

കൊച്ചി: കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓംപ്രകാശിനെ പരിചയമില്ലെന്ന് നടി പ്രയാഗ മാർട്ടിൻ. കുണ്ടന്നൂരിലെ ഹോട്ടലിൽ പോയി ഗുണ്ടാ നേതാവിനെ കണ്ടിട്ടില്ലെന്നും നടി വ്യക്തമാക്കി. സുഹൃത്തുക്കളെ കാണാനാണ് ഹോട്ടലിൽ പോയത് എന്നാണ് നടി പറയുന്നത്.
സുഹൃത്തുക്കളോടൊപ്പം അവരുടെ സുഹൃത്തുക്കളെ സന്ദർശിക്കാനാണ് ഹോട്ടലിൽ പോയത്. അവിടെ ഓംപ്രകാശിനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. പുലർച്ചെ നാലര അഞ്ച് മണിയായി ഹോട്ടലിൽ എത്തിയപ്പോൾ. രാവിലെ വന്ദേഭാരത് ട്രെയിനിൽ കോഴിക്കോട്ടു പോകേണ്ടിയിരുന്നു. അതു കാരണം ഞാൻ സ്വീറ്റ് റൂമിൽ അൽപം വിശ്രമിച്ചോട്ടെ എന്ന് ചോദിച്ചു. അവിടെ നാലഞ്ച് വയസുള്ള കുഞ്ഞ് ഉണ്ടായിരുന്നു. ഏകദേശം രണ്ട് മണിക്കൂർ വിശ്രമിച്ച ശേഷം രാവിലെ ഹോട്ടലിൽ നിന്ന് മടങ്ങി.- ഒരു മാധ്യമത്തോട് പ്രയാഗ പറഞ്ഞു.
ജോലിയിൽ നിന്ന് കുറച്ചുനാളായി ഒരു ഇടവേള എടുത്തിരിക്കുകയാണ്. ഇപ്പോൾ ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുവരികയാണ്. വെജിറ്റേറിയൻ ഭക്ഷണവും യോഗയുമൊക്കെയായി മുന്നോട്ടുപോകുന്നതിനിടയിലാണ് ഇങ്ങനെയൊരു സംഭവം ഉണ്ടായിരിക്കുന്നത്. ഞാൻ ലഹരി വസ്തുക്കൾ ഉപയോഗിക്കാറില്ല. -പ്രയാഗ കൂട്ടിച്ചേർത്തു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ തന്നെ ഇതുവരെ വിളിച്ചിട്ടില്ലെന്നും നടി കൂട്ടിച്ചേർത്തു.
ഓംപ്രകാശ് ഉൾപ്പെട്ട മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് സിനിമാതാരങ്ങളായ പ്രയാഗ മാർട്ടിന്റെയും ശ്രീനാഥ് ഭാസിയുടെയും പേരുകൾ പരാമർശിക്കപ്പെട്ടത്. മയക്കുമരുന്ന് ഇടപാട് നടത്തിയെന്ന സംശയത്തെ തുടർന്ന് എറണാകുളം കുണ്ടന്നൂരിലെ നക്ഷത്രഹോട്ടലിൽ നിന്ന് ഓംപ്രകാശിനെ അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് സിനിമാതാരങ്ങളുടെ പേരുകൾ ഉള്ളത്. ഇവർ ഓംപ്രകാശിനെ ഹോട്ടലിൽ എത്തി സന്ദർശിച്ചെന്നാണ് ആരോപണം. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates