കുത്തുകല്ലുങ്കൽ പ്ലാവിലെ തേൻ വരിക്കയുടെ പത്ത് ചൊള തിന്ന സ്വാദ് തോന്നി; ജോജി കണ്ട് ഭദ്രൻ

ജോജിയിലെ ഫഹദിനെ കണ്ട് ചൊറിയണങ്ങു ദേഹത്ത് തൊട്ട പ്രതീതി ജനിപ്പിച്ചുവെന്നും ഭദ്രൻ കുറിക്കുന്നു
ഭദ്രൻ, ജോജി പോസ്റ്റർ/ ഫേയ്സ്ബുക്ക്
ഭദ്രൻ, ജോജി പോസ്റ്റർ/ ഫേയ്സ്ബുക്ക്
Updated on
1 min read

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ജോജിയെ പ്രശംസിച്ച് സംവിധായകൻ ഭദ്രൻ. നിരവധി മോശം അഭിപ്രായം കേട്ട ശേഷമാണ് ചിത്രം കാണുന്നത്. ജോജി കണ്ടിട്ട് തൻ്റെ  പറമ്പിലെ കുത്തുകല്ലുങ്കൽ പ്ലാവിലെ തേൻ വരിക്കയുടെ പത്ത് ചൊള തിന്ന സ്വാദ് തോന്നിയെന്നാണ് അദ്ദേഹം ഫേയ്സ്ബുക്കിൽ കുറിച്ചത്. ശ്യാം പുഷ്കർ കാടും മേടും ഒക്കെ സഞ്ചരിച്ച് കിട്ടിയ നുറുങ്ങുകൾ മഷിയിൽ ചാലിച്ച് അനുഭവ സാക്ഷ്യമാക്കിയ "ഒരു നല്ല സിനിമ". അതി മനോഹരമായി അതിന്റെ ആത്മാവിനെ പ്രാപിച്ച് അന്തസ്സുള്ള ശൈലി നിലനിർത്തി പോത്തൻ. ജോജിയിലെ ഫഹദിനെ കണ്ട് ചൊറിയണങ്ങു ദേഹത്ത് തൊട്ട പ്രതീതി ജനിപ്പിച്ചുവെന്നും ഭദ്രൻ കുറിക്കുന്നു. 

ഭദ്രന്റെ ഫേയ്സ്ബുക്ക് കുറിപ്പ്

ഇന്ന് ജോജി കാണാൻ ഇടയായി, കാണണമെന്ന് നേരത്തെ തീരുമാനിച്ചതാണ്. പിന്നെ തോന്നി അഭിപ്രായങ്ങൾ കേൾക്കട്ടെ എന്ന്.  മുക്കിലും മൂലയിലും ഒക്കെ ഉള്ള ചില നല്ല ആസ്വാദകരിൽ പലരും "ഓഹ്" "One time watch" "ഒരു തട്ടിക്കൂട്ട് കഥ" "പക്കാ സൂഡോ"...
സത്യം പറയട്ടെ, എൻ്റെ  പറമ്പിലെ കുത്തുകല്ലുങ്കൽ പ്ലാവിലെ തേൻ വരിക്കയുടെ പത്ത് ചൊള തിന്ന സ്വാദ് തോന്നി. വളരെ സത്യസന്ധമായ കഥ. വേണമെങ്കിൽ ഞങ്ങൾ കിഴക്ക് ദേശക്കാരുടെ കഥ എന്ന് പറയാം. അതിലെ അപ്പനും, അദ്ദേഹത്തോടൊപ്പം ശ്വാസം മുട്ടി ഭയന്നും വിറച്ചും ചില്ലറ സ്നേഹ പ്രദർശനങ്ങളൊക്കെ കാണിച്ചു കഴിയുന്ന മക്കളെയും, മരുമക്കളെയും, അത്തരം കുടുംബങ്ങളെയും, ഒരുപാട് അറിയാം. 
ശ്യാം പുഷ്കർ കാടും മേടും ഒക്കെ സഞ്ചരിച്ച് കിട്ടിയ നുറുങ്ങുകൾ മഷിയിൽ ചാലിച്ച് അനുഭവ സാക്ഷ്യമാക്കിയ "ഒരു നല്ല സിനിമ". അതി മനോഹരമായി അതിന്റെ ആത്മാവിനെ പ്രാപിച്ച് അന്തസ്സുള്ള ശൈലി നിലനിർത്തി പോത്തൻ. ഒപ്പം ഹൃദ്യമായ നിറക്കൂട്ടുകളും. 
ചൊറിയണങ്ങു ദേഹത്ത് തൊട്ട പ്രതീതി ജനിപ്പിച്ചു ജോജിയിലൂടെ ഫഹദ്. നടപ്പിലും, ചേഷ്ടകളിലും, അനായാസം കഥയിലൂടെ സഞ്ചരിച്ചു. കൂട്ടിനു ഒപ്പം ഉണ്ടായിരുന്ന ആ "ബെർമൂഡ" രസമായി തോന്നി. ബാബുരാജും ഷമ്മി തിലകനും കലക്കി. 
ഒരു കണ്ടി  തടിയുടെ തൂക്കം തോന്നിപ്പിക്കുന്ന "തൊരപ്പൻ ബാസ്റ്റിൻ" നിർജീവമായ ശരീരത്തിലെ കണ്ണുകൾ കൊണ്ട് ഭാവോജ്വലമാക്കി. ചിത്രത്തിലെ അങ്ങിങ്ങായി നിന്ന ഓരോ മുഖങ്ങളും മിഴിവുറ്റതായിരുന്നു. ചില മുഹൂർത്തങ്ങളിൽ അലയടിച്ച വയലിന്റെ ചില സിംഫണികൾക്ക് കേൾക്കാത്ത ശബ്ദ മാധുരിമ തോന്നി. 
ഉമ്മറത്തു കുത്തി പൂത്തു നിൽക്കുന്ന പാരിജാതത്തിൻ്റെ ഒരു പൂച്ചെണ്ട്..

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com