

കഴിഞ്ഞ ദിവസമാണ് നടൻ കുഞ്ചാക്കോ ബോബന് എതിരെ പദ്മിനി സിനിമയുടെ നിർമാതാവ് രംഗത്തെത്തിയത്. 2.5 കോടി പ്രതിഫലമായി വാങ്ങിയിട്ട് പ്രമോഷന് എത്തിയില്ല എന്നായിരുന്നു അരോപണം. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായ ഒരു അനുഭവം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് നദികളിൽ സുന്ദരി യമുനയുടെ നിർമാതാവ് മുരളി കുന്നുംപുറത്ത്. ചിത്രത്തിലെ നായകനായ ധ്യാൻ ശ്രീനിവാസന്റേയും നടൻ അജു വർഗീസിന്റേയും കരുതലിനെക്കുറിച്ചുമാണ് അദ്ദേഹം പറഞ്ഞത്.
ചിത്രത്തിന്റെ സംവിധാനം രണ്ട് പുതുമുഖങ്ങളായതിനെ തുടർന്നുണ്ടായ പ്രശ്നങ്ങൾ പരിഹരിച്ചത് ധ്യാൻ ആണ് എന്നാണ് അദ്ദേഹം പറയുന്നത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായി സംസാരിച്ച് ഓരോ ദിവസത്തേയും കാര്യങ്ങൾ പ്ലാൻ ചെയ്യുമായിരുന്നു. പോസ്റ്റ് പ്രൊഡക്‌ഷൻ വേളയിലും ധ്യാൻ സജീവമായി ഇടപെട്ടെന്നും മുരളി കൂട്ടിച്ചേർത്തു. അജു വർഗീസ് കരാറിൽ പറഞ്ഞതിനേക്കാൾ ആധിക ദിവസം ഷൂട്ടിങ് നടത്തിയിട്ടും അതിന് പ്രതിഫലം വാങ്ങിയില്ലെന്നും കുറിപ്പിൽ കുറിപ്പിൽ പറയുന്നു.
കുറിപ്പ് വായിക്കാം
സിനിമാ പ്രമോഷന് നായകൻ സഹകരിക്കുന്നില്ല എന്ന വിഷയം മലയാള സിനിമയിൽ ഗൗരവമേറിയ ചർച്ചകൾക്ക് വഴി തെളിയിച്ചിരിക്കുന്ന സന്ദർഭത്തിൽ എനിക്ക് പറയാനുള്ളത് വ്യത്യസ്തമായ ഒരു കാര്യമാണ്. അത് മലയാള സിനിമയിലെ രണ്ട് യുവ നടൻമാരുടെ കരുതലിന്റെ, സ്നേഹത്തിന്റെ, ആത്മാർഥതയുടെ ഊഷ്മളമായ അനുഭവമാണ്.
ഞാനും സുഹൃത്ത് വിലാസ് കുമാറും കൂടി നിർമിച്ച് റിലീസിങ്ങിന് തയാറായ ‘നദികളിൽ സുന്ദരി യമുന’ എന്ന സിനിമയിൽ മുഖ്യ വേഷത്തിൽ എത്തുന്നത് ധ്യാൻ ശ്രീനിവാസനും അജു വർഗീസുമാണ്. ഇതിന്റെ സംവിധായകർ രണ്ട് പുതിയ യുവാക്കളാണ്. ഫീൽഡിൽ പുതുമുഖങ്ങളായതുകൊണ്ട് അതിന്റേതായ പ്രയോഗിക പ്രശ്നങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികം. എന്നാൽ ഈ പ്രശ്നങ്ങൾ മുഴുവൻ പരിഹരിച്ചത് സംവിധായകനും കൂടിയായ ധ്യാനാണ്. തന്റെ സ്വന്തം സിനിമയാണ് എന്ന രീതിയിൽ സിനിമയിൽ സജീവമായി ഇടപ്പെട്ട് യമുന എന്ന സുന്ദരിയെ കൂടുതൽ സുന്ദരിയാക്കി, മനോഹരിയാക്കി. സംവിധായകർ, ക്യാമറമാൻ, തുടങ്ങി യൂണിറ്റിലെ ബന്ധപ്പെട്ടവരോട് മുഴുവൻ ഇടപ്പെട്ട് ചർച്ച നടത്തി കാര്യങ്ങൾ ഭംഗിയായി നിർവഹിച്ചു. ഷൂട്ടിങ്ങ് അവസാനിക്കുവാൻ രാത്രി ഏറെ വൈകിയാലും അതാത് ദിവസത്തെ കാര്യങ്ങൾ സംവിധായകരോട് ചര്‍ച്ച ചെയ്യുമായിരുന്നു. അവരുടെ അഭിപ്രായങ്ങൾക്ക് ചെവി കൊടുത്ത് അടുത്ത ദിവസത്തെക്കുള്ള കാര്യങ്ങളിൽ പ്ലാനിങ് നടത്തിരുന്നു.
പോസ്റ്റ് പ്രൊഡക്‌ഷൻ വേളയിലും സജീവമായി ഇടപ്പെട്ട് വ്യക്തമായ നിർദ്ദേശങ്ങൾ നൽകി. സിനിമയുടെ ബിസിനസ് സംബന്ധമായ വിഷയത്തിലും അതീവ ശ്രദ്ധ കാട്ടി. എന്നെ കഴിഞ്ഞ ദിവസം കൂടി വിളിച്ച് സിനിമയുടെ ബിസിനസ്സ്, റിലീസ് സംബന്ധമായ കാര്യങ്ങൾ അന്വേഷിച്ചിരുന്നു. ഇത്തരം കാര്യങ്ങൾ മലയാള സിനിമയിൽ അന്യം നിന്ന് പോയതായിരുന്നു. മലയാള സിനിമയിൽ നഷ്ടപ്പെട്ടു എന്ന് കരുതിയ സനേഹവും ബഹുമാനവും കരുതലുമാണ് ധ്യാൻ തിരികെ കൊണ്ടുവരുന്നത്. അജു വർഗീസ് ഈ സിനിമയിൽ കരാറിൽ പറഞ്ഞതിനെക്കാൾ ഏഴ് ദിവസം കൂടുതൽ അഭിനയിച്ചു. ഈ ഏഴ് ദിവസത്തിന് എത്ര പ്രതിഫലം അധികമായി വേണമെന്ന് ചോദിച്ചപ്പോൾ ‘‘ഒന്നും വേണ്ട സിനിമ നല്ലതായി പുറത്ത് വരട്ടെ’’ എന്ന് പറഞ്ഞപ്പോൾ എന്റെ കണ്ണു നിറഞ്ഞു പോയി. സിനിമയിൽ പല ക്രിയാത്മകമായ നിർദേശങ്ങളും അജു നൽകിയിരുന്നു. ഈ രണ്ട് യുവ നടർമാരുടെ കരിയറിൽ തന്നെ എറ്റവും മികച്ച സിനിമായായിരിക്കും ‘നദികളിൽ സുന്ദരി യമുന’. കണ്ണൂർ ജില്ലയിലെ ഗ്രാമ ഭംഗിയും കുടകിന്റെ വശ്യതയും ഒരുമിച്ച സിനിമ തിയറ്ററിൽ നിലയ്ക്കാത്ത പൊട്ടിച്ചിരി സമ്മാനിക്കും എന്ന് തീർച്ച.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates