

മോൺസ്റ്റർ എന്ന ചിത്രത്തിലൂടെ മലയാളികൾക്കിടയിലും സുപരിചിതയാണ് നടി ലക്ഷ്മി മഞ്ചു. കഴിഞ്ഞ ദിവസം തന്റെ പുതിയ ചിത്രമായ ദക്ഷ: എ ഡെഡ്‌ലി കോൺസ്‌പറസിയുടെ പ്രൊമോഷനിടെ ലക്ഷ്മി നടത്തിയ പരാമർശം സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണിപ്പോൾ. ടോളിവുഡിലെ ഒരു സൂപ്പർ സ്റ്റാറിന്റെ മുൻ ഭാര്യയ്ക്ക് വിവാഹമോചനത്തോടെ അവസരങ്ങൾ നിഷേധിക്കപ്പെട്ടതിനെക്കുറിച്ചാണ് ലക്ഷ്മി മഞ്ചു പറഞ്ഞത്.
ഇതിന് പിന്നാലെയാണ് ലക്ഷ്മി ഉദ്ദേശിച്ചത് നടി സാമന്തയെ ആണെന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. "ഇപ്പോഴും അഭിനയ മേഖലയിലുള്ള ഒരു സൂപ്പർ താരത്തിന്റെ ഭാര്യയെ എനിക്കറിയാം. വിവാഹമോചന ശേഷം അവൾക്ക് വാഗ്ദാനം നൽകിയിരുന്ന സിനിമകളിൽ നിന്നുപോലും അവരെ ഒഴിവാക്കി. മുൻ ഭർത്താവിന് ഇഷ്ടമാകാതിരുന്നാലോ എന്നോർത്താണത്.
നല്ല സിനിമകൾ ചെയ്യാനായി അവൾ കാത്തിരിക്കുകയാണ്. ഒരു പുരുഷന് ഒരിക്കലും അത്തരത്തിലൊന്ന് നേരിടേണ്ടി വരില്ല. അയാളുടെ ജീവിതം ഒരിക്കലും മാറില്ല. പക്ഷേ ഒരു സ്ത്രീക്ക് ഒരുപാട് ഉത്തരവാദിത്വങ്ങൾ വരുന്നു. ആരും അവൾക്ക് സ്വാതന്ത്ര്യം നൽകില്ല".- ലക്ഷ്മി പറഞ്ഞു.
നടി ഇത് പറഞ്ഞതിന് പിന്നാലെയാണ് ഉദ്ദേശിച്ചത് സാമന്തയെ ആണോ എന്ന് അവതാരക ചോദിച്ചത്. ഇത് നിഷേധിച്ച ലക്ഷ്മി ഒരു സൂപ്പർ സ്റ്റാർ മാത്രമല്ല ഉള്ളതെന്നും നിലവിൽ അഞ്ചാറ് സൂപ്പർ താരങ്ങൾ വിവാഹമോചിതരാണെന്നും പറഞ്ഞു. അവരെല്ലാവരുമായും തനിക്ക് അടുത്ത ബന്ധമുണ്ടെന്നും പുരുഷന്മാരേക്കാൾ സ്ത്രീകൾ നേരിടുന്ന വിലക്കുകൾ തിരിച്ചറിയാനാണ് ഇത്തരത്തിൽ പറഞ്ഞതെന്നും ലക്ഷ്മി പറഞ്ഞു.
"ഒരു പുരുഷന് ജീവിതം എപ്പോഴും ഒരുപോലെയായിരിക്കും. പക്ഷേ ഒരു സ്ത്രീക്ക് വിവാഹിതയാകുന്നതോടെ കുട്ടികളും ഭർതൃകുടുംബവും മറ്റ് ഉത്തരവാദിത്വങ്ങളുമൊക്കെ വന്നുചേരും. ആരും സ്ത്രീകൾക്ക് സ്വാതന്ത്ര്യം നൽകുന്നില്ല". - ലക്ഷ്മി പറഞ്ഞു.
2021 ഒക്ടോബര്‍ രണ്ടിനാണ് സാമന്തയും നാഗചൈതന്യയും തങ്ങള്‍ വേര്‍പിരിയുകയാണെന്ന കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. 2017 ലായിരുന്നു ഇവരുടെ വിവാഹം.
ജീവിതപങ്കാളികള്‍ എന്ന നിലയില്‍ തങ്ങള്‍ വേര്‍പിരിയുകയാണെന്നും ഏതാണ്ട് പത്ത് വര്‍ഷത്തിലധികമായി തമ്മിലുള്ള സൗഹൃദം ഇനിയും നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിവാഹമോചന വാര്‍ത്തയില്‍ സ്ഥിരീകരണം അറിയിച്ച് താരങ്ങള്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. 2024 ൽ നാഗ ചൈതന്യ നടി ശോഭിതയെ വിവാഹം കഴിക്കുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates