ഷൈൻ ടോം ചാക്കോയുടെ അഭിമുഖം വലിയ ചർച്ചയായതിന് പിന്നാലെ താരത്തെ ആക്ഷേപിച്ചും പരിഹസിച്ചും കമന്റുകൾ വന്നിരുന്നു. തുടർന്ന് യഥാർത്ഥത്തിൽ സംഭവിച്ചതെന്തെന്ന് തിരക്കഥാകൃത്ത് മുനീർ മുഹമ്മദുണ്ണി വിശദീകരിച്ചുകൊണ്ട് രംഗത്തെത്തിയത് വാർത്തയായിരുന്നു. കാലിന് പരുക്കേറ്റതിനെ തുടർന്ന് കഴിച്ച മരുന്നുകളുടെ സഡേഷനാണ് പ്രശ്നമായത് എന്നാണ് വ്യക്തമാക്കിയത്. ഇപ്പോൾ താരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ പ്രശോഭ് വിജയൻ.
സമീപകാല അഭിമുഖങ്ങൾക്കു സംഭവിച്ചത് എന്താണ് എന്ന് തനിക്കറിയാം എന്നാണ് പ്രശോഭ് പറഞ്ഞത്. ആക്ഷേപവുമായി എത്തുന്ന എല്ലാവരേയും അവഗണിക്കണമെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. അവരവരുടെ സിനിമകളുടെ പബ്ലിസിറ്റിക്ക് ഉത്തരവാദികളായ വേറെയും നടന്മാരുണ്ടെന്നും ഇത്രയും വേദനിക്കുമ്പോൾ എല്ലാം ചുമക്കേണ്ടതില്ലെന്നും പ്രശോഭ് പറയുന്നു. ഷൈൻ നായകനായി എത്തുന്ന അടിയുടെ സംവിധായകനാണ് പ്രശോഭ് വിജയൻ. തല്ലുമാല, ഫെയര്‍ ആൻഡ് ലൗലി എന്നീ സിനിമകളുടെ ചിത്രീകരണത്തിനിടെ ആയിരുന്നു ഷൈനിന് കാല്‍ മുട്ടിലെ ലിഗമെന്‍റിന് പരുക്കേറ്റത്.
പ്രശോഭിന്റെ കുറിപ്പ് വായിക്കാം
‘പ്രിയപ്പെട്ട ഷൈൻ ടോം ചാക്കോ, നിങ്ങൾക്കും നിങ്ങളുടെ സമീപകാല അഭിമുഖങ്ങൾക്കും ഇടയിൽ എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയാം. ഇത് ചെയ്യാൻ അവർക്ക് അവസരം നൽകരുത്, ഇതിനെയെല്ലാം അവഗണിക്കുക, ഈ ആളുകളെയെല്ലാം അവഗണിക്കുക, പരുക്കുകളിൽ നിന്ന് എത്രയും വേഗം സുഖം പ്രാപിക്കുക. അവർ ഇന്റർനെറ്റിലൂടെ വിധിന്യായം നടത്തുന്നവരാണ്, നിങ്ങൾക്ക് ഒരിക്കലും അവരുടെ ചിന്തകളും ചിന്താ പ്രക്രിയയും തിരുത്താൻ കഴിയില്ല.
അവരവരുടെ സിനിമകളുടെ പബ്ലിസിറ്റിക്ക് ഉത്തരവാദികളായ വേറെയും നടന്മാരുണ്ട്, ഇത്രയും വേദനിക്കുമ്പോൾ എല്ലാം ചുമക്കേണ്ടതില്ല. നിങ്ങൾ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു, ഉടൻ തന്നെ തല്ലുമാലയിൽ ചേരുമെന്ന് പ്രതീക്ഷിക്കുന്നു. രതീഷ് രവിക്കൊപ്പം ‘അടി’യുടെ കഥ നിങ്ങളോട് പറഞ്ഞത് ഞാൻ ഓർക്കുന്നു, വെറുതെ ഒരു കട്ടിലിൽ കിടന്ന് എല്ലാത്തിനും തമാശകൾ പറഞ്ഞ്. മുറിയിൽ ഒരു ക്യാമറ ഉണ്ടായിരുന്നെങ്കിൽ, നമ്മൾ തെറ്റിദ്ധരിക്കപ്പെട്ടേനെ. എത്രയും വേഗം സുഖമായി വാ ചേട്ടാ, ദൈവം അനുഗ്രഹിക്കട്ടെ’ – പ്രശോഭ് വിജയൻ കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates