

കൊച്ചി: ലൈംഗികാതിക്രമ പരാതിയെ തുടർന്ന് അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ സംഘടനയിൽ നിന്ന് സസ്പെൻഡ് ചെയ്തതായി ഫെഫ്ക. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനിൽ നിന്നും ഫെഫ്ക റൈറ്റേഴ്സ് യൂണിയനിൽ നിന്നുമാണ് രഞ്ജിത്തിനെ സസ്പെൻഡ് ചെയ്തിരിക്കുന്നത്.
ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ പ്രാഥമിക അംഗത്വത്തിൽ നിന്ന് രഞ്ജിത്തിന് സസ്പെൻഡ് ചെയ്തതായി പ്രസിഡന്റ് രൺജി പണിക്കർ, ജനറൽ സെക്രട്ടറി ജി എസ് വിജയൻ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു. ഇതിന് പിന്നാലെയാണ് ഫെഫ്ക റൈറ്റേഴ്സ് യൂണിയനിൽ നിന്നും രഞ്ജിത്തിനെ പുറത്താക്കിയതായി പ്രസിഡന്റ് ബാലചന്ദ്രൻ ചുള്ളിക്കാടും ജനറൽ സെക്രട്ടറി ബെന്നി പി നായരമ്പലവും അറിയിച്ചത്.
രഞ്ജിത്തിനെതിരെ നടപടിയെടുക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ മാധ്യമങ്ങളോട് നേരത്തെ പറഞ്ഞിരുന്നു. നിലവിൽ അറസ്റ്റിലായ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. എറണാകുളം സബ് ജയിലിലാണ് രഞ്ജിത്തിനെ പാര്‍പ്പിക്കുക. കൊച്ചിയില്‍ മജിസ്‌ട്രേറ്റിന്റെ വസതിയിലെത്തിച്ചാണ് സംവിധായകനെ പൊലീസ് റിമാന്‍ഡ് ചെയ്തത്.
ജാമ്യാപേക്ഷ ഫയല്‍ ചെയ്തിട്ടുണ്ടെന്ന് രഞ്ജിത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. തൊടുപുഴയില്‍ നിന്നും കസ്റ്റഡിയിലെടുത്ത രഞ്ജിത്തിനെ രാത്രിയാണ് പൊലീസ് കൊച്ചിയിലെത്തിച്ചത്. ആരോഗ്യപ്രശ്‌നങ്ങള്‍ പറഞ്ഞതിനെ തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന രഞ്ജിത്തിനെ രാവിലെ ഡോക്ടര്‍മാര്‍ എത്തി പരിശോധിച്ചു.
മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്നാണ് മറ്റ് നടപടിക്രമങ്ങളിലേക്ക് പൊലീസ് കടന്നത്. ഫോര്‍ട്ട് കൊച്ചിയില്‍ സിനിമാ സെറ്റില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന യുവനടിയുടെ പരാതിയിലാണ് രഞ്ജിത്ത് പിടിയിലായത്. കാരവാനില്‍ വെച്ച് രഞ്ജിത്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates