'ആക്ഷൻ പറഞ്ഞപ്പോള്‍ ആദ്യം വലിച്ചുവാരി ചോറുണ്ടത് ലളിതച്ചേച്ചി!'

'അയ്യോ എനിക്കിത് കഴിക്കാൻ വയ്യ' എന്നൊക്കെ ലളിതച്ചേച്ചി പറഞ്ഞുകൊണ്ടേയിരുന്നു
പുണ്യം അഹം ചിത്രത്തില്‍നിന്ന്‌
പുണ്യം അഹം ചിത്രത്തില്‍നിന്ന്‌
Updated on
1 min read

ളിതച്ചേച്ചിയുടെ ശബ്ദത്തിൽ ഞാൻ കേൾക്കുന്നു. ഷൂട്ടിങ്ങിനിടയിൽ ടെൻഷൻ കൂടുമ്പോൾ ഞാൻ ചേച്ചിയുടെ അടുത്ത് ഒരു കസേര വലിച്ചിട്ടിരിക്കും. പറഞ്ഞു നിറുത്തിയിടത്ത് എന്നപോലെ സിനിമാലോകത്തെ പഴങ്കഥകൾ ചിരിപൊട്ടിച്ചു കൊണ്ട് പറയും. എനിക്കേറെ ഇഷ്ടമുള്ള സിനിമയാണ് 'അനുഭവങ്ങൾ പാളിച്ചകൾ' എന്ന് ഞാൻ പറയും. പഴയ 'കല്യാണി കളവാണി' പാടിയ മധുരപ്പതിനേഴുകാരിയുടെ ചിരിയും നാണവും മുഖത്ത് വരും. 'ഞാനന്ന് കൊച്ചാ' എന്ന് തുടങ്ങുന്ന കഥകൾ. 'ജയശ്രിയുടെ അമ്മ' എന്ന പേരില്ലാകഥാപാത്രത്തെപ്പറ്റി ഞാൻ എല്ലാം വിശദമായിപ്പറഞ്ഞുകൊടുക്കും പക്ഷെ മറ്റുള്ള കഥാപാത്രങ്ങളും കഥയുടെ പോക്കും ലളിതച്ചേച്ചിക്കറിയില്ലായിരുന്നു. 'ദേ ഇതു പോലാ അടൂരുസാറും അവിടേം ഇവിടേം മാത്രമെ പറഞ്ഞുതരത്തുള്ളു പക്ഷെ നമ്മളെക്കൊണ്ട് പെടാപ്പാട് പെടീക്കും'.

നെടുമുടിയിൽ ആറേഴു പടികൾ പൊക്കത്തിലുള്ള പഴയ നാലുകെട്ടിലായിരുന്നു ഷൂട്ടിങ്ങ്. പാവം മുട്ടുവേദന സഹിച്ച് എത്രയോ തവണ എനിക്ക് വേണ്ടി കയറിയിറങ്ങി. സ്വന്തം വേദന മുഖത്ത് കാണിക്കാതെ കഥാപാത്രത്തിന്റെ മാനിസികാവസ്ഥയെ മുഖത്തു ചാർത്തി ആ മഹാനടി . വളരെ വൈകി രാത്രിയിൽ ചിത്രീകരിച്ച അത്താഴമുണ്ണുന്ന ഒരു സീനിൽ പ്രൊഡക്‌ഷൻ വകുപ്പിലെ ചോറ് ഇല്ലായിരുന്നു (രാത്രിയിൽ ചപ്പാത്തിയും കഞ്ഞിയുമാണ്) സന്മനസ്സുള്ള അയൽപക്കക്കാരൻ കൊണ്ടുവന്ന കുട്ടനാട്ടിലെ വെള്ളം വറ്റാത്ത പുഴുക്കലരി ചോറ് ഇത്തിരി പഴകിയതാണോ എന്ന് ഒരു സംശയം. അത് കഴിച്ചാൽ വയറ്റിൽ പിടിക്കുമോ എന്ന് എനിക്കും പേടിയുണ്ടായിരുന്നു. ലളിതച്ചേച്ചിക്കൊപ്പം രാജുവും (പൃഥ്വിരാജ് സുകുമാരൻ) സംവൃതാ സുനിലും ആ ചോറ് കഴിക്കുന്നുണ്ട്. 'അയ്യോ എനിക്കിത് കഴിക്കാൻ വയ്യ' എന്നൊക്കെ ലളിതച്ചേച്ചി പറഞ്ഞുകൊണ്ടേയിരുന്നു. ഞാൻ Action വിളിച്ചപ്പോൾ ആദ്യം വലിച്ചുവാരി ചോറുണ്ടത് ലളിതച്ചേച്ചി! കാരണം ആ കഥാപാത്രം അങ്ങനെയായിരുന്നു. അതാണ് KPAC ലളിത...

മറക്കാനാവാത്ത മറ്റൊരു രംഗം ഇട്ടേച്ചുപോയ ഭർത്താവിന്റെ പഴകിയ ഷേവിങ്ങ്സെറ്റ് ഉപയോഗിച്ച് ചെറുപ്പക്കാരനായ നായകന്റെ (പൃഥ്വിരാജ്) താടി വടിക്കുന്ന രംഗം. പനി തന്നിലേക്കാവാഹിച്ചെടുക്കുന്ന അമ്മ. ആങ്ങളയുടെ (നെടുമുടി വേണുച്ചേട്ടൻ) വികൃതികൾ കണ്ടില്ലെന്ന് നടിച്ച് വെളിയിൽ ഉറങ്ങിയഭിനയിക്കുന്ന അമ്മ... 


തകഴിവഴി പോയാൽ ലളിതച്ചേച്ചി അമ്മൂമ്മയെ കണ്ടിട്ടേ പോവുകയുള്ളു. ഒരു തകഴി സാഹിത്യോത്സവത്തിൽ ചേച്ചിയെ ആദരിക്കുകയുമുണ്ടായി. എന്നെ വടക്കാഞ്ചേരിക്കടുത്തുള്ള ഒരമ്പലത്തിലെ ഉത്സവത്തിന് ക്ഷണിച്ചിരുന്നു. എപ്പോൾ ഫോൺ വിളിച്ചാലും പറയും 'അടുത്ത ഉത്സവത്തിന് വരാൻ നോക്കണം രാജിന് ഒത്തിരി ഇഷ്ടപ്പെടും'. കൊച്ചുന്നാളിൽ ഭരതൻ സംവിധാനം ചെയ്യുന്നത് ഞാൻ മാറി നിന്ന് കണ്ടിട്ടുണ്ട്. ഷോട്ടുകൾക്കിടയിൽ കാര്യങ്ങൾ വരച്ചു കാണിക്കുന്ന പ്രതിഭ. ലളിതച്ചേച്ചി അദ്ദേഹത്തിന്റെ അവസാന നാളുകളെപ്പറ്റി വിശദീകരിച്ച് പറഞ്ഞതെല്ലാം ഇന്നും ഞാൻ കേൾക്കുന്നു. ഒട്ടും മറയില്ലാതെ സ്വന്തം ജീവിതാനുഭവങ്ങൾ - സിനിമയിലും ജീവിതത്തിലും - എത്രയോ എന്നോട് പറഞ്ഞിരിക്കുന്നു. എന്തിനാണതെല്ലാം എന്നോട് പറഞ്ഞത്? എനിക്ക് കഥ കേൾക്കാനുതകുന്ന ചെവിയുണ്ട് എന്നറിഞ്ഞിട്ടാവണം. 

(പുണ്യം അഹം എന്ന ചിത്രത്തിന്റെ സംവിധായകനായ രാജ്‌നായര്‍ തകഴിയുടെ ചെറുമകനാണ്)
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com