

രാമായണത്തിലെ കൈകേയിയെ പരമ്പരാഗതമായി കണ്ടുവരുന്ന വില്ലൻ പരിവേഷത്തിൽ മാത്രം വിലയിരുത്തരുതെന്ന് നടി ലാറ ദത്ത. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന 'രാമായണ' സിനിമയിൽ കൈകേയിയായി വേഷമിടുന്ന ലാറ, കഥാപാത്രത്തിന്റെ പ്രവൃത്തികൾക്ക് പിന്നിലെ സാഹചര്യങ്ങളും ലക്ഷ്യങ്ങളും മനസ്സിലാക്കേണ്ടതുണ്ടെന്ന് പറഞ്ഞു.
കൈകേയി രാമനെ വനത്തിലേക്ക് അയച്ചത് രാവണനെ വധിക്കാനും ഭൂമിയിൽ സമാധാനവും വിശ്വാസവും പുനഃസ്ഥാപിക്കാനുമുള്ള ദൈവിക പദ്ധതിയുടെ ഭാഗമായിരുന്നുവെന്ന മറ്റൊരു രാമായണ പതിപ്പിലെ പരാമർശവും താരം ചൂണ്ടിക്കാട്ടി. കൈകേയിയെ എല്ലായ്പ്പോഴും വില്ലനായാണ് ചിത്രീകരിച്ചിട്ടുള്ളതെങ്കിലും കഥാപാത്രത്തിന്റെ പശ്ചാത്തലം പരിശോധിക്കുമ്പോൾ കൂടുതൽ സങ്കീർണമായ വ്യക്തിത്വമാണ് കാണാനാകുന്നതെന്നും ലാറ അഭിപ്രായപ്പെട്ടു.
രാമനെ സ്വന്തം മകൻ ഭരതനെക്കാൾ സ്നേഹിച്ചിരുന്ന കൈകേയി, രാമന്റെ പട്ടാഭിഷേകത്തെ ആദ്യം സന്തോഷത്തോടെയാണ് സ്വീകരിച്ചത്. പട്ടാഭിഷേകത്തിനായി രാമന് ആഭരണങ്ങളും വസ്ത്രങ്ങളും തിരഞ്ഞെടുക്കുന്നതിലും കൈകേയിക്ക് വലിയ താൽപര്യമുണ്ടായിരുന്നുവെന്നും താരം അഭിമുഖത്തിൽ വ്യക്തമാക്കി.
കൈകേയിയുടെ ജീവിതത്തിൽ മന്താരയ്ക്കുള്ള സ്വാധീനവും ലാറ വിശദീകരിച്ചു. ഷീബ ചദ്ദ അവതരിപ്പിക്കുന്ന മന്താരയും കൈകേയിയും തമ്മിലുള്ള ബന്ധം കേവലം പരിചാരികയും രാജ്ഞിയും തമ്മിലുള്ളതായിരുന്നില്ല. ജനനസമയത്ത് അമ്മയെ നഷ്ടപ്പെട്ട കൈകേയിയെ വളർത്തിയത് മന്താരയായിരുന്നു. അതുകൊണ്ടുതന്നെ അമ്മയുടെ സ്ഥാനമാണ് കൈകേയി മന്താരയ്ക്ക് നൽകിയിരുന്നത്. മന്താരയുടെ സ്വാധീനമാണ് കൈകേയിയുടെ ജീവിതത്തിലെ നിർണായക തീരുമാനങ്ങളിലേക്ക് നയിച്ചതെന്നും ലാറ പറഞ്ഞു.
ഒരു അമ്മയെന്ന നിലയിലുള്ള സ്നേഹവും മകന് ലഭിക്കേണ്ട അവകാശം സംരക്ഷിക്കേണ്ട ഉത്തരവാദിത്തവും തമ്മിലുള്ള സംഘർഷമാണ് കൈകേയിയെ ആ തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് ലാറയുടെ വിലയിരുത്തൽ. "അവൾ എല്ലായ്പ്പോഴും വില്ലനായാണ് ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ മറ്റൊരു രാമായണ പതിപ്പിൽ, രാവണനെ വധിക്കാനും ഭൂമിയിൽ സമാധാനവും വിശ്വാസവും പുനഃസ്ഥാപിക്കാനുമുള്ള പ്രവചനം സാക്ഷാത്കരിക്കാൻ ശ്രീരാമനെ സഹായിക്കുക എന്ന ദൈവിക ലക്ഷ്യത്തോടെയാണ് കൈകേയി ജനിച്ചതെന്ന് പറയുന്നുണ്ട്," ലാറ വ്യക്തമാക്കി.
രാമനെ വനവാസത്തിന് അയച്ചില്ലായിരുന്നെങ്കിൽ അദ്ദേഹം അയോധ്യയുടെ രാജാവായി സാധാരണ ജീവിതം നയിക്കുമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ രാവണൻ സീതയെ തട്ടിക്കൊണ്ടുപോകുന്നതടക്കമുള്ള രാമായണത്തിലെ നിർണായക സംഭവങ്ങൾ നടക്കില്ലായിരുന്നുവെന്നും താരം അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെ രാമായണത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ് കൈകേയിയെന്നും ലാറ കൂട്ടിച്ചേർത്തു.
നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രൺബീർ കപൂറാണ് രാമനായി എത്തുന്നത്. സായ് പല്ലവി സീതയായും യഷ് രാവണനായും വേഷമിടുന്നു. രവി ദുബെയാണ് ലക്ഷ്മണനെ അവതരിപ്പിക്കുന്നത്. നവംബർ അഞ്ചിന് തിയേറ്ററുകളിലെത്തിയ ചിത്രത്തിലെ കഥാപാത്രങ്ങളുടെ അവതരണവും കാസ്റ്റിങ്ങും ഇതിനോടകം ചർച്ചയായിട്ടുണ്ട്.