

ഏറെ പ്രതീക്ഷയോടെ തിയറ്ററിൽ എത്തിയ ചിത്രമാണ് അൽഫോൺസ് പുത്രന്റെ ഗോൾഡ്. എന്നാൽ ആദ്യ ഷോ മുതൽ മോശം അഭിപ്രായമാണ് ചിത്രത്തെക്കുറിച്ച് പുറത്തുവരുന്നത്. ഇപ്പോൾ നെഗറ്റീവ് റിവ്യൂകളിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അൽഫോൺസ് പുത്രൻ. തന്നെയും തന്റെ സിനിമയേയും കുറിച്ച് കൊറേ കുശുമ്പും പുച്ഛവും തേപ്പുമെല്ലാമാണ് കേൾക്കുന്നത് എന്നാണ് അൽഫോൺസ് പറഞ്ഞത്. സിനിമ മോശമാണെന്ന് പറയുന്നതിനേക്കൾ എവിടെയാണ് മോശമായത് എന്നു പറഞ്ഞാൽ അടുത്ത തവണ ഉപകരിക്കുമെന്നും അദ്ദേഹം കുറിക്കുന്നു. നിങ്ങളെ വെറുപ്പിക്കാനോ, ഉപദ്രവിക്കാനോ, നിങ്ങളുടെ വിലപ്പെട്ട സമയം കളയാനോ അല്ല സിനിമയെടുത്തതെന്നും അൽഫോൺസ് വ്യക്തമാക്കി.
അൽഫോൺസിന്റെ കുറിപ്പ്
ഗോൾഡിനെ കുറിച്ചൊള്ള ....നെഗറ്റീവ് റിവ്യൂസ് എല്ലാരും കാണണം. കൊറേ കുശുമ്പും, പുച്ഛവും, തേപ്പും എല്ലാം എന്നെ കുറിച്ചും എന്റെ സിനിമയെ കുറിച്ച് കേൾക്കാം. അത് കേൾക്കുമ്പോൾ കിട്ടുന്ന ഒരു സുഖം ഉണ്ടല്ലോ....എന്റെ പ്രത്യേക നന്ദി നെഗറ്റീവ് റിവ്യൂസ് എഴുതന്നവർക്കു.
ചായ കൊള്ളൂല്ല എന്ന് പെട്ടെന്ന് പറയാം !!! കടുപ്പം കൂടിയോ കുറഞ്ഞോ ? വെള്ളം കൂടിയോ കുറഞ്ഞോ ? പാല് കൂടിയോ കുറഞ്ഞോ ? പാല് കേടായോ , കരിഞ്ഞോ ? മധുരം കൂടി, മധുരം കുറഞ്ഞു...എന്ന് പറഞ്ഞാൽ ചായ ഇണ്ടാക്കുന്ന ആൾക്ക് അടുത്ത ചായ ഇണ്ടാക്കുമ്പോൾ ഉപകരിക്കും. അയ്യേ ഊള ചായ, വൃത്തിക്കെട്ട ചായ, വായേല് വെക്കാൻ കൊള്ളാത്ത ചായ എന്ന് പറഞ്ഞ...നിങ്ങളുടെ ഈഗോ വിജയിക്കും. ഇതുകൊണ്ടു രണ്ടു പേർക്കും ഉപയോഗം ഇല്ല. നേരം 2 , പ്രേമം 2 എന്നല്ല ഞാൻ ഈ സിനിമയ്ക്കു പേരിട്ടത്...ഗോൾഡ് എന്നാണു. ഞാനും , ഈ സിനിമയിൽ പ്രവർത്തിച്ച ആരും നിങ്ങളെ വെറുപ്പിക്കാനോ, ഉപദ്രവിക്കാനോ, നിങ്ങളുടെ വിലപ്പെട്ട സമയം കളയണോ ... ചെയ്തതല്ല ഈ സിനിമ. ഇനിയും എന്നെയും എന്റെ ടീമിനെയും സംശയിക്കരുത്.
NOTE * ഗോൾഡ് അങ്ങനെ എടുക്കാമായിരുന്നു...ഇങ്ങനെ എടുക്കാമായിരുന്നു എന്ന് പറയരുത് . കാരണം...ഞാനും ഗോൾഡ് എന്ന സിനിമ ആദ്യമായിട്ടാണ് എടുക്കുന്നത്...നേരത്തെ ഗോൾഡ് ചെയ്തു ശീലം ഉണ്ടെങ്കിൽ നിങ്ങൾ പറയുന്നത് ശെരിയാണ്.
എന്ന് നിങ്ങളുടെ സ്വന്തം അൽഫോൻസ് പുത്രൻ. !!!!!
നയൻതാരയെ എങ്ങനെ കൺവിൻസ് ചെയ്തു? മറുപടി ഇങ്ങനെ
പോസ്റ്റിനു താഴെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. കാശ് കൊടുത്തു വാങ്ങിയ ചായ വായിൽ വയ്ക്കാൻ കൊള്ളില്ല എങ്കിൽ എന്ത് ചെയ്യണം ? മിണ്ടാതെ ഉരിയാടാതെ കാശും കൊടുത്ത് പോകണം എന്നാണോ ? അതും നന്നായി ചായ ഉണ്ടാക്കുന്ന ആളുടെ സ്പെഷ്യൽ ചായ കാലങ്ങൾക്ക് ശേഷം കിട്ടുന്നു എന്ന് കേട്ട് കുടിക്കാൻ പോകുമ്പോൾ !! പോട്ടെ ഒരു മറുപടി തരാമോ ? നയൻ താരയെ എന്ത് പറഞ്ഞ് ആണ് കൺവിൻസ് ചെയ്തത് ??- എന്നായിരുന്നു ഒരാളുടെ കമന്റ്.
ഈ ചായ ഉണ്ടാക്കിയത് ഞാൻ അല്ലെ. നിങ്ങൾക്കു എന്നോട് പറയാൻ പാടില്ലേ ? അത് മൈക്ക് വെച്ച് വിളിച്ചു പറയണോ എന്നുള്ളത് നിങ്ങളുടെ വ്യക്തി സ്വാതന്ത്ര്യം.- എന്നായിരുന്നു അൽഫോൺസ് പുത്രന്റെ കമന്റ്. നയൻതാരയെ സിനിമയിലേക്ക് എത്തിച്ചതിനെക്കുറിച്ചും അൽഫോൺസ് പറയുന്നുണ്ട്. നയൻതാര അവതരിപ്പിക്കുന്ന സുമംഗലി എന്ന കഥാപാത്രത്തിന്റെ പ്രാധാന്യം- ജോഷിയുടെ ഷോപ് ഇരിക്കുന്ന സുമംഗലി ഷോപ്പിങ് കോംപ്ലെക്സിന്റെ ഓണർ ആരാണ്? ജോഷിയുടെ വീട്ടിൽ ആർക്കു വേണ്ടി ആര് കൊടുത്ത സ്വർണ്ണം ആണ് ബ്രോ ? അതാണ് പ്രാധാന്യം- എന്നായിരുന്നു മറുപടി. നിരവധി പ്രേക്ഷകരുടെ കമന്റുകൾക്കും അൽഫോൺസ് മറുപടിയുമായി എത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates