

തൃശൂര്‍: സിനിമാ കോണ്‍ക്ലേവിലെ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പ്രസ്താവനയിൽ പ്രതികരണവുമായി സംവിധായകന്‍ ഡോ. ബിജു. കെഎസ്എഫ്ഡിസി ഫണ്ട് നല്‍കുന്നത് വെറുതെ ആരെയെങ്കിലും ഒക്കെ തിരഞ്ഞു പിടിച്ചു നേരെ അങ്ങ് കൊടുക്കുന്നതല്ല . അതിനു കൃത്യമായ ഒരു തിരഞ്ഞെടുപ്പ് രീതിയും വിദഗ്ധ സമിതിയും ഒക്കെ ഉണ്ട്. തിരക്കഥ മലയാള സിനിമയിലെ പ്രശസ്തരായ ആളുകള്‍ അടങ്ങിയ ഒരു അഞ്ചംഗ സമിതി പരിശോധിക്കുകയും അതില്‍ നിന്നും ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ആളുകളെ ജൂറി രണ്ടു ഘട്ടങ്ങളിലായി ഇന്റര്‍വ്യൂ ചെയ്തശേഷമാണ്, പട്ടികജാതി, വനിതാ വിഭാഗങ്ങളില്‍ നിന്നും രണ്ടു പേരെ വീതം സിനിമ ചെയ്യുന്നതിനായി തിരഞ്ഞെടുക്കുന്നതെന്ന് ഡോ, ബിജു ചൂണ്ടിക്കാട്ടി.
കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള നാഷണല്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ കഴിഞ്ഞ അമ്പതു വര്‍ഷമായി സിനിമാ നിര്‍മാണത്തിന് ഫണ്ട് നല്‍കുന്നുണ്ട് . അടൂര്‍ ഗോപാലകൃഷ്ണനും എന്‍ എഫ് ഡി സി യുടെ ഫിലിം ഫണ്ടില്‍ സിനിമകള്‍ ചെയ്തിട്ടുണ്ട് . എന്‍ എഫ് ഡി സി സിനിമാ നിര്‍മാണത്തിനായി തുക നല്‍കുമ്പോള്‍ അത് കിട്ടുന്ന ആളുകള്‍ക്ക് തീവ്രമായ പരിശീലനം നല്‍കിയ ശേഷമേ സിനിമ നിര്‍മിക്കാവൂ എന്ന അഭിപ്രായം കഴിഞ്ഞ അമ്പതു വര്‍ഷത്തിനിടയില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ മുന്നോട്ടു വെക്കാതിരുന്നത് എന്തുകൊണ്ടാണ് . അതോ എന്‍ എഫ് ഡി സി സിനിമാ നിര്‍മാണത്തിന് തിരഞ്ഞെടുക്കുന്ന ആളുകള്‍ക്ക് പരിശീലനം ആവശ്യമില്ല കേരള സര്‍ക്കാരിന് കീഴിലുള്ള കെ എസ് എഫ് ഡി സി സിനിമാ നിര്‍മാണത്തിന് തുക നല്‍കിയാല്‍ മാത്രമേ പരിശീലനം ആവശ്യമുള്ളൂ എന്നാണോയെന്നും ഡോ. ബിജു ചോദിച്ചു.
അടൂരിന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെ പി ബാലചന്ദ്രന്‍ എംഎല്‍എയും രംഗത്തെത്തി. ദലിതരേയും സ്ത്രീകളേയും അവരുടെ സഹായധനത്തേയും നിഷേധിച്ചത് അനുഗ്രഹ മനസ്സുകൊണ്ടല്ലെന്ന് സാമാന്യ ബുദ്ധിയുള്ള മലയാളിക്ക് അറിയാം. ആദരണീയനായ അങ്ങെന്തുകൊണ്ട് അമ്മയില്‍ നടന്ന വിവാദങ്ങളില്‍ ഒരക്ഷരം ഉരിയാടിയില്ല. മലയാളത്തിലെ കുപ്രസിദ്ധമായ പെണ്‍വേട്ടക്കെതിരെ അങ്ങെന്തു കൊണ്ട് രംഗത്ത് വന്നില്ല. മലയാളത്തിന്റെ അഭിമാന സംവിധായകനാണ് നിങ്ങള്‍ പക്ഷേ കാലത്തിന്റെയും ചരിത്രത്തിന്റേയും ചുമരെഴുത്തുകള്‍ വായിക്കാന്‍ അങ്ങ് മറന്നു പോയി എന്നും പി ബാലചന്ദ്രന്‍ സമൂഹമാധ്യമക്കുറിപ്പില്‍ അഭിപ്രായപ്പെട്ടു.
ഡോ. ബിജുവിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:
പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ പെട്ടവര്‍ക്കും , വനിതകള്‍ക്കും സിനിമാ നിര്‍മാണത്തിനായി കെ എസ് എഫ് ഡി സി നല്‍കുന്ന ധനസഹായത്തിന് തിരഞ്ഞെടുക്കപ്പെടുന്ന സംവിധായകര്‍ക്ക് മൂന്നു മാസമെങ്കിലും ഇന്റന്‍സീവ് പരിശീലനം നല്‍കണം എന്ന ശ്രീ അടൂര്‍ ഗോപാലകൃഷ്ണന്റെ അഭിപ്രായം ചര്‍ച്ച ചെയ്യുമ്പോള്‍ അതില്‍ പൊതു സമൂഹം കൂടി അറിയേണ്ട മൂന്നു കാര്യങ്ങള്‍ പരാമര്‍ശിക്കപ്പെടെണ്ടതുണ്ട് .
1. കേരള സര്‍ക്കാര്‍ പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തിലും വനിതാ വിഭാഗത്തിലും ഉള്ള സംവിധായകര്‍ക്കായി സിനിമാ നിര്‍മാണത്തിനായി ഫണ്ട് ഏര്‍പ്പെടുത്തിയത് കേരള സർക്കാരിന്റെ ഏറ്റവും പ്രോഗ്രസ്സീവ് ആയ ഒരു തീരുമാനം ആണ് . ഈ ഫണ്ട് നല്‍കുന്നത് വെറുതെ ആരെയെങ്കിലും ഒക്കെ തിരഞ്ഞു പിടിച്ചു നേരെ അങ്ങ് കൊടുക്കുക അല്ല . അതിനു കൃത്യമായ ഒരു തിരഞ്ഞെടുപ്പ് രീതിയും വിദഗ്ധ സമിതിയും ഒക്കെ ഉണ്ട് . പത്രത്തില്‍ അപേക്ഷകള്‍ ക്ഷണിച്ച് ലഭിക്കുന്ന അപേക്ഷകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ആളുകള്‍ പൂര്‍ണ്ണമായ തിരക്കഥ സമര്‍പ്പിക്കുകയും ആ തിരക്കഥ മലയാള സിനിമയിലെ പ്രശസ്തരായ ആളുകള്‍ അടങ്ങിയ ഒരു അഞ്ചംഗ സമിതി പരിശോധിക്കുകയും അതില്‍ നിന്നും ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ആളുകളെ ഈ ജൂറി രണ്ടു ഘട്ടങ്ങളിലായി ഇന്റര്‍വ്യൂ ചെയ്തും ആണ് രണ്ടു വിഭാഗങ്ങളില്‍ നിന്നും രണ്ടു പേരെ വീതം സിനിമ ചെയ്യുന്നതിനായി തിരഞ്ഞെടുക്കുന്നത് . ഒരു തവണ ഞാനും തിരഞ്ഞെടുപ്പ് ജൂറിയില്‍ അംഗം ആയിരുന്നു . അന്തരിച്ച പ്രശസ്ത സംവിധായകന്‍ ജോണ്‍ പോള്‍ സാര്‍ ഉള്‍പ്പെടെ ഉള്ളവര്‍ ആയിരുന്നു ആ കമ്മിറ്റിയില്‍ ഉണ്ടായിരുന്നത് .
തിരഞ്ഞെടുക്കപ്പെടുന്ന സംവിധായകര്‍ക്ക് പല രീതിയിലുള്ള മെന്റര്‍ ഷിപ്പ് നല്‍കിയ ശേഷം ആണ് അവര്‍ സിനിമ നിര്‍മിക്കുന്നത് . പ്രശസ്ത സംവിധായകര്‍ ആയ നീരജ് ഗയ്യ് വാന്‍ , അഞ്ജും രാജ ബാലി തുടങ്ങിയവര്‍ ഒക്കെ ഈ സ്കീമില്‍ തിരഞ്ഞെടുക്കപ്പെട്ട ആളുകള്‍ക്ക് മെന്റര്‍ ഷിപ് നല്‍കിയിട്ടുണ്ട് . അല്ലാതെ ശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍ പറയും പോലെ പട്ടിക ജാതി പട്ടിക വര്‍ഗ്ഗത്തില്‍ പെട്ടവര്‍ക്കും വനിതകള്‍ക്കും അവര്‍ ആ വിഭാഗത്തില്‍ പെട്ടവര്‍ ആണെന്നത് കൊണ്ട് വെറുതെ അങ്ങ് വാരിക്കോരി കൊടുക്കുന്നതല്ല ഈ പദ്ധതി .
ഇനി ഒന്നരക്കോടി രൂപയാണ് സിനിമ നിര്‍മിക്കാന്‍ ആയി നല്‍കുന്നത് എന്ന വാദം . ആദ്യം മനസ്സിലാക്കേണ്ടത് സിനിമ നിര്‍മിക്കുവാനായി ഈ തിരഞ്ഞെടുക്കപ്പെടുന്ന ആളുകള്‍ക്ക് ഒന്നര ക്കോടി രൂപ നേരിട്ട് അങ്ങ് കൊടുക്കുക അല്ല . കെ എസ് എഫ് ഡി സി ആണ് നിര്‍മാതാക്കള്‍ . ബജറ്റ് പ്ലാന്‍ ചെയ്യുന്നതും അത് ചിലവഴിക്കുന്നതും ഒക്കെ കെ എസ് എഫ് ഡി സി നിയോഗിക്കുന്ന പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് മാരിലൂടെയും കെ എസ് എഫ് ഡി സി യുടെ അക്കൌണ്ടിലൂടെയും ആണ് . അത് മോണിറ്റർ ചെയ്യുന്നത് കെ എസ് എഫ് ഡി സിയിലെ ഉദ്യോഗസ്ഥർ ആണ് . നിർമാതാവ് എന്ന നിലയിൽ
ഓരോ സിനിമയുടെയും തുക ചിലവഴിക്കുന്നത് കെ എസ് എഫ് ഡി സി നേരിട്ട് തന്നെയാണ് .
ഒന്നരക്കോടി രൂപ സിനിമാ നിര്‍മാണത്തിന് നല്‍കുന്നു എന്ന് പറയുമ്പോഴും യഥാര്‍ത്ഥത്തില്‍ ഒരു കോടി പത്ത് ലക്ഷം രൂപ മാത്രമാണ് സിനിമയുടെ നിര്‍മാണത്തിനായി കെ എസ് എഫ് ഡി സി നല്‍കുന്നത് . ബാക്കി നാല്‍പ്പത് ലക്ഷം രൂപ സിനിമകളുടെ വിതരണത്തിനും മാര്‍ക്കറ്റിനും മാറ്റി വെക്കുന്നു എന്നാണ് പറയപ്പെടുന്നത് . പക്ഷെ കെ എസ് എഫ് ഡി സി ആ നാല്‍പ്പതു ലക്ഷം രൂപ ഫലപ്രദമായി വിനിയോഗിക്കുന്നുണ്ടോ എന്നത് വേറെ തന്നെ പരിശോധിക്കേണ്ടതാണ് . ഒപ്പം തന്നെ സിനിമകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ടു സംവിധായകരോട് കെ എസ് എഫ് ഡി സി പുലര്‍ത്തുന്ന സമീപനങ്ങള്‍ . ഉദ്യോഗസ്ഥ മേല്ക്കൊയ്മകള്‍ , കൃത്യമായ പ്ലാനിംഗ് ഇല്ലായ്മ തുടങ്ങിയ നിരവധി കാരണങ്ങള്‍ ഇതുമായി ബന്ധപ്പെട്ടു പരിശോധിക്കുകയും പരിഹരിക്കുകയും ചെയ്യേണ്ടതുണ്ട് .
2. കെ എസ് എഫ് ഡി സി യുടെ വനിതാ സംവിധായകരുടെ പദ്ധതിയിലൂടെ ഇതിനോടകം അഞ്ചു സിനിമകള്‍ ആണ് നിര്‍മിക്കപ്പെട്ടത് . പട്ടിക ജാതി പട്ടിക വര്‍ഗ്ഗ സിനിമാ വിഭാഗത്തില്‍ മൂന്നു സിനിമകളും പുറത്തിറങ്ങി . ഈ എട്ടു സിനിമകളും അത്യാവശ്യം മികച്ച സിനിമകള്‍ തന്നെ ആണ് .ഇതില്‍ പല സിനിമകളും നിരവധി അന്തര്‍ദേശീയ ചലച്ചിത്ര മേളകളിലേക്ക് ഇടം നേടുകയും ചെയ്തു . ഇത്തവണ ഷാങ്ഹായ് ചലച്ചിത്ര മേളയില്‍ പുതു മുഖ സംവിധായകരുടെ മത്സര വിഭാഗത്തില്‍ ഈ സ്കീമില്‍ നിര്‍മിച്ച വിക്ടോറിയ എന്ന സിനിമയ്ക്ക് മികച്ച നടിക്കുള്ള പുരസ്കാരവും ലഭിച്ചു . ഈ രണ്ടു സ്കീമുകളിലും ഇതുവരെ നിര്‍മിക്കപ്പെട്ട സിനിമകള്‍ മികച്ചതാവുകയും അവ അന്തര്‍ദേശീയ അംഗീകാരങ്ങള്‍ നേടുകയും ചെയ്ത സാഹചര്യത്തില്‍ ഈ എട്ടു സംവിധായകരുടേയും കഴിവുകളെ റദ്ദു ചെയ്യുന്ന പ്രസ്താവന ആണ് ശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയത് . ദളിതുകളും വനിതകളും സര്‍ക്കാരിന്റെ പിന്തുണയോടെ അഭിമാനാര്‍ഹമായ മികച്ച സിനിമകള്‍ നിര്‍മിച്ചു വരുമ്പോള്‍ ഈ പദ്ധതിയെ തന്നെ അട്ടിമറിക്കുക എന്നതാണ് അദ്ദേഹം ചെയ്യുന്നത് .
3. ഈ വിഷയത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം ചൂണ്ടി കാണിക്കേണ്ടതുണ്ട് .
കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള നാഷണല്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ കഴിഞ്ഞ അമ്പതു വര്‍ഷമായി സിനിമാ നിര്‍മാണത്തിന് ഫണ്ട് നല്‍കുന്നുണ്ട് . അടൂര്‍ ഗോപാലകൃഷ്ണനും എന്‍ എഫ് ഡി സി യുടെ ഫിലിം ഫണ്ടില്‍ സിനിമകള്‍ ചെയ്തിട്ടുണ്ട് . എന്‍ എഫ് ഡി സി സിനിമാ നിര്‍മാണത്തിനായി നല്‍കുന്ന തുകയും ജനങ്ങളുടെ നികുതി പണത്തില്‍ നിന്നും ആണെന്നതില്‍ സംശയം ഇല്ലല്ലോ. കഴിഞ്ഞ അമ്പതു വര്‍ഷമായി മുന്നൂറില്‍ അധികം സിനിമകള്‍ എന്‍ എഫ് ഡി സി നിര്‍മിച്ചിട്ടുണ്ട് . കഴിഞ്ഞ അമ്പതു വര്‍ഷമായി ഒട്ടേറെ തവണ ശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍ കേന്ദ്ര സര്‍ക്കാരിന്റെയും എന്‍ എഫ് ഡി സി യുടെയും ഒക്കെ സമിതികളില്‍ വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് . എന്‍ എഫ് ഡി സി സിനിമാ നിര്‍മാണത്തിനായി തുക നല്‍കുമ്പോള്‍ അത് കിട്ടുന്ന ആളുകള്‍ക്ക് തീവ്രമായ പരിശീലനം നല്‍കിയ ശേഷമേ സിനിമ നിര്‍മിക്കാവൂ എന്ന അഭിപ്രായം കഴിഞ്ഞ അമ്പതു വര്‍ഷത്തിനിടയില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ മുന്നോട്ടു വെക്കാതിരുന്നത് എന്തുകൊണ്ടാണ് . അതോ എന്‍ എഫ് ഡി സി സിനിമാ നിര്‍മാണത്തിന് തിരഞ്ഞെടുക്കുന്ന ആളുകള്‍ക്ക് പരിശീലനം ആവശ്യമില്ല കേരള സര്‍ക്കാരിന് കീഴിലുള്ള കെ എസ് എഫ് ഡി സി സിനിമാ നിര്‍മാണത്തിന് തുക നല്‍കിയാല്‍ മാത്രമേ പരിശീലനം ആവശ്യമുള്ളൂ എന്നാണോ .
അതൊന്നുമല്ല , കാര്യം വളരെ വ്യക്തമാണ് ..
എന്‍ എഫ് ഡി സി സിനിമാ നിര്‍മാണത്തിനായി തുക നല്‍കുന്നത് പൊതു വിഭാഗത്തിനാണ് . കേരളത്തില്‍ സിനിമാ നിര്‍മാണത്തിനായി തുക നല്‍കുന്നത് പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്കും വനിതകള്‍ക്കും ആണ് . പൊതു വിഭാഗം മെറിറ്റ് ഉള്ളവര്‍ ആണ് അവര്‍ക്ക് പരിശീലനം ആവശ്യമില്ല , പട്ടിക ജാതി പട്ടിക വര്‍ഗ്ഗവും വനിതകളും ഒക്കെ മെറിറ്റും കഴിവും ഇല്ലാത്തവര്‍ ആയിരിക്കും, അവർക്ക് പരിശീലനം കൂടിയേ തീരൂ എന്ന ആ മുന്‍ ധാരണയില്‍ പൊതിഞ്ഞ വരേണ്യ ബോധ്യം ഉണ്ടല്ലോ അതാണ് ഇത്തരം അഭിപ്രായങ്ങള്‍ ഉച്ചത്തില്‍ വിളിച്ചു പറയാന്‍ അദേഹത്തിന് ധൈര്യം നല്‍കുന്നത് .
ആ ധൈര്യത്തിന്റെ അടിസ്ഥാനം ആണ് എലൈറ്റിസം...
ആ വാക്കുകൾക്ക് വലിയ കയ്യടി കിട്ടുന്നു എന്നതാണ് കേരളത്തിന്റെ സമകാലിക സാമൂഹിക യാഥാർഥ്യവും ദുരന്തവും ..
പി ബാലചന്ദ്രന്‍ എംഎല്‍എയുടെ എഫ്ബി പോസ്റ്റ്:
അടൂരിന്റെ ചലച്ചിത്രങ്ങള്‍ കലാവിമര്‍ശനങ്ങളിലും സാമൂഹ്യ വിമര്‍ശനങ്ങളിലും സ്ഥാനം നേടിയത് കലാമേന്മ കൊണ്ട് മാത്രമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. സിനിമയുടെ മര്‍മ്മമറിയുന്ന ഇന്ത്യന്‍ സംവിധായകരുടെ പട്ടികയില്‍ ഇദ്ദേഹത്തിന്റെ സ്ഥാനത്തെ പരിശോധിക്കേണ്ടതുണ്ട്. സത്യജിത്ത് റേയും ഗിരീഷ് കര്‍ണ്ണാടും ഋതുപര്‍ണ്ണ ഘോഷും മലയാളത്തിന്റെ ജോണ്‍ അബ്രഹാമും ജി അരവിന്ദനും ടി വി ചന്ദ്രനും ഡോക്ടര്‍ ബിജുവും പ്രിയനന്ദനനും രാമുകാര്യാട്ടും ഷാജി എന്‍ കരുണും മുന്നില്‍ നില്‍ക്കുമ്പോള്‍ പരിവേഷങ്ങളിലൂടെ പരിഗണന ലഭിക്കുമെന്നെങ്ങനെ ഉറപ്പാക്കിയ ലോബിയിസ്റ്റാണ് അടൂര്‍. അങ്ങ് ദലിതരേയും സ്ത്രീകളേയും അവരുടെ സഹായധനത്തേയും നിഷേധിച്ചത് അനുഗ്രഹ മനസ്സുകൊണ്ടല്ലെന്ന് സാമാന്യ ബുദ്ധിയുള്ള മലയാളിക്ക് അറിയാം. ആദരണീയനായ അങ്ങെന്തുകൊണ്ട് അമ്മയില്‍ നടന്ന വിവാദങ്ങളില്‍ ഒരക്ഷരം ഉരിയാടിയില്ല. മലയാളത്തിലെ കുപ്രസിദ്ധമായ പെണ്‍വേട്ടക്കെതിരെ അങ്ങെന്തു കൊണ്ട് രംഗത്ത് വന്നില്ല. മലയാളത്തിന്റെ അഭിമാന സംവിധായകനാണ് നിങ്ങള്‍ പക്ഷേ കാലത്തിന്റെയും ചരിത്രത്തിന്റേയും ചുമരെഴുത്തുകള്‍ വായിക്കാന്‍ അങ്ങ് മറന്നു പോയി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates