
ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന സംവിധായകരിൽ ഒരാൾ. തന്റെ സിനിമയിലെ ഓരോ സീനും ഗംഭീരമാക്കാൻ ലോകത്തിന്റെ ഏതു കോണിലേക്കും രാപ്പകലില്ലാതെ സഞ്ചരിക്കുന്നയാൾ. തന്റെ സെറ്റിലെ ഓരോ ജോലിക്കാരെയും അതിരറ്റ് വിശ്വസിക്കുന്നയാൾ. തൊട്ടതെല്ലാം ഹിറ്റാക്കുന്ന, പ്രേക്ഷകർക്ക് കാഴ്ചയുടെ മായാലോകം തുറന്നു തരുന്ന ഫിലിംമേക്കർ. അങ്ങനെ ശങ്കർ എന്ന സംവിധായകനെ കുറിച്ച് പറയാനാണെങ്കിൽ ഒരുപാടുണ്ട്.
ഇന്നിപ്പോൾ ഇന്ത്യൻ സിനിമ ലോകം തന്നെ ഉറ്റു നോക്കുകയാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഇന്ത്യൻ 2വിനായി. 1996 ൽ പുറത്തിറങ്ങിയ ഇന്ത്യൻ അന്നത്തെ എല്ലാ ബോക്സ് ഓഫീസ് കളക്ഷനുകളേയും തകർത്തു. അച്ഛനായും മകനായും അഭിനയിച്ച കമൽ ഹാസനെ തേടി മികച്ച നടനുള്ള ദേശീയ പുരസ്കാരവുമെത്തി. ഇപ്പോഴിതാ രണ്ടാം ഭാഗവുമായി ശങ്കർ - കമൽ കൂട്ടുകെട്ടുത്തുമ്പോൾ പ്രേക്ഷകർക്കും പ്രതീക്ഷ വാനോളമാണ്. ശങ്കർ എന്ന ക്രാഫ്റ്റ്സ്മാനിൽ നിന്ന് പിറന്ന മികച്ച ചിത്രങ്ങളിലൂടെ...
ശങ്കറിന്റെ ആദ്യ ചിത്രമായിരുന്നു 1993 ൽ പുറത്തിറങ്ങിയ ജെന്റിൽമാൻ. അർജുൻ സർജ, മധുബാല, സുഭാഷി എന്നിവരായിരുന്നു പ്രധാന വേഷത്തിലെത്തിയത്. നടൻ അർജുന്റെ കരിയറിലെ ഒരു വഴിത്തിരിവായി മാറി ചിത്രം. 175 ദിവസത്തിലധികം തിയറ്ററിൽ പ്രദർശിപ്പിച്ച ചിത്രം ബ്ലോക്ബസ്റ്റർ ആയി മാറി.
1998 ഏപ്രിൽ 24 നാണ് ജീൻസ് റിലീസ് ചെയ്യുന്നത്. അക്കാലത്ത് ഇന്ത്യൻ സിനിമയിൽ നിർമ്മിച്ച ഏറ്റവും ചെലവേറിയ ചിത്രമായിരുന്നു ഇത്. പ്രശാന്ത്, ഐശ്വര്യ റായ്, ലക്ഷ്മി, രാധിക ശരത്കുമാർ, നാസർ, സെന്തിൽ, രാജു സുന്ദരം തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരന്നു. എ ആർ റഹ്മാനാണ് സംഗീതമൊരുക്കിയത്.
1994 ൽ ശങ്കർ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഒരു പ്രണയ - ത്രില്ലർ ചിത്രമാണ് കാതലൻ. പ്രഭുദേവ, നഗ്മ, വടിവേലു, രഘുവരൻ, ഗിരീഷ് കർണാട് എന്നിവരായിരുന്നു പ്രധാന വേഷത്തിലെത്തിയത്. ചിത്രത്തിനായി എ ആർ റഹ്മാനാണ് സംഗീതമൊരുക്കിയത്. ഇന്നും സിനിമ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട പ്രണയ ചിത്രങ്ങളിലൊന്നാണ് കാതലൻ.
പൊളിറ്റിക്കൽ ആക്ഷൻ ചിത്രമായാണ് മുതൽവൻ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. അർജുൻ സർജ, മനീഷ കൊയ്‌രാള, രഘുവരൻ എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. ചിത്രത്തിലെ പാട്ടുകളെല്ലാം ഇന്നും സൂപ്പർ ഹിറ്റാണ്.
2005 ലെ ബോക്സോഫീസ് റെക്കോർഡുകളെല്ലാം തകർത്തെറിഞ്ഞ ചിത്രമായിരുന്നു അന്യൻ. അമ്പി, റെമോ, അന്യൻ എന്നീ മൂന്ന് കഥാപാത്രങ്ങളായി ചിയാൻ വിക്രം തകർത്തഭിനയിച്ചു ചിത്രത്തിൽ. സദയായിരുന്നു ചിത്രത്തിലെ നായിക. വിവേക്, പ്രകാശ് രാജ്, നെടുമുടി വേണു, നാസർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി.
ശിവാജി ദ് ബോസിന് ശേഷം രജനികാന്തിനെ വച്ച് ശങ്കർ ചെയ്ത ചിത്രമാണ് എന്തിരൻ. ഐശ്വര്യ റായ് ആണ് ചിത്രത്തിൽ നായികയായെത്തിയത്. 2010 ൽ പുറത്തിറങ്ങിയ ചിത്രം അക്കാലത്തെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായിരുന്നു. ഹോളിവുഡിൽ നിന്നുള്ള സാങ്കേതിക വിദഗ്‌ധരടക്കം ചിത്രത്തിന്റെ ഭാഗമായി. റോബോർട്ടായും ചിത്രത്തിൽ രജനിയെത്തി.
ശങ്കറിന്റെ എക്കാലത്തേയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ബോയ്സ്. സിദ്ധാർഥ്, ജെനീലിയ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങൾ. എആർ റഹ്മാനാണ് സംഗീതമൊരുക്കിയിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
