തന്റെ സഹസംവിധായകനായിരുന്ന ലിയോ തദ്ദേവൂസിന്റെ പന്ത്രണ്ട് സിനിമ കണ്ടതിനു പിന്നാലെ കുറിപ്പുമായി സംവിധായകൻ ഭദ്രൻ. ചിത്രം തിയറ്ററിൽ കാണാത്തതിന്റെ കുറ്റബോധവുമായാണ് അദ്ദേഹത്തിന്റെ കുറിപ്പ്. തന്റെ ചലച്ചിത്ര ജീവിതത്തിൽ അഭിമാനം തോന്നിയ ദിവസമെന്നാണ് പന്ത്രണ്ട് കണ്ടതിനുശേഷം ഭദ്രൻ പറഞ്ഞത്. തിയറ്ററിൽ റിലീസ് ചെയ്തപ്പോൾ നാളെ നാളെ എന്ന് മാറ്റി വെച്ചത് ഒരു വീഴ്ച ആയി പോയതിൽ ദു:ഖമുണ്ട്. കാണാമെന്നു മനസുറപ്പിച്ചപ്പോൾ തിയറ്ററുകളിൽ നിന്ന് സിനിമ അപ്രത്യക്ഷമായി. ഈ സിനിമ തിയറ്ററിൽ സാമ്പത്തികമായി പരാജയപ്പെട്ടു എന്ന് ലിയോക്ക് തോന്നിയാൽ അത് തെറ്റാണ്. 'പരാജയം 'എന്ന വാക്കിന്റെ അവസാനം കിടക്കുന്ന 'ജയം 'നാളേക്ക് വേണ്ടി മുന്തി നിൽക്കുന്നു എന്ന് മറക്കണ്ടെന്നും അദ്ദേഹം തന്റെ ശിഷ്യനെ ഓർമിപ്പിച്ചു. തന്റെ സഹസംവിധായകനായി സിനിമയിലേക്കെത്തിയ ലിയോ തദ്ദേവൂസിനെക്കുറിച്ചുള്ള ഓർമകളും അദ്ദേഹം പങ്കുവെക്കുന്നുണ്ട്.
ഭദ്രന്റെ കുറിപ്പ് വായിക്കാം
ഒരു കുറ്റബോധത്തോടെ അണ് ഞാൻ ഈ പോസ്റ്റ് ഇടുന്നത്. എന്റെ അസിസ്റ്റന്റ് ആയി മാത്രം വർക്ക് ചെയ്ത ലിയോ തദ്ദേവൂസിന്റെ പന്ത്രണ്ട് എന്ന ചിത്രം ഇന്ന് എന്റെ ഹോം തിയറ്ററിൽ ബെംഗളൂരിലെ എന്റെ മകന്റെ നിർബന്ധത്തിന് വഴങ്ങി കാണുകയുണ്ടായിരുന്നു. എന്റെ ചലച്ചിത്ര ജീവിതത്തിൽ എനിക്ക് അഭിമാനം തോന്നിയ ദിവസം ആയിരുന്നു ഇന്ന്. അത്രയും ചാരുതയോടെ മനോഹരമായി ആവിഷ്കരിച്ച ലിയോക്ക് എന്റെ അഭിനന്ദനങ്ങൾ. തിയറ്ററിൽ റിലീസ് ചെയ്തപ്പോൾ നാളെ നാളെ എന്ന് മാറ്റി വെച്ചത് ഒരു വീഴ്ച ആയി പോയതിൽ എനിക്കേറെ ദു:ഖമുണ്ട്. കാണാമെന്നു മനസുറപ്പിച്ചപ്പോൾ തിയറ്ററുകളിൽ നിന്ന് സിനിമ അപ്രത്യക്ഷമായി.
ഞാൻ ഓർക്കുന്നു, എന്റെ സ്ക്രിപ്റ്റുകളെ അസിസ്റ്റ് ചെയ്ത് ആദ്യസിനിമയിൽ തന്നെ അസോസിയേറ്റ് ആക്കിയതിൽ എന്റെ പ്രൊഡക്‌ഷൻ ഹൗസിലെ ക്യാമറാമാൻ മുതൽ പ്രൊഡക്‌ഷൻ മാനേജരിൽ നിന്ന് വരെ എതിർപ്പുകളുടെ ഒരു പ്രവാഹമായിരുന്നു. സിനിമയിൽ ജോലി ചെയ്ത് ഒരു പരിചയം ഇല്ലാത്ത ഒരാളെ അസോസിയേറ്റ് ആക്കിയാൽ എങ്ങനെ ശരിയാകും. ശരിയാകും എന്നുള്ള എന്റെ ഉറച്ച ബോധ്യം അവർക്കറിയില്ലല്ലോ.
അതിനെ അതിജീവിക്കാൻ കഴിയാതെ, "ഞാൻ പോകുന്നു സർ" എന്ന് പറഞ്ഞ് ഹോട്ടൽ മുറിയുടെ വാതിൽ പടിയിൽ ചാരി നിന്ന് വിതുമ്പിയ ലിയോയെ ഞാൻ ഓർക്കുന്നു. "പിടിച്ച് നില്‍ക്കണം ആര് എതിർത്താലും, സിനിമ പഠിക്കണമെങ്കിൽ ഈ ആട്ടും തുപ്പും ശകാര വാക്കുകളും ഒക്കെ ഇതിന്റെ കൂടെ പിറവിയാണെന്ന് "അയാളെ ബോധ്യപ്പെടുത്തി. പിന്നെ എന്നോടൊപ്പം അടുത്ത സിനിമ ഉടയോനിലും കൂടെയുണ്ടായിരുന്നു.
സിനിമ എന്ന ജ്വരം ഉപേക്ഷിക്കാതെ പ്രതികൂല സാഹചര്യങ്ങളിൽ ഇൻഡസ്ട്രിയിൽ പിടിച്ചു നിന്നു. എന്റെ വാക്കുകളെ കേൾക്കാതെ വിട്ടുപോയിരുന്നെങ്കിൽ, ഈ സിനിമ ഉണ്ടാകുമായിരുന്നോ? ഒരു പക്ഷേ ഈ ഒരു സിനിമ ഉണ്ടാകാൻ വേണ്ടി ആയിരുന്നു അയാൾ നിലനിന്നത് എന്ന് വേണം കരുതാൻ. "യേശുവും 12 ശിഷ്യന്മാരും" എന്ന വിശ്വപ്രസിദ്ധിയാർജ്ജിച്ച ആ സത്യം, Contemperory ആയ ഒരു പശ്ചാത്തലത്തിലേക്ക് കൊണ്ടുവന്ന് കടലും കടലിടുക്കുകളും ഒക്കെ കൂട്ടിയിണക്കി തിന്മയിൽ ജീവിച്ചവരെ മാറ്റി മറിച്ച യേശുദേവനെയും ശിഷ്യന്മാരെയും പറയാതെ പറഞ്ഞു.
ഈ സിനിമ തിയറ്ററിൽ സാമ്പത്തികമായി പരാജയപ്പെട്ടു എന്ന് ലിയോക്ക് തോന്നിയാൽ അത് തെറ്റാണ്. 'പരാജയം 'എന്ന വാക്കിന്റെ അവസാനം കിടക്കുന്ന 'ജയം 'നാളേക്ക് വേണ്ടി മുന്തി നിൽക്കുന്നു എന്ന് മറക്കണ്ട.....മേലിൽ ഇത്തരം പുതിയ ചിന്തകളുമായി വേണം നിലനിൽക്കാൻ.....
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates