Spa, Abrid Shine
Spa, Abrid Shineഇൻസ്റ്റ​ഗ്രാം

'ചിരിപ്പിക്കാൻ വേണ്ടി മനഃപൂർവം ഒന്നും ചെയ്തിട്ടില്ല, 'സ്പാ' ക്ലൈമാക്സ് അങ്ങനെ ചെയ്തത് അതുകൊണ്ടാണ്'; എബ്രിഡ് ഷൈൻ- അഭിമുഖം

ഒരു കൺവെൻഷണൽ അഡൽട്ട് സിനിമ എന്ന രീതിയിൽ അല്ല ഞാൻ ഈ സിനിമ പ്ലെയ്സ് ചെയ്തിരിക്കുന്നത്.
Published on

വലിയ ബഹളമോ കൊട്ടിഘോഷിക്കലുകളോ ഒന്നുമില്ലാതെ പ്രേക്ഷകർക്ക് മുന്നിലെത്തിയ ചിത്രമാണ് എബ്രിഡ് ഷൈൻ കഥയെഴുതി സംവിധാനം ചെയ്ത 'സ്പാ'. പരീക്ഷണങ്ങൾ ചെയ്യാനോ റിസ്ക് എടുക്കാനോ മടിയില്ലാത്ത സംവിധായകൻ എന്ന് കണ്ണുംപൂട്ടി പറയാവുന്ന ഫിലിംമേക്കർ കൂടിയാണ് എബ്രിഡ് ഷൈൻ. കൺവെൻഷണൽ രീതികളെ പൊളിച്ചടുക്കാൻ ധൈര്യം കാണിക്കുന്ന ചുരുക്കം ചില സംവിധായകരിൽ ഒരാൾ കൂടിയാണ് അദ്ദേഹം. 'സ്പാ'യിലും നമുക്ക് അത് തന്നെയാണ് കാണാനാവുക. മലയാളികളുടെ സദാചാര ബോധത്തെ തുറന്നു കാണിക്കുന്നതിനൊപ്പം ചിരിയും ചിന്തയും കൂടി മുന്നോട്ട് വയ്ക്കുന്നുണ്ട് അദ്ദേഹം 'സ്പാ'യിലൂടെ. ചിത്രത്തിന്റെ വിശേഷങ്ങൾ എബ്രിഡ് ഷൈൻ സമകാലിക മലയാളത്തോട് പങ്കുവയ്ക്കുന്നു.

Q

'സ്പാ' കേന്ദ്രീകരിച്ച് ഒരു സിനിമ ചെയ്യാം എന്ന് തീരുമാനിച്ചത് എന്തുകൊണ്ടാണ് ?

A

നമുക്ക് എന്ത് വേണമെങ്കിലും കഥയാക്കാം, ഒരു പാരഗ്രാഫിലെ കഥ പോലും നമുക്ക് സിനിമയാക്കാം. നെടുനീളൻ നോവലോ അല്ലെങ്കിൽ നാല് പേജുള്ള ചെറുകഥ പോലും ആവശ്യമില്ല സിനിമയ്ക്ക് കഥയാക്കാൻ. ഏത് കഥയും അഞ്ച് മിനിറ്റ് കൊണ്ട് പറഞ്ഞു തീർക്കാം. സീനുകൾ ഉണ്ടാക്കുക എന്നതാണ് സിനിമയിലെ ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം.

മൂടുപടം അണിഞ്ഞ അപരിചിതരായിട്ടുള്ള രണ്ട് മനുഷ്യർ പരസ്പരം കണ്ടുമുട്ടുന്ന ഒരിടം. ആ സ്ഥലത്തേക്ക് കടന്നുവരുന്ന വ്യക്തിക്കും അവിടെ നിൽക്കുന്ന ആൾക്കും ഒരു ഫേക്ക് ഐഡന്റിറ്റി ഉണ്ട്. ഈ ഫേക്ക് ഐഡന്റിറ്റിയുള്ള രണ്ട് പേർ തമ്മിൽ സംസാരിക്കാൻ നിർബന്ധിതരാകുന്നു. അങ്ങനെയുള്ള രണ്ടു പേരുടെ പെരുമാറ്റം, സ്വഭാവം ഇതൊക്കെ കാണിക്കാനായി ഒരു സ്പെയ്സ് സെൻട്രിക് ആയിട്ടുള്ള സിനിമ ചെയ്യാം എന്നായിരുന്നു മനസിൽ. സ്പാ എന്ന ഇടത്തിന്റെ കഥ പറയുകയായിരുന്നില്ല എന്റെ പ്രാഥമിക ലക്ഷ്യം.

എനിക്ക് ഈ രണ്ട് കഥാപാത്രങ്ങൾ തമ്മിൽ സമ്പർക്കത്തിൽ വരാൻ ഒരിടം വേണം. പ്രൊഫഷണലായിട്ട് പോകുന്ന സ്പാ സെന്ററുകളിൽ ആണെങ്കിൽ അവർ തമ്മിലുള്ള സംസാരം വളരെ കുറവായിരിക്കും. പരസ്പരം പേരുകൾ പോലും അവിടെ പറയില്ല. കൃത്യമായ അകലം പാലിച്ചു കൊണ്ട് വളരെ പ്രൊഫഷണലായി മാത്രമേ അവർ കസ്റ്റമറിനെ സമീപിക്കുകയുള്ളൂ.

അതുകൊണ്ട് തന്നെ അവിടെ പ്രത്യേകിച്ച് കഥ പറയാനൊന്നുമില്ല. അങ്ങനെയാണ് ഞാൻ തികച്ചും അൺപ്രൊഫഷണൽ ആയ സ്ഥലത്തേക്ക് ഈ കഥയെ പ്ലെയ്സ് ചെയ്യുന്നത്. അപ്പോൾ കസ്റ്റമറിനും തെറാപ്പിസ്റ്റിനും തമ്മിൽ ഒരുപാട് സംസാരിക്കാനുണ്ടാകും. ‍

പലതരത്തിലുള്ള മനുഷ്യരോട് സംസാരിക്കുമ്പോഴുണ്ടാകുന്ന വൈരുദ്ധ്യങ്ങളും രസങ്ങളുമൊക്കെയാണ് ഈ സിനിമയിൽ കടന്നു വരുന്നത്. മനുഷ്യരുടെ സൈക്കോളജി പറയുന്ന സിനിമ അല്ലെങ്കിൽ ഒരു സോഷ്യൽ സറ്റയർ എന്ന് വിളിക്കാം 'സ്പാ'യെ. ഒരു കൺവെൻഷണൽ അഡൽട്ട് സിനിമ എന്ന രീതിയിൽ അല്ല ഞാൻ ഈ സിനിമ പ്ലെയ്സ് ചെയ്തിരിക്കുന്നത്.

Spa
Spaഫെയ്സ്ബുക്ക്
Q

പ്രേക്ഷകരെ നന്നായി ചിരിപ്പിക്കാൻ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. 'സ്പാ'യിലെ ഹ്യൂമറിനെ കുറിച്ച് പറയാമോ ?

A

ചിരിപ്പിക്കാൻ വേണ്ടിയിട്ട് ഞാൻ മനഃപൂർവം ഒന്നും ചെയ്തിട്ടില്ല. ആ സിറ്റുവേഷനും മനുഷ്യരെയും മനസിലാക്കി കഴിയുമ്പോൾ ആളുകൾക്ക് സ്വാഭാവികമായി ഉണ്ടാകുന്ന ചിരിയാണ് അത്. അല്ലാതെ ചിരിക്ക് വേണ്ടിയിട്ട് മനഃപൂർവം ഒരു ശ്രമം നടത്തിയിട്ടില്ല. ആളുകൾ ചിരിക്കാം ചിലപ്പോൾ ചിരിക്കാതിരിക്കാം. ആളുകൾ ചിരിക്കുമെന്ന് എനിക്ക് തോന്നിയിടത്ത് ചിരി കിട്ടിയിട്ടുണ്ട്. പിന്നീട് ആ ചിരികൾ കൂട്ടച്ചിരികളായി മാറി.

Q

പെർഫോമൻസിനെ കുറിച്ച് പറയാതിരിക്കാനാകില്ല. അഭിനേതാക്കളെക്കുറിച്ച് ?

A

നമ്മൾ സൃഷ്ടിക്കുന്ന കഥാപാത്രങ്ങൾക്ക് ജീവൻ കൊടുക്കുക എന്നൊരു ഉത്തരവാദിത്വമാണ് അഭിനേതാക്കൾക്കുള്ളത്. കഥാപാത്രമായി അഭിനേതാക്കൾ പരകായ പ്രവേശം നടത്തുമ്പോൾ പ്രേക്ഷകർക്ക് അത് കൺവിൻസിങ് ആകുമോ എന്ന് നോക്കും. ചില അഭിനേതാക്കൾ കഥ പോലും കേൾക്കില്ല. ചിലർക്ക് കഥ കേട്ട് കഴിയുമ്പോൾ ആകാംക്ഷ തോന്നും, ചിലർക്കാണെങ്കിൽ ആശങ്കകൾ ഉണ്ടാകും.

ആ ആശങ്ക ചിലപ്പോൾ നമ്മളോട് അവർ പങ്കുവയ്ക്കും. അങ്ങനെയുള്ളവരെ നമ്മൾ സിനിമയിലേക്ക് നിർബന്ധിക്കില്ല. ചിലരാകട്ടെ ആശങ്കകളൊന്നുമില്ലാതെ ഓക്കെ പറയും. പിന്നെ സമൂഹത്തിൽ നിന്ന് നമ്മൾ കേട്ടിട്ടുള്ള കാര്യങ്ങളൊക്കെ തന്നെയായിരിക്കും സിനിമയ്ക്ക് വേണ്ടി എടുക്കുക. സിനിമയാക്കുമ്പോൾ കുറച്ച് ഫിക്ഷൻ കൂടി ചേർക്കും. സ്പായിലെ എല്ലാ കഥാപാത്രങ്ങളെയും എനിക്ക് ഇഷ്ടമാണ്.

Spa
Spaഫെയ്സ്ബുക്ക്
Q

മസാജ് ചെയ്യുന്ന തെറാപ്പിസ്റ്റിന് പൊതുവിജ്ഞാനം വേണമെന്ന് പറയുന്ന കസ്റ്റമർ. ആ കഥാപാത്രം തിയറ്ററിൽ ചിരി പടർത്തുന്നുണ്ടല്ലോ..

A

ചില ആളുകൾ അങ്ങനെയായിരിക്കും. അവർക്ക് ചിലപ്പോൾ സംസാരിച്ച് ഇരിക്കാൻ ആയിരിക്കും ഇഷ്ടം. അവരുടെ അറിവ് മറ്റൊരാളുമായി പങ്കുവയ്ക്കാനായിരിക്കും അവർക്കിഷ്ടം. അങ്ങനെയുള്ള മനുഷ്യൻമാരും നമുക്ക് ചുറ്റും ഉണ്ടല്ലോ.

Q

സ്പായിലെ ഓരോ സ്ത്രീകൾക്കും ഒരു ഐഡന്റിറ്റി ഉണ്ട്. പക്കാ പ്രൊഫഷണലുമാണ് അവർ. സമൂഹത്തിന്റെ തിരുത്തലുകൾക്കൊന്നും അവർ നിന്നു കൊടുക്കുന്നുമില്ല. സ്ത്രീ കഥാപാത്രങ്ങൾ രൂപപ്പെടുത്തിയത് എങ്ങനെയാണ് ?

A

വളരെ പ്രൊഫഷണലായി നിൽക്കുന്നവരാണ് അവർ. 'ലിയോൺ ദ് പ്രൊഫഷണൽ' എന്നൊരു സിനിമയെക്കുറിച്ച് ഞാൻ സ്പായിൽ പരാമർശിച്ചിട്ടുണ്ട്. ആ സിനിമയിലെ നായക കഥാപാത്രം ഒരു വാടക കൊലപാതകി ആണ്. പക്ഷേ അയാളുടെ ജോലിയിൽ അയാൾ പ്രൊഫഷണലാണ്. പൈസ വാങ്ങിച്ച് ആളുകളെ കൊല്ലുന്നത് ശരിയാണോ, എന്ന് ചോദിച്ചാൽ ശരിയല്ല. പക്ഷേ അയാളുടെ പ്രൊഫഷൻ അതാണ്.

അയാളുടെ മരണത്തിൽ പോലും അയാളുടെ പ്രൊഫഷണലിസം കാണിക്കുന്നുണ്ട്. സ്ത്രീയോ പുരുഷനോ ആകട്ടെ, അവർ ചെയ്യുന്നത് എന്ത് ജോലി വേണമെങ്കിലും ആകട്ടെ. ഒരു ​ഗ്രേ ഷെയ്ഡ് ജോലി ആണ് അവർ ചെയ്യുന്നത് എന്നിരിക്കട്ടേ. ആ ചെയ്യുന്ന ജോലിയിൽ അവർ പ്രൊഫഷണലാണ് എന്ന് മാത്രമേ ഞാൻ കാണിച്ചിട്ടുള്ളൂ. അതിലെ ധാർമികതയെ കുറിച്ച് ഞാൻ എവിടെയും പറഞ്ഞിട്ടില്ല.

അതിന്റെ ശരി തെറ്റുകളെ കുറിച്ചും ഞാൻ സിനിമയിൽ ചർച്ച ചെയ്തിട്ടില്ല. അതിനെ ആണ് സിനിമയിലെ മാത്തൻ (വിനീത് തട്ടിൽ) എന്ന കഥാപാത്രം തിരുത്താൻ ശ്രമിക്കുന്നത്. മാത്തന്റെ തിരുത്തൽ പ്രണയഭ്രമം ബാധിച്ച ഒരാളുടെ ഇല്യൂഷനിൽ നിന്നുള്ള തോന്നൽ ആണെന്ന് റിയയ്ക്ക് അറിയാം.

Spa
Spaഫെയ്സ്ബുക്ക്
Q

കരിയറിലെ ആദ്യത്തെ 'എ' പടം ആണല്ലോ. ഇങ്ങനെയൊരു സിനിമയെ കുറിച്ച് ആദ്യം പറഞ്ഞപ്പോൾ അടുപ്പമുള്ളവരുടെ പ്രതികരണം എങ്ങനെയായിരുന്നു ?

A

ഒരു അഡൽട്ട് പടം ചെയ്യാൻ പോകുന്നുവെന്ന് നമ്മൾ സുഹൃത്തുക്കളോട് പറയുമ്പോൾ സ്വാഭാവികമായും 'അതിന്റെ ആവശ്യമുണ്ടോ' എന്ന് അവർ ചോദിക്കുമല്ലോ. 'എന്തിനാണ് നിങ്ങളിപ്പോൾ അങ്ങനെയൊരു പടം ചെയ്യുന്നത്. 'നിങ്ങൾക്ക് കുടുംബ പ്രേക്ഷകർക്ക് വേണ്ടി സിനിമ ചെയ്താൽ പോരേ. നിങ്ങൾ മുൻപ് ചെയ്തിട്ടുള്ള സിനിമകൾ അങ്ങനെയല്ലേ' എന്നൊക്കെ ചോദിക്കും. അത് നമ്മളോടുള്ള സ്നേഹം കൊണ്ട് അവർ ചോദിക്കുന്നതാണ്. നമ്മൾ ഒരു വിഷയം പറയാൻ ആ​ഗ്രഹിച്ചാൽ പിന്നെ ആ വിഷയം പറയുക എന്നതാണല്ലോ. ഇങ്ങനെയൊരു സിനിമ പറയാൻ തോന്നിയാൽ അങ്ങ് പറയുക. അതിന്റെ വരും വരായ്കകളെ കുറിച്ച് ചിന്തിച്ചിട്ട് കാര്യമില്ല.

Q

‌'സ്പാ'യുടെ ക്ലൈമാക്സിനെ കുറിച്ച് ആളുകൾക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ വരുന്നുണ്ട്. സംവിധായകൻ എന്ന നിലയിൽ ക്ലൈമാക്സിനെ കുറിച്ച് എന്താണ് പറയാനുള്ളത്?.

A

ക്ലൈമാക്സിലേക്ക് ആ രണ്ട് കഥാപാത്രങ്ങൾ കടന്നു വരുമ്പോൾ അതുവരെയില്ലാത്ത എന്തോ ഒന്ന് സംഭവിക്കാൻ പോകുന്നത് പോലെ തോന്നുമല്ലോ. നോർമൽ ആയിട്ടുള്ള ഒരു കഥാസന്ദർഭത്തിലേക്ക് സിനിമാറ്റിക് ആയിട്ട് ചിലർ കടന്നുവരുന്നു. എന്തായിരിക്കും ഇവരുടെ ഉദ്ദേശ്യം എന്നൊക്കെ പ്രേക്ഷകൻ ചിന്തിക്കും.

ഒരു ഫ്ലാറ്റ് എൻ‍ഡിലേക്ക് ക്ലൈമാക്സ് കൊണ്ടുപോകേണ്ട എന്ന് എനിക്ക് ആ​ഗ്രഹമുണ്ടായിരുന്നു. അവസാനത്തെ വെടിവയ്പും പരിപാടിയുമൊക്കെ ആയി ഒരു സിനിമാറ്റിക് ലെവലിലേക്ക് സിനിമ മാറണല്ലോ. ശരിക്കും മാത്തന്റെ ഉള്ളിലാണ് യഥാർഥ പൊട്ടിത്തെറി സംഭവിക്കുന്നത്.

പുറത്ത് അത്രയും ഭയങ്കരമായ കാര്യങ്ങൾ സംഭവിക്കുമ്പോൾ മാത്തൻ തന്റെ പ്രണയത്തിനായി ഉള്ളിൽ കരയുകയാണ്. പിന്നെ തിരക്കഥയുടെ സ്ട്രക്ചറിന് അങ്ങനെയൊരു സിനിമാറ്റിക് എലമെന്റ് അനിവാര്യമാണെന്ന് എനിക്ക് തോന്നി. മ്യൂസിക്, സൗണ്ട് എല്ലാം കൂടി ചേരുമ്പോൾ അത്തരമൊരു ക്ലൈമാക്സ് സിനിമയുടെ അനിവാര്യത കൂടിയായിരുന്നു.

Summary

Cinema News: Director Abrid Shine talks about his latest movie Spa.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com