

അന്തരിച്ച ക്യാമറമാന് ഷാജികുമാറുമായുള്ള അനുഭവങ്ങള്‍ പങ്കിട്ട് സംവിധായകന് വിനയന്. ജോലിയോടുള്ള അര്‍പ്പണബോധമാണ് ആയാളെ വ്യത്യസ്തനാക്കിയതെന്നും വിനയന് പറയുന്നു. തന്റെ നിരവധി ചിത്രങ്ങളില്‍ ക്യമാറമാനായ ഷാജി തന്നോട് ചോദിക്കുമായിരുന്നു; 'സാറ് ഇത്രത്തോളം റിസ്ക് എടുത്ത് സബ്ജക്ട് ഉണ്ടാക്കി സിനിമ ചെയ്യുമ്പോള്‍ അതില്‍ ലാലേട്ടനെ പോലുള്ളവരുടെ ഡേറ്റ് സംഘടിപ്പിക്കു സാറെ...സിനിമ എവിടെ പോയി നില്ക്കുമെന്നറിയാമോ?'- വിനയന് ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
'അത്ഭുതദ്വീപ് റിലീസ് ചെയ്തു കഴിഞ്ഞ് സംവിധായകന് ജോഷിയേട്ടന് എന്നെ വിളിച്ച് ചോദിച്ചിരുന്നു ആരാണ് ക്യാമറാമാനെന്ന്.. ആ അന്വേഷണത്തില്‍ നിന്നാണ് നരന് എന്ന മോഹന്‍ലാല്‍ സിനിമയിലേക്ക് ഉടനെ തന്നെ ഷാജി എത്തുന്നത്.. പിന്നീടുള്ള വലിയ സിനിമകളെല്ലാം അതിനു ശേഷം മാത്രം ഉണ്ടായതാണ്'- വിനയന് കുറിപ്പില്‍ പറയുന്നു.
വിനയന്റെ കുറിപ്പ്
ക്യാമറാമാൻ ഷാജികുമാറും അത്ഭുതദ്വീപ് എന്ന സിനിമയും…
കല്യാണ സൗഗന്ധികം എന്ന സിനിമ ഞാൻ ചെയ്യുമ്പോൾ വിപിൻ മോഹനൻ ചേട്ടനായിരുന്നു ക്യാമറാമാൻ അന്നാണ് അദ്ദേഹത്തിന്റെ അസിസ്റ്റന്റായ ഷാജി എന്ന ചെറുപ്പക്കാരനെ ഞാൻ ആദ്യമായി പരിചയപ്പെടുന്നത് അതിനു ശേഷം മിസ്റ്റർ ക്ളീനിലും വിപിൻ മോഹന്റെ അസ്സിസ്റ്റന്റ് ആയി ഷാജി ഉണ്ടായിരുന്നു.. വെള്ളിനക്ഷത്രമായിരുന്നു ഷാജി എന്റെ കൂടെ ക്യാമറാമാനായി വർക്കു ചെയ്യുന്ന ആദ്യ ചിത്രം. ഷാജി ഇൻഡിപ്പെൻഡന്റായി ആദ്യം ചെയ്ത ഉത്തമനു ശേഷം രണ്ടുമൂന്നു സിനിമകൾ കൂടി കഴിഞ്ഞായിരുന്നു 2004 ൽ വെള്ളി നക്ഷത്രം ചെയ്തത്..
ആ ഹൊറർ സിനിമ അന്ന് വിജയമായതിനൊപ്പം ഷാജിയുടെ വർക്കിനും നല്ല പേരു കിട്ടിയിരുന്നു. അതേ വർഷം പൃഥ്വിരാജിനെ തന്നെ വച്ച് ഞങ്ങൾ സത്യം എന്ന സിനിമ ചെയ്തു. മുഴു നീള ആക്ഷൻ ചിത്രമായിരുന്നു സത്യം അതിലെ ഷാജിയുടെ ക്യാമറാ വർക്ക് വളരെ നന്നായിരുന്നു..
അതിനു ശേഷമാണ് ഷാജിയുമായി ഒരുമിച്ച് അത്ഭുതദ്വീപു ചെയ്യുന്നത്
വളരെ വ്ത്യസ്ഥമായ ആ ഫാന്റസി സിനിമയുടെ കൺസപ്റ്റ് ഞാൻ പറയുമ്പോൾ തന്നെ മൂന്നടി പൊക്കമുള്ള മുന്നുറു കുഞ്ഞൻമാരും പിന്നെ കുറേ പൊക്കമുള്ളവരുമായി ഒരു സിനിമ പ്രാക്ടിക്കലാക്കാൻ പറ്റുമോ എന്നു സംശയമായിരുന്നു പലർക്കും..
ആ ചിത്രത്തിന്റെ കഥ ആലോചിക്കുമ്പോൾ മുതൽ ഷാജിയും എന്റെ കൂടെ ഉണ്ടായിരുന്നു.
ദൃശ്യ ഭംഗിയോടെ കാൽപ്പനികതയുടെ ചാരുത പോകാതെ ആ സിനിമ ചെയ്യുമ്പോൾ ഷാജി എന്ന ഛായാഗ്രാഹകന്റെ പങ്ക് എന്നെ ഏറെ സഹയിച്ചു..
ഗ്രാഫിക്സ് ഒന്നും നമ്മുടെ കേരളത്തിൽ ഏറെ ആരും യൂസ് ചെയ്യാത്ത ആ സമയത്ത് ടെക്നോളജി ഉപയോഗിച്ചുകൊണ്ട് വലിയ ബഡ്ജറ്റ് ഒന്നുമില്ലെങ്കിലും തെറ്റില്ലാതെ അത്ഭുത ദ്വീപ് തീയറ്ററിൽ എത്തിക്കാൻ കഴിഞ്ഞു.
സാധാരണ CG വർക്കിൽ നിന്നും വ്ത്യസഥമായി ജഗതിച്ചേട്ടന്റെ കഴുത്തിനു താഴോട്ടുള്ള ഭാഗം സ്ക്യൂസു ചെയ്താണ് അദ്ദേഹത്തെ മൂന്നടി പൊക്കത്തിലാക്കിയത്..
ഇന്നത്തെ അത്രേം ടെക്നോളജി വളരാത്ത ആ കാലത്ത് ദിവസങ്ങളോളം നീണ്ട അത്തരം ജോലികളിൽ എന്റെകൂടെ മുഴുവൻ സമയവും ചെന്നൈയ്യിൽ ഷാജി ഉണ്ടാകുമായിരുന്നു.
ഷൂട്ടിംഗ് കഴിഞ്ഞ് പോയ ശേഷം പിന്നെ ഗ്രേഡിംഗിനു വരുന്ന ക്യാമറാമാൻ അല്ലായിരുന്നു ഷാജി..
ഷാജിയുടെ ജോലിയോടുള്ള അർപ്പണബോധമാണ് അയാളെ വ്ത്യസ്ഥനാക്കിയത്..
അത്ഭുതദ്വീപ് റിലീസ് ചെയ്തു കഴിഞ്ഞ് സംവിധായകൻ ജോഷിയേട്ടൻ എന്നെ വിളിച്ച് ചോദിച്ചിരുന്നു ആരാണ് ക്യാമറാമാനെന്ന്..
ആ അന്വേഷണത്തിൽ നിന്നാണ് നരൻ എന്ന മോഹൻലാൽ സിനിമയിലേക്ക് ഉടനെ തന്നെ ഷാജി എത്തുന്നത്.. പിന്നീടുള്ള വലിയ സിനിമകളെല്ലാം അതിനു ശേഷം മാത്രം ഉണ്ടായതാണ്.
നമ്മുടെ ന്യൂജൻ പിള്ളേർ അവർ ജനിക്കുന്നതിനു മുൻപു റിലീസു ചെയ്ത അത്ഭുതദ്വീപിനെ കുറിച്ചും അതിശയനെ കുറിച്ചും റീലുണ്ടാക്കി ഇന്നും ഇടുമ്പോൾ അതിന്റെ ലിങ്ക് ഷാജി എനിക്കയച്ചു തരുമായിരുന്നു..
പിന്നീട് ഞാനും ഷാജിയുമായി ഒന്നിക്കുന്നത് പത്തൊമ്പതാം നൂറ്റാണ്ടെന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥപറഞ്ഞ ചരിത്ര സിനിമയിലാണ്..
ആ സിനിമയും കഥയുടെ മൂല്യം ചോരാത്ത വിഷ്വൽ ട്രീറ്റയി മാറ്റുന്നതിൽ ഷാജി വലിയ പങ്കു വഹിച്ചു.. കരുമാടിക്കുട്ടൻ പോലൊരു സിനിമ നമുക്കു ചെയ്യണമെന്ന് പത്തൊമ്പതാം നുറ്റണ്ട് കഴിഞ്ഞ് ഷാജി പറഞ്ഞു. മണിയെപ്പോലൊരു നടനെ കിട്ടിയാലേ അതു നടക്കു എന്ന് ഞാൻ മറുപടി പറഞ്ഞു
സാറ് ഇത്രത്തോളം റിസ്ക് എടുത്ത് സബ്ജക്ട് ഉണ്ടാക്കി സിനിമ ചെയ്യുമ്പോൾ അതിൽ ലാലേട്ടനെ പോലുള്ളവരുടെ ഡേറ്റ് സംഘടിപ്പിക്കു സാറെ…സിനിമ എവിടെ പോയി നിൽക്കുമെന്നറിയാമോ? ഷാജി പലപ്പോഴും എന്നോട് പറയാറുള്ള വാക്കാണ്.. മോഹൻ ലാലിനോട് വലിയ ഇഷ്ടമായിരുന്നു ഷാജിക്ക്..
അങ്ങനെ ഡേറ്റ് സംഘടിപ്പിക്കാനുള്ള കഴിവൊന്നും എനിക്കില്ലന്ന് ഷാജിക്കറിയാമായിരുന്നു..
എവിടാണങ്കിലും എത്ര തിരക്കാണങ്കിലും സാറൊരു സിനിമയ്കു വിളിച്ചാൽ ഞാൻ ഓടിവരും എന്ന് ദിവസങ്ങൾക്കു മൻപു പോലും പറഞ്ഞ ഷാജിയുടെ ആ സ്നേഹ വാക്ക് ഒരിക്കൽ കൂടി ഓർത്തുകൊണ്ട് നിർത്തുന്നു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates