
മനുഷ്യ മനസിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് സിനിമകളൊരുക്കിയ പ്രതിഭ. ചെയ്ത സിനിമകളൊക്കെയും ഒന്നിനൊന്ന് വ്യത്യസ്തമാക്കിയ യഥാർഥ കലാകാരൻ. ശാലിനി എന്റെ കൂട്ടുകാരി, വിട പറയും മുമ്പേ, പക്ഷേ, രണ്ട് പെൺകുട്ടികൾ, ഇടവേള, ഇളക്കങ്ങൾ, ആലോലം തുടങ്ങി കാലത്തെ അതിജീവിച്ച നിരവധി സൃഷ്ടികൾ. മലയാള സിനിമയിൽ 1980കളിൽ വസന്തം തീർത്ത അതുല്യ കലാകാരനായിരുന്നു മോഹന്‍.
മലയാള സിനിമയുടെ സുവര്‍ണ കാലഘട്ടമെന്ന് അറിയപ്പെടുന്ന 80കളില്‍ തന്റെ ചലച്ചിത്രങ്ങള്‍ കൊണ്ട് അദ്ദേഹം സിനിമാ പ്രേക്ഷകരെ വിസ്മയിപ്പിച്ചു. 1978 ൽ പുറത്തിറങ്ങിയ വാടകവീട് ആണ് ആദ്യ ചിത്രം. അദ്ദേഹത്തിന്റെ സിനിമകളുടെ പേരുകൾക്ക് പോലുമുണ്ടായിരുന്നു ഒരു സൗന്ദര്യം. മോഹന്റെ സിനിമകളിലെ സ്ത്രീ കഥാപാത്രങ്ങളിലും വ്യത്യസ്തകൾ കാണാമായിരുന്നു. സംവിധായകനെന്നതിലുപരി തിരക്കഥാകൃത്തായും എഴുത്തുകാരനായും അദ്ദേഹം മലയാളികൾക്കിടയിൽ ശ്രദ്ധേയനായി.
അങ്ങനെ ഒരു അവധിക്കാലത്ത്, മുഖം, ശ്രുതി, ആലോലം, വിടപറയും മുമ്പേ എന്നീ അഞ്ചു സിനിമകള്‍ക്ക് തിരക്കഥയൊരുക്കി. 2005 ൽ പുറത്തിറങ്ങിയ ദ് ക്യാംപസ് എന്ന ചിത്രത്തിന് ശേഷം സിനിമാ ലോകത്ത് നിന്ന് അദ്ദേഹം മാറി നിന്നു. എക്കാലവും മലയാള സിനിമാ പ്രേക്ഷകർക്ക് നെഞ്ചോടു ചേർത്തുവയ്ക്കാൻ ഒരുപിടി മികച്ച സിനിമകൾ സമ്മാനിച്ചിട്ടാണ് എഴുപത്തിയാറാം വയസിൽ അദ്ദേഹം വിടപറഞ്ഞത്. മോഹന്റെ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമകളിലൂടെ.
മോഹൻ സംവിധാനം ചെയ്ത ചിത്രങ്ങളിൽ മലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്ത ചിത്രമാണ് 1978 ൽ പുറത്തിറങ്ങിയ ശാലിനി എൻ്റെ കൂട്ടുകാരി. പത്മരാജനായിരുന്നു ചിത്രത്തിന്റെ രചന. വേണു നാഗവള്ളി, ശോഭ, ജലജ, സുകുമാരൻ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ. ശാലിനി, അമ്മു എന്നീ രണ്ട് പെൺകുട്ടികൾ തമ്മിലുള്ള സൗഹൃദമായിരുന്നു ചിത്രം പറഞ്ഞത്. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു.
1981 ൽ പുറത്തിറങ്ങിയ ചിത്രത്തിന് ജോൺപോളാണ് കഥയൊരുക്കിയത്. ഇന്നസെന്റ്, ഡേവിഡ് കാച്ചപ്പള്ളി എന്നിവർ ചേർന്നായിരുന്നു ചിത്രം നിർമ്മിച്ചത്. പ്രേം നസീർ, നെടുമുടി വേണു, ലക്ഷ്മി, ഇന്നസെന്റ് എന്നിവരായിരുന്നു പ്രധാന വേഷത്തിലെത്തിയത്. അനുദിനം മരണത്തോട് അടുത്തുകൊണ്ടിരിക്കുന്ന രോഗിയായ സേവ്യറിന്റെ കഥയാണ് ചിത്രം പറഞ്ഞത്. നെടുമുടി വേണുവാണ് ചിത്രത്തിൽ സേവ്യറായെത്തിയത്. നെടുമുടി വേണുവിന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രം കൂടിയായിരുന്നു ഇത്.
പത്മരാജൻ രചന നിർവഹിച്ച് മോഹൻ സംവിധാനം ചെയ്ത് 1982 ൽ പുറത്തിറങ്ങിയ ചിത്രമാണ് ഇടവേള. അശോകൻ, ഇടവേള ബാബു, നളിനി എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിത്. ഇടവേള ബാബുവിന് ഈ പേര് ലഭിച്ചതും ഈ ചിത്രത്തിലൂടെയായിരുന്നു. ഇടവേള ബാബുവിന്റെ ആദ്യ സിനിമ കൂടിയാണിത്.
മമ്മൂട്ടി, നെടുമുടി വേണു, പി.കെ. എബ്രഹാം, ശ്രീനാഥ്, മാധവി, ശാന്തികൃഷ്ണ തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. ഇളയരാജയായിരുന്നു ചിത്രത്തിന് സംഗീതമൊരുക്കിയത്. 1984 ലാണ് ചിത്രം പുറത്തിറങ്ങിയത്.
സുമലത, ബാലചന്ദ്ര മേനോൻ, നെടുമുടി വേണു തുടങ്ങിയവരായിരുന്നു പ്രധാന താരങ്ങൾ. ഇസബെല്ല എന്ന ടൈറ്റിൽ കഥാപാത്രമായാണ് ചിത്രത്തിൽ സുമലതയെത്തിയത്. ഒഎൻവി കുറുപ്പ് രചിച്ച ഇതിലെ ഗാനങ്ങൾക്ക് ജോണ്‍സണ്‍ സംഗീതം പകർന്നിരിക്കുന്നു.
മോഹന്റെ സംവിധാനത്തിൽ മോഹൻലാൽ, ഇന്നസെന്റ്, ശോഭന, ശാന്തികൃഷ്ണ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1994 ലെത്തിയ ചിത്രമാണ് പക്ഷേ. ബാലചന്ദ്ര മേനോൻ എന്ന മോഹൻലാലിന്റെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമ സഞ്ചരിക്കുന്നത്. നന്ദിനി എന്ന കഥാപാത്രമായാണ് ശോഭന ചിത്രത്തിലെത്തിയത്. ചിത്രത്തിന്റെ ക്ലൈമാക്സ് മലയാളികൾക്കിടയിൽ ഇന്നും ചർച്ചയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates