നടി മേഘ്ന വിൻസെന്റിന്റെയും മുൻഭർത്താവ് ഡോണിന്റെയും വിവാഹമോചനവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ സജീവമാണ്. മേഘ്ന സീരിയൽ ലോകത്ത് തിരക്കിലായെങ്കിലും പഴയകാല കഥകൾ തിരക്കുന്നവരാണ് ഏറെയും. ഡോൺ മറ്റൊരു വിവാഹം കഴിക്കുകയും അടുത്തിടെ ഒരു കുഞ്ഞ് ജനിക്കുകയുമുണ്ടായി. എന്നാലും മേഘ്നയുടെയും ഡോണിന്റെ സഹോദരിയും നടിയുമായ ഡിംപിൾ റോസിന്റെയും യൂട്യൂബ് ചാനലിൽ എല്ലാവർക്കും അറിയേണ്ടത് ഡിവോഴ്സിനെക്കുറിച്ചാണ്. ഒടുവിൽ ഇതേക്കുറിച്ചുള്ള ആരോപണങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ഡിംപിൾ.
തന്റെ യൂട്യൂബ് ചാനലിനായി ഒരുക്കിയ ക്യൂ ആൻഡ് എ സെഷനിലാണ് മേഘ്ന-ഡോൺ വിഷയം ഡിംപിൾ സംസാരിച്ചത്. "ഓടിച്ചതാണ്, അടിച്ചോടിച്ചതാണോ, ഓടിപോയതാണോ എന്നൊക്കെ പലരും ചോദിക്കാറുണ്ട്. നാത്തൂൻ ഓടിച്ചതാണോ, നാത്തൂന്റെ ശല്യം കൊണ്ടാണോ, ഭർതൃപീഡനമാണോ, ഉപേക്ഷിച്ചതല്ലേ, അടിച്ചോടിച്ചതല്ലേ... അതൊക്കെ കാണണമെങ്കിൽ ബേബി ഷവർ വിഡിയോയും കേക്കിന്റെ വിഡിയോയും കണ്ടാലറിയാം. എല്ലാത്തിലും ഇതാണ്. ചോദ്യമല്ല, അങ്ങനെയാണ് എന്നവർ പറയുകയാണ്. നമ്മുടെ വീട്ടിലാണ് അവർ താമസിക്കുന്നത് എന്നുള്ള രീതിയിലാണ് സംസാരിക്കുന്നത്. അവരോട് എന്താ പറയുക, നമ്മുടെ വീട്ടിൽ എന്താ നടന്നതെന്ന് നമുക്കേ അറിയൂള്ളു,
എനിക്ക് ഒരു കാര്യമേ പറയാനൊള്ളു. ഇവിടുന്ന് ഒരാളും അടിച്ചോടിച്ചിട്ടില്ല. ഒന്നാമത് ഞാൻ എന്റെ ഭർത്താവിന്റെ വീട്ടിലാണ് താമസിക്കുന്നത്, എനിക്ക് ആ സമയത്ത് എന്റെ വീട്ടിൽ വന്ന് നിൽക്കാനോ ഇവിടുത്തെ കാര്യം അന്വേഷിക്കാനോ ഒന്നും നേരമുണ്ടായിരുന്നില്ല. ഞങ്ങൾ ഞങ്ങളുടെ ലൈഫ് ആയിട്ട് ഹാപ്പി ആയിരുന്നു, തിരക്കായിരുന്നു. ഒരാളെ അടിച്ചോടിച്ചിട്ട് എനിക്കൊന്നും നേടാനില്ല.
കേസിന്റെ കാര്യങ്ങളും ഡിവോഴ്‌സിന്റെ കാര്യങ്ങളും ഒക്കെ അറിയണമെന്ന് പലരും താത്പര്യപ്പെടുന്നുണ്ട്. അത് ഞാൻ കുറ്റം പറയുന്നില്ല, മറ്റൊരു വീട്ടിൽ എന്താണ് നടന്നതെന്നറിയാൽ എല്ലാവർക്കും ഒരു ആകാംഷയുണ്ടാകും, അതൊരു കുറ്റമായിട്ടല്ല ഞാൻ പറയുന്നത്. ഒരുപക്ഷെ ഒന്നിച്ചുണ്ടായിരുന്ന സമയത്ത് നിങ്ങൾക്കത്രയും സ്‌നേഹം തോന്നിയിട്ടുണ്ടാകും. പെട്ടെന്ന് ഇങ്ങനെയൊരു പ്രശ്‌നം വന്നപ്പോൾ അതെന്താണെന്ന് അറിയാനുള്ള ക്യൂരിയോസിറ്റി തെറ്റാണെന്ന് ഞാൻ ഒരിക്കലും പറയില്ല. പക്ഷെ ഒരാളോടുള്ള ഇഷ്ടകൂടുതൽ കൊണ്ട് മറ്റൊരാളെ കുറ്റം പറയാതിരിക്കുക. അതിപ്പോ എന്നെ ഇഷ്ടപ്പെടുന്നവർ എതിർവശത്തുള്ള ആളെയും കുറ്റം പറയണ്ട അവരെ ഇഷ്ടപ്പെടുന്നവർ എന്നെയും കുറ്റം പറയണ്ട. എന്താണ് കാരണമെന്നും സാഹചര്യമെന്നും പുറമേ നിൽക്കുന്നവർക്ക് അറിയില്ലല്ലോ. അതുകൊണ്ട് പരമാവധി അത്തരത്തിലുള്ള സംസാരങ്ങൾ വേണ്ട. ആരും അവരവരുടെ ജീവിതം മോശമാകണം എന്നുകരുതി മുന്നോട്ടുപോകില്ല. ഇപ്പോൽ രണ്ടുപേർക്ക് ഒന്നിച്ച് ജീവിക്കാൻ കഴിയില്ല, അത് അവരുടെ തീരുമാനം, അതിനെ പുറത്തുനിന്നുള്ളവർ കുറ്റപ്പെടുത്തുന്നത് എന്റെ കാഴ്ചപാടിൽ വളരെ മോശമാണ്", ഡിംപിൾ പറഞ്ഞു.
യൂട്യൂബ് വിഡിയോകൾക്ക് താഴെയുള്ള കമന്റുകളിൽ മറുപടി കുറിച്ചത് താനോ അമ്മ ഡെൻസിയോ അല്ലെന്ന് പറഞ്ഞ ഡിംപിൾ ഇവ ഫേക്ക് പ്രൊഫൈലുകളിൽ നിന്നുവന്ന മറുപടിയാണെന്ന് വ്യക്തമാക്കി. വിവാഹമോചനവുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും പുറത്തുപറയാൻ പാടില്ലെന്നത് കോടതിയുടെ നിർദേശമാണെന്നും അത് തങ്ഹൾ ഇതുവരെ തെറ്റിച്ചിട്ടില്ലെന്നും ഡിംപിൾ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates