ആ ചിരി 'മൂഡ്' കളഞ്ഞു,  അഭിനയിക്കാതെ സെറ്റിൽ നിന്ന് ഇറങ്ങിപ്പോയി; ദാദാമുനിക്കൊപ്പം ‌കോസ്റ്റ്യൂം ഒളിപ്പിച്ച് തമാശ

ജീവിതത്തിന്റെ അവസാന നാളുകളിൽ സൈറ ഭാനു അദ്ദേഹത്തോടൊപ്പം ബാന്ദ്രയിലൂടെ ഈവനിങ് ഡ്രൈവിന് പോകുമായിരുന്നു. എന്നാൽ ഇതൊന്നും അദ്ദേഹത്തിന്റെ ഓർമകളിലുണ്ടായിരുന്നില്ല
ദിലീപ് കുമാർ/ ട്വിറ്റർ
ദിലീപ് കുമാർ/ ട്വിറ്റർ
Updated on
1 min read

ന്ന് ദിലീപ് കുമാറിന് അഭിനയിക്കേണ്ടിയിരുന്നത് ദുരന്ത രം​ഗമായിരുന്നു. അദ്ദേഹം സെറ്റിലേക്ക് എത്തിയതോടെ എല്ലാവരും ​ഗൗരവത്തിലായി. മരണവീട്ടിൽ എത്തിയതുപോലെ. അതിനിടയിലാണ് ഏതോ ഒരാൾ ഒരു തമാശ പറഞ്ഞത്, അതുകേട്ട് ചിലർ ചിരിക്കുകയും ചെയ്തു. ഇത് ദിലീപ് കുമാർ കണ്ടു. പിന്നീട് അദ്ദേഹം അവിടെ നിന്നില്ല. സന്തോഷകരമായ ഈ ചുറ്റുപാടിൽ ദുഃഖകരമായ രം​ഗത്തിന് തനിക്ക്  നീതിപുലർത്താനാവില്ലെന്ന് ‌വ്യക്തമാക്കി. ഷൂട്ടിങ് ക്യാൻസൽ ചെയ്ത് വീട്ടിലേക്ക് തിരിച്ചുപോയി. 

പ്രമുഖ ബോളിവുഡ് മാധ്യമപ്രവർത്തകൻ ജിവ്രാജ് ബുർമാന്റെ സ്വകാര്യ കുറിപ്പിലാണ് ഇത് പറയുന്നത്. കൂടാതെ താരത്തിന്റെ ജീവിതത്തിലെ പല രസകരമായ സംഭവങ്ങളും ഇഷ്ടങ്ങളുമെല്ലാം ബുർമാൻ തന്റെ ഡയറിൽ കുറിച്ചിട്ടുണ്ട്. തന്റെ വരവോടെ ഷൂട്ടിങ് സെറ്റിന്റെ സ്വഭാവം തന്നെ മാറ്റാനുള്ള കഴിവുള്ള വ്യക്തിയായിരുന്നു ദിലീപ് കുമാർ. ഒരു രം​ഗം പെർഫെക്റ്റാക്കാൻ എത്ര ടേക്ക് പോകാനും ദിലീപ് കുമാർ തയാറാണ്. ഒരു ​ഗ്ലാസ് മദ്യം വലിച്ചെറിയുന്ന രം​ഗം അഭിനയിക്കാൻ അദ്ദേ​ഹം 27 റീടേക്കുകളാണ് എടുത്തത്. പെർഫക്ട് ആണെന്നു തോന്നുന്നതു വരെ അദ്ദേഹം മദ്യം വലിച്ചെറിഞ്ഞുകൊണ്ടിരുന്നു. 

ഒരിക്കൽ തന്റെ ആരാധനാപാത്രങ്ങളിൽ ഒരാളായ ദാദാമുനി അശോക് കുമാറുമായി ചേർന്ന് അദ്ദേഹം ഒരു തമാശ ഒപ്പിച്ചു. ധുനിയ എന്ന ചിത്രത്തിന്റെ സെറ്റിലായിരുന്നു ഇത്. ഒരു കള്ളത്തരം ഒപ്പിച്ച് ഇരുവരും സെറ്റിൽ നിന്ന് മുങ്ങി.  'യൂസുഫ്, അഭിനയിക്കാനുള്ള മൂഡില്ലേ? നമുക്ക് ഇന്ന് ഷൂട്ടിൽ നിന്ന് മുങ്ങാം'- എന്നാണ് അശോക് കുമാർ ദിലീപിനോട് ചോദിക്കുന്നത്. ഇത് കേട്ടതോടെ അശോക് കുമാറും സമ്മതിച്ചു. അങ്ങനെ ഇരുവരും വസ്ത്രാലങ്കാരകനെ വിളിച്ച്, തങ്ങളുടെ കോസ്റ്റ്യൂം ഒളിപ്പിച്ചുവയ്ക്കാൻ ആവശ്യപ്പെട്ടു. ഷൂട്ടിങ് തുടങ്ങിയപ്പോഴാണ് ഇവർക്കുള്ള വസ്ത്രങ്ങളില്ലെന്ന് അറിയുന്നത്. അതോടെ 'കൂൾ' നഷ്ടപ്പെട്ട താരങ്ങൾ സെറ്റിൽ നിന്ന് ഇറങ്ങിപ്പോയി. 

ആരാധകരും സഹപ്രവർത്തകരുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കാൻ ദിലീപ് കുമാർ എന്നും ശ്രദ്ധിച്ചിരുന്നു. ബോളിവുഡ് താരങ്ങളുടേയോ അണിയറപ്രവർത്തകരുടേയോ അവരുടെ ബന്ധുക്കളുടെയോ ആയിക്കോട്ടെ തന്നെ ക്ഷണിക്കുന്ന എല്ലാ ചടങ്ങുകളിലും അദ്ദേഹം സംബന്ധിച്ചിരുന്നു. പൊതുവേദികളിൽ‌ അദ്ദേഹം സംസാരിക്കുന്നത് ആരാധകർക്ക് എന്നും ആവേശമായിരുന്നു. പ്രത്യേകിച്ച് മനോഹരമായ ഉറുദുവിലുള്ള അദ്ദേഹത്തിന്റെ പ്രസം​ഗങ്ങൾ. 

എന്നാൽ ദിലിപ് കുമാറിന് അരോടെങ്കിലും ഇഷ്ടക്കേടു തോന്നിയാൽ ഒരു നോട്ടത്തിലൂടെ അത് വ്യക്തമാക്കും. അത് മനസിലാക്കി കഴിഞ്ഞാൽ അവർ അദ്ദേഹത്തിൽ നിന്ന് അകലം പാലിക്കും. വാക്കുകളിലൂടെയല്ലാതെ നോട്ടത്തിലൂടെ തന്റെ അനിഷ്ടം വ്യക്തമാക്കുന്നതിൽ താരത്തിന് കഴിവുതന്നെയുണ്ടായിരുന്നു എന്നാണ് ബുർമാൻ കുറിക്കുന്നത്. ഇന്ത്യൻ ആർമിയുമായി ദിലീപ് കുമാർ നടത്തിയ നിയമയുദ്ധവും ഏറെ പ്രശസ്തമാണ്. നാസിക്കിൽ അദ്ദേഹത്തിന്റെ പേരിൽ ഭൂമിയുണ്ടായിരുന്നു. എന്നാൽ ഇത് ഇന്ത്യൻസേന കൈവശപ്പെടുത്തിയതോടെയാണ് നിയമപോരാട്ടത്തിലേക്ക് നയിച്ചത്. നീണ്ട നാൾ ദിലീപ് കുമാർ കേസുമായി മുന്നോട്ടുപോയി. 

നല്ല ഭക്ഷണ പ്രിയൻ കൂടിയായിരുന്നു ദിലീപ് കുമാർ. മട്ടൻ ബിരിയാണിയായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം. ജീവിതത്തിന്റെ അവസാന നാളുകളിൽ സൈറ ഭാനു അദ്ദേഹത്തോടൊപ്പം ബാന്ദ്രയിലൂടെ ഈവനിങ് ഡ്രൈവിന് പോകുമായിരുന്നു. എന്നാൽ ഇതൊന്നും അദ്ദേഹത്തിന്റെ ഓർമകളിലുണ്ടായിരുന്നില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com