അദ്ദേഹം ആരാധകരുമായി പങ്കുവച്ചു. സ്ക്രീനിൽ തിളങ്ങി നിന്നിരുന്ന ഒരു സൂപ്പർ സ്റ്റാറിനെയല്ല നമ്മൾ ഈ വിഡിയോകളിലൊന്നും കണ്ടത്.
മറിച്ച് ഏറ്റവും ചെറിയ കാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്തുന്ന ഒരു സംതൃപ്തനായ മനുഷ്യനെയാണ്. വയലുകൾ പരിപാലിച്ചും കന്നുകാലികളെ മേച്ചും പച്ചക്കറി വിളവെടുക്കുകയും തന്റെ ജോലിക്കാർക്കൊപ്പം ആനന്ദം കണ്ടെത്തുകയുമൊക്കെ ചെയ്യുന്ന ധർമേന്ദ്രയെ ആണ് നമ്മൾ പിന്നീട് കണ്ടത്.
ഇടതൂർന്ന പച്ചപ്പിനിടയിലാണ് ഗ്രാമീണ ശൈലിയിൽ നിർമിച്ച ഈ ഫാം ഹൗസ് സ്ഥിതി ചെയ്യുന്നത്. ആദ്യ ഭാര്യ പ്രകാശ് കൗറിനൊപ്പമാണ് ധർമേന്ദ്ര അവിടെ താമസിച്ചിരുന്നത്. "പപ്പ അവിടെ ഒരു പറുദീസ സൃഷ്ടിച്ചിരിക്കുന്നു.”- എന്നാണ് ധർമേന്ദ്രയുടെ മകൻ ബോബി ഡിയോൾ ഒരിക്കൽ പറഞ്ഞത്.
അകത്തളങ്ങൾ നിറയെ തടി കൊണ്ടുള്ള ഫർണിച്ചറുകൾ, സോഫകൾ, മനോഹരമായ ലൈറ്റിങ് എന്നിവ കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്. ശാന്തമായ ഒരു തടാകം, സമൃദ്ധമായ കൃഷിയിടങ്ങൾ, മൃഗപരിപാലനം എന്നിവ ഇവിടെയുണ്ട്. കൂടാതെ, നടൻ അക്വാ തെറാപ്പി ചെയ്യുന്നതിനായി ഒരു ഹീറ്റഡ് ഔട്ട്ഡോർ സ്വിമ്മിങ് പൂളും ഫാമിൽ സജ്ജീകരിച്ചിട്ടുണ്ട്.
മരങ്ങളാൽ ചുറ്റപ്പെട്ടതിനാൽ ഫാം വളരെ ശാന്തവും താരത്തിന് പൂർണമായ സ്വകാര്യത ഉറപ്പാക്കുന്നതുമാണ്. സമീപത്തെ മലനിരകളിൽ നിന്നുള്ള ശുദ്ധവായുവും ശാന്തതയും ആസ്വദിച്ച് അദ്ദേഹം ഇവിടെ യോഗ പരിശീലിക്കുകയും, നടക്കാൻ പോകുകയും, കൃഷി ചെയ്യുകയും ചെയ്തിരുന്നു.
കോവിഡ് കാലത്ത് അദ്ദേഹം തന്റെ ആരാധകർക്കായി പങ്കുവച്ച വിഡിയോയിൽ പറഞ്ഞതിങ്ങനെയാണ്, "ഞാൻ സ്വയം ഉഴുതുമറിക്കാറുണ്ട്. അതാണ് എന്നെ ഇത്രയും ഫിറ്റായി നിലനിർത്തുന്നത്". കൃഷി ശരിക്കും അദ്ദേഹത്തിന് ഒരു വിനോദം മാത്രമായിരുന്നില്ല. അതൊരു തെറാപ്പിയും അച്ചടക്കവും തന്നിലേക്ക് തന്നെയുള്ള ഒരു തിരിച്ചുവരവ് കൂടിയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates