

തമിഴ് സിനിമയിൽ നിന്ന് ഇതരഭാഷാ താരങ്ങളെ ഒഴിവാക്കാനുള്ള ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യയുടെ തീരുമാനം വലിയ ചർച്ചയാവുകയാണ്. ഇപ്പോൾ അതിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ വിനയൻ. പ്രാദേശികവും അത്യന്തം സങ്കുചിതവുമായ തീരുമാനമാണ് ഇതെന്നാണ് അദ്ദേഹം പറയുന്നത്. ഏതു സംസ്ഥാനത്തിൽപ്പെട്ടവർക്കും ഏതു ഭാഷയിൽ പെട്ടവർക്കും ഇന്ത്യയിലെവിടെയും ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം ആർക്കും നിഷേധിക്കാനാവില്ല. കേരളത്തിലെ തീയറ്ററുകളിൽ തമിഴ് ചിത്രങ്ങൾ റിലീസ് ചെയ്യില്ല എന്നൊരു തീരുമാനം ഇവിടുത്തെ സംഘടനകൾ എടുത്താൽ കുറഞ്ഞത് 150 കോടി രുപയെങ്കിലും തമിഴ്നാട് ഫിലിം ഇൻഡസ്ട്രിക്ക് നഷ്ടമുണ്ടാകുമെന്നും അദ്ദേഹം കുറിച്ചു.
വിനയന്റെ ഫെയ്സ്ബുക്ക് കുറിപ്പ്
ഇന്ത്യ ഒന്നാണ്.. എല്ലാ ഭാരതീയനും സഹോദരീ സഹോദരന്മാരാണ് എന്നൊക്കെ പറയുന്ന നാട്ടിലാണ് തികച്ചും പ്രാദേശികവും അത്യന്തം സങ്കുചിതവുമായ തീരുമാനത്തിലേക്ക് തമിഴ്നാടു സിനിമാ സംഘടനകൾ നീങ്ങുന്നത്.. കുറേ ദിവസമായി ഈ വാർത്തകൾ വന്നിട്ടും തമിഴ്നാടു സർക്കാർ അതിനെ എതിർക്കാൻ തയ്യാറായിട്ടില്ല.. മാത്രമല്ല ഇപ്പോൾ ഈ വാദത്തിന് അവിടെ സപ്പോർട്ട് ഏറി വരികയാണന്നറിയുന്നു.. നമ്മുടെ സാംസ്കാരിക വകുപ്പാണങ്കിൽ സിനിമാക്കാരുടെ പ്രശ്നങ്ങളിൽ ഞങ്ങളീ നാട്ടുകാരല്ല എന്ന സമീപനമാണ് പലപ്പോഴും എടുക്കുന്നത്..
ഈ നീക്കം വളരാനനുവദിച്ചാൽ അതൊരുതരം വിഘടന വാദത്തിനു തുല്യമാണ്.. ഇതു മുളയിലേ നുള്ളിക്കളയണം.. ഏതു സ്റ്റേറ്റിൽപ്പെട്ടവർക്കും ഏതു ഭാഷയിൽ പെട്ടവർക്കും ഇന്ത്യയിലെവിടെയും ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം ആർക്കും നിഷേധിക്കാനാവില്ല..കേരളത്തിൽ ഹിറ്റാകുന്ന മലയാള ചിത്രങ്ങൾക്ക് കിട്ടുന്നതിനേക്കാൾ വലിയ കളക്ഷനാണ് വിജയ്യുടെയും, കമലാ ഹാസൻെറയും, രജനീകാന്താൻെറയും സൂര്യയുടെയും ഒക്കെ ചിത്രങ്ങൾ ഇവിടുന്നു വാരിക്കൊണ്ടു പോകുന്നത്.. നമ്മൾ അവരെ വേറിട്ടു കാണുന്നില്ല എന്നതാണു സത്യം..
കേരളത്തിലെ തീയറ്ററുകളിൽ തമിഴ് ചിത്രങ്ങൾ റിലീസ് ചെയ്യില്ല എന്നൊരു തീരുമാനം ഇവിടുത്തെ സംഘടനകൾ എടുത്താൽ കുറഞ്ഞത് 150 കോടി രുപയെങ്കിലും തമിഴ്നാട് ഫിലിം ഇൻഡസ്ട്രിക്കു ഒരു വർഷം നഷ്ടമാകും. മാത്രമല്ല ഹിറ്റാകുന്ന മലയാള ചിത്രങ്ങൾക്ക് പോലും തമിഴ് നാട്ടിലെ തീയറ്ററുകളിൽ കിട്ടുന്നത് വളരെ വളരെ തുഛമായ കളക്ഷനുമാണന്നോർക്കണം.
തമിഴ് സിനിമ തമിഴർക്കു മാത്രം എന്ന തീരുമാനം മാറ്റിയില്ലങ്കിൽ മലയാളത്തിനും മാറി ചിന്തിക്കേണ്ടി വരുമെന്ന ശക്തമായ മറുപടി കൊടുക്കാൻ മലയാളസിനിമയിലെ നിർമ്മാതാക്കളും, തീയറ്റർ ഉടമകളും, വിതരണക്കാരും എത്രയുംവേഗം തയ്യാറാകണമെന്നാണ് എൻെറ അഭിപ്രായം..
വിക്രമിനെ അവതരിപ്പിച്ച "കാശി" ഉൾപ്പെടെ കുറച്ചു ചിത്രങ്ങൾ ചെയ്യാൻ അവസരം ലഭിച്ച തമിഴകത്തോട് എനിക്കു സ്നേഹമുണ്ടങ്കിലും അവരുടെ ഈ സങ്കുചിത മനസ്ഥിതിയോടു യോജിക്കാനാവുന്നില്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates