

രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത് തിയറ്ററുകളിലെത്തിയ പുതിയ ചിത്രമാണ് ഒരു ദുരൂഹ സാഹചര്യത്തിൽ കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ചിത്രത്തിൽ നടൻ ദിലീഷ് പോത്തനും പ്രധാന വേഷത്തിലെത്തിയിരുന്നു.
ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഒരു കോളജിലെത്തിയ കുഞ്ചാക്കോ ബോബനെ ട്രോളിയ ദിലീഷ് പോത്തന്റെ വിഡിയോ ആണ് ശ്രദ്ധേയമാകുന്നത്. താൻ 30 കൊല്ലം മുൻപ് കോളജിൽ പഠിക്കുമ്പോഴും അന്ന് കലോത്സവത്തിൽ ഉദ്ഘാടനത്തിന് എത്തിയത് ചാക്കോച്ചൻ ആണെന്ന് തമാശ രൂപേണ പറയുകയാണ് ദിലീഷ് പോത്തൻ.
"ഞാൻ അത്ഭുതപ്പെട്ടു പോയത്. ഞാൻ കോളജിൽ നിന്ന് പഠിച്ച് ഇറങ്ങിയിട്ട് ഏകദേശം 30 വർഷം ആയി. എന്റെ കോളജ് യൂണിയന് കലോത്സവത്തിൽ ഉദ്ഘാടനത്തിന് വന്നത് അന്നത്തെ യുവതാരമായിരുന്ന ചാക്കോച്ചൻ ആയിരുന്നു.
നിങ്ങൾ വീട്ടിൽ ചെന്ന് നിങ്ങളുടെ മാതാപിതാക്കളോട് ചോദിച്ചാൽ അവരുടെ കോളജ് യൂണിയനിലും, വല്യച്ഛനോടും വല്യമ്മയോടും ചോദിച്ചാൽ അവരുടെ കോളജിലും ഉദ്ഘാടത്തിന് വന്നത് മിക്കവാറും ചാക്കോച്ചൻ ആയിരിക്കും".- ദിലീഷ് പോത്തൻ പറഞ്ഞു. ഇത് കേട്ട് ഞെട്ടുന്ന കുഞ്ചാക്കോ ബോബനെയും വിഡിയോയിൽ കാണാം.
തിരുനെല്ലി പഞ്ചായത്തിലെ തോൽപ്പെട്ടിയിലുള്ള ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരനും റേഡിയോയുടെ സ്ഥിരം ശ്രോതാവുമായ 'സേതു' എന്ന കഥാപാത്രമായാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ എത്തുന്നത്. വിഷു റിലീസായി തിയറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ആദ്യ ദിനത്തിൽ തന്നെ ലഭിച്ചത്.
സജിൻ ഗോപു, ചിദംബരം, ജാഫർ ഇടുക്കി, സുധീഷ്, ശരണ്യ രാമചന്ദ്രൻ, പൂജ മോഹൻരാജ്, രാജേഷ് മാധവൻ, ഷാഹി കബീർ, പി പി കുഞ്ഞികൃഷ്ണൻ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ഉദയ പിക്ചേഴ്സിന്റെ ബാനറിൽ കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates