കൃഷ്ണപ്രഭാ, നിങ്ങള്‍ പറഞ്ഞത് തെമ്മാടിത്തരം, അറിയില്ലെങ്കില്‍ വിവരക്കേട് ഛര്‍ദ്ദിക്കരുത്; മറുപടി നല്‍കി ഡോക്ടര്‍ ഷിംന അസീസ്

മൊഴിമുത്തുകള്‍ വാരിവിതറി കൃഷ്ണപ്രഭ അട്ടഹസിക്കുന്ന ആഭാസ വീഡിയോ
Shimna Azeez, Krishna Prabha
Shimna Azeez, Krishna Prabhaഫെയ്സ്ബുക്ക്
Updated on
3 min read

വിഷാദരോഗത്തെക്കുറിച്ചും മാനസികാരോഗ്യത്തെക്കുറിച്ചുമുള്ള നടി കൃഷ്ണപ്രഭയുടെ വാക്കുകള്‍ വിവാദമായി മാറിയിരുന്നു. പണിയൊന്നുമില്ലാതെ വെറുതെ ഇരിക്കുന്നവര്‍ക്കാണ് ഡിപ്രഷന്‍ വരുന്നതെന്നും പണ്ട് വട്ട് എന്ന് വിളിച്ചിരുന്നതാണ് ഇപ്പോള്‍ ഡിപ്രഷനായതെന്നുമാണ് കൃഷ്ണ പ്രഭ പറഞ്ഞത്. പിന്നാലെ താരത്തെ വിമര്‍ശിച്ചു കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്.

കൃഷ്ണ പ്രഭയുടെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഡോക്ടര്‍ ഷിംന അസീസ്. കൃഷ്ണപ്രഭാ നിങ്ങള്‍ പറഞ്ഞത്, തെമ്മാടിത്തരമാണ്. അറിയില്ലെങ്കില്‍ വായ തുറന്ന് വിവരക്കേട് ഛര്‍ദ്ദിക്കരുത് എന്നുമാണ് ഷിംന അസീസ് സോഷ്യല്‍ മീഡിയ കുറിപ്പില്‍ പറഞ്ഞത്. ഷിംന അസീസിന്റെ വാക്കുകളിലേക്ക്:

'ഡിപ്രഷന്‍ ഉണ്ടെന്ന് പറയുന്നവര്‍ക്ക് പ്രത്യേകിച്ച് പണിയൊന്നുമില്ലാത്തത് കൊണ്ടാണ്, അവര്‍ക്ക് ധാരാളം സമയമുണ്ട്, പണ്ട് നമ്മള്‍ 'വട്ട്' എന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ പേരൊക്കെ മാറ്റിയെന്നേ ഉള്ളൂ' എന്നിങ്ങനെ മൊഴിമുത്തുകള്‍ വാരിവിതറി കൃഷ്ണപ്രഭ എന്ന നടി അട്ടഹസിക്കുന്ന ആഭാസവീഡിയോ കണ്ടിരുന്നു.

ഞാനൊരു മെഡിക്കല്‍ ഡോക്ടര്‍ ആണ്, വിഷാദരോഗിയുമാണ്. 2019 ജനുവരി മുതല്‍ എന്റെ രോഗത്തിന് മരുന്ന് കഴിക്കുന്നുണ്ട്. ഡിപ്രഷന് മരുന്ന് കഴിച്ച് കൊണ്ട് തന്നെയാണ് എന്റെ വ്യക്തിപരമായ ജീവിതത്തിലെ കാര്യങ്ങള്‍ നടത്തുന്നതും, ജോലി ചെയ്യുന്നതും, സകല പൊതുവേദികളിലും പ്രത്യക്ഷപ്പെടുന്നതും, ലൈവ് ന്യൂസ് ക്യാമറക്ക് മുന്നില്‍ ഉള്‍പ്പെടെ കൃത്യമായി സംസാരിക്കുന്നതും, സാമൂഹികകാര്യങ്ങളില്‍ ഇടപെടുന്നതും അതിന് വേണ്ടി കോളുകള്‍ നടത്തുന്നതും എണ്ണമറ്റ പരിപാടികളില്‍ സംബന്ധിക്കുന്നതുമെല്ലാം. ബഹുമാനപ്പെട്ട സര്‍വ്വവിജ്ഞാനകോശമായ സിനിമാനടി കരുതുന്നത് പോലെ വിഷാദരോഗികള്‍ പണിയെടുക്കാന്‍ മടിച്ച് ഒരു മൂലക്ക് ചുരുണ്ടുകൂടി കിടക്കുന്നവരാവണമെന്നില്ല. ഞങ്ങളില്‍ ഭൂരിപക്ഷവും ഓരോ പണിയും സാധാരണ മനുഷ്യര്‍ എടുക്കുന്നതിന്റെ മൂന്നിരട്ടി അധ്വാനമെടുത്ത് ചെയ്യേണ്ട നിര്‍ബന്ധിതാവസ്ഥയുള്ള, വല്ലാതെ ബുദ്ധിമുട്ടുന്ന മനുഷ്യരാണ്. കുറച്ചധികം തൂവലിന്റെ വ്യത്യാസമുണ്ട്.

രോഗി മനപ്പൂര്‍വ്വം മെനഞ്ഞെടുക്കുന്ന ഒരു ചിന്താരീതിയോ ഒരവസ്ഥയോ അല്ല ഡിപ്രഷന്‍, മറിച്ച് ചികിത്സയുള്ള രോഗമാണ്. ഈ രോഗത്തിന് ഇടക്കിടെ റിലാപ്സ് പിരീഡുകള്‍ വരാം. എനിക്ക് രോഗം കണ്ടെത്തിയത് മുതലുള്ള ആറ് വര്‍ഷത്തില്‍ ഇടക്ക് ശരിക്കും മാറിയത് പോലെയാകും, സന്തോഷമൊക്കെ തോന്നിത്തുടങ്ങും, മനസ്സിനുള്ളില്‍ നിന്ന് തന്നെ ചിരി വന്ന് തുടങ്ങും. ചിലപ്പോള്‍ മൊത്തം കൈയ്യീന്ന് പോകും. ഈ സഹന കാലയളവ് അടുപ്പമുള്ളവര്‍ക്കല്ലാതെ മനസ്സിലാകുക പോലുമില്ല.

വിഷാദരോഗം പുറത്ത് പറഞ്ഞൂടാത്ത ഒരു ആണവരഹസ്യമോ ബലഹീനതയോ അല്ല. ആര്‍ക്കെങ്കിലും എന്തെങ്കിലും കുറവുകളുള്ളത് കൊണ്ടുമല്ല ഈ രോഗം വരുന്നത്. ബുദ്ധിമുട്ടുകള്‍ തുറന്ന് പറയണം, സമയത്തിന് കൃത്യമായ ചികിത്സ തേടണം, ശരീരത്തിന്റെ പുറമേക്കുള്ള രോഗം ഗൗരവതരമായി കാണുന്നത് പോലെ മനസ്സിനെ വഹിക്കുന്ന തലച്ചോറ് രോഗിയുടെ സ്വസ്ഥതയും സമാധാനവും കുത്തിപ്പറിക്കുന്നത് സമൂഹം സീരിയസായി കാണണം എന്നത് കൊണ്ടാണ് കാര്യങ്ങള്‍ തുറന്നെഴുതുന്നത്. ഇതിന്റെ പേരില്‍ ആരെങ്കിലും എന്നെ മാറ്റി നിര്‍ത്തിയാല്‍ അതവരുടെ നിലവാരമില്ലായ്മയും അന്തക്കേടുമായി മാത്രമേ കരുതുന്നുള്ളൂ. എനിക്ക് എന്നെ തിരിച്ചറിയുന്ന ചുരുക്കം വിലപിടിച്ച ബന്ധങ്ങളുണ്ട്. ഓരോ വിഷാദരോഗിക്കും ചുറ്റും ഇതുപോലെ ഒരു കൂട്ടം ഉണ്ടാവേണ്ടതുണ്ട്.

വിദ്യാഭ്യാസവും ലോകവിവരവുമുള്ള പല കുടുംബങ്ങളും സുഹൃത്തുക്കളും പോലും വിഷാദരോഗിയോട് പറയാറ് 'നിനക്ക് ദൈവഭക്തി ഇല്ലാഞ്ഞിട്ടാണ്, നെഗറ്റീവ് ചിന്താഗതി കൊണ്ടാണ്, സ്വാര്‍ത്ഥത കൊണ്ടാണ്, ഞങ്ങളോട് സ്നേഹം ഇല്ലാഞ്ഞിട്ടാണ്' എന്നൊക്കെയാണ്. സ്വന്തം പ്രശ്നം ഒന്ന് പരുവപ്പെടുത്തി തുറന്ന് സംസാരിക്കാനുള്ള ഊര്‍ജമോ കെല്‍പ്പോ ഇല്ലാതെ ഉഴറുന്നവരാണിത് കേള്‍ക്കുന്നതെന്നോര്‍ക്കണം! സ്വയം മനസ്സിലാക്കാന്‍ സാധിക്കാത്തവര്‍ ആരെ എന്ത് പറഞ്ഞ് മനസ്സിലാക്കാന്‍? പതിനഞ്ച് മിനിറ്റ് ഇരുന്ന് പൊട്ടിക്കരയുന്ന ഒരാളെ ആശ്വസിപ്പിക്കുന്നത് പോലെയല്ല മാസക്കണക്കിന് ഫ്യൂസ് പോയ പോലെയിരിക്കുന്നൊരാളെ മാനേജ് ചെയ്യല്‍. പലപ്പോഴും വേണ്ടപ്പെട്ടവര്‍ക്കും മടുക്കും, വെറുപ്പ് കാണിച്ച് തുടങ്ങും. വിഷാദരോഗി അവര്‍ക്ക് ചുറ്റുമുള്ള സമൂഹത്തിന് വലിയൊരു സമ്മര്‍ദം തന്നെയാണ്. അത് മനസ്സിലാക്കാന്‍ ഉള്ള സമൂഹത്തിന്റെ മനോവിശാലതയും ആര്‍ജവവും ചവിട്ടിക്കെടുത്തുക കൂടിയാണ് ഈ സാമാന്യബോധമില്ലാത്ത ജല്‍പനങ്ങള്‍ നടത്തുന്നവര്‍ ചെയ്യുന്നത്.

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ എടുത്ത ഓരോ സിക്ക് ലീവും ചില ദിവസങ്ങളില്‍ രാവിലെ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പറ്റാത്ത വിധം തോന്നിയ ശാരീരികമായ ക്ഷീണം കൊണ്ടാണ്. കാലങ്ങളായുള്ള വിഷാദരോഗം പലപ്പോഴും അകാരണമായ തലവേദനയും ശാരീരികവേദനയും തളര്‍ച്ചയും ദഹനപ്രശ്നങ്ങളും അമിതവണ്ണവും ആര്‍ത്തവക്രമക്കേടുമൊക്കെ ആയി വിഷാദരോഗികള്‍ക്ക് പുറമേക്ക് പ്രത്യക്ഷപ്പെടാറുണ്ട്. വിവേകമുള്ള ഒരു സീനിയര്‍ ഡോക്ടറെ മേലുദ്യോഗസ്ഥനായി കിട്ടിയത് കൊണ്ട് തന്നെ സിക്ക് ലീവ് പറയാന്‍ വിളിച്ചാല്‍ 'വയ്യല്ലേ? വല്ലതും കഴിച്ചിട്ടുണ്ടോ നീ? റെസ്റ്റ് എടുക്ക്, ലാപ്റ്റോപും ഫോണുമൊക്കെ മാറ്റി വെച്ചേക്ക്. അതൊക്കെ നമുക്ക് പിന്നെ നോക്കാം' എന്ന് മാത്രമേ പറയാറുള്ളൂ. ഈ വയ്യായ്ക ഒരിക്കല്‍ പോലും എന്നോട് പബ്ലികായി മെന്‍ഷന്‍ ചെയ്യാതെ, മരുന്ന് കഴിക്കുന്നത് വല്ലപ്പോഴും സ്വകാര്യമായി അന്വേഷിക്കുന്നതില്‍ കഴിയുന്നു കാര്യം. ഈ സപ്പോര്‍ട് എല്ലാവര്‍ക്കുമുള്ള ഭാഗ്യമല്ല.

പൂര്‍ണമായും പ്രതീക്ഷകളറ്റ്, മനസ്സ് കല്‍പിച്ചു കൊടുക്കുന്ന സ്വന്തം വിലയില്ലായ്മ ഓര്‍ത്ത് സദാ ഉള്ളാല്‍ വിലപിച്ച്, നിസ്സഹായത മുറ്റി ജീവിക്കുന്ന മനുഷ്യരെക്കുറിച്ച് ഊളത്തരം പറയുന്നതും അത് വീഡിയോ ആയി പുറത്ത് വരുന്നതുമൊക്കെ പ്രബുദ്ധകേരളത്തില്‍ നിന്നാണെന്നത് വലിയ നാണക്കേടാണ്. ഡിപ്രഷന്‍ എന്ന രോഗം പാട്ട് കേട്ടാലും യാത്ര പോയാലും മന്തി കഴിച്ചാലും ഒന്നും പോവാന്‍ പോണില്ല. മൂഡ് സ്വിങ്ങാണോ ആന്‍സൈറ്റി ഇഷ്യൂ ആണോ ബൈപോളാര്‍ ഡിസോര്‍ഡര്‍ ആണോ ഡിപ്രഷന്‍ ആണോ തൈറോയ്ഡ് പ്രശ്നങ്ങള്‍ കൊണ്ടോ മറ്റ് കാരണങ്ങള്‍ കൊണ്ടോ ഉള്ള വിഷമതകളാണോ എന്ന് തീരുമാനിക്കേണ്ടത് ഗൂഗിളോ ചാറ്റ്ജിപിടിയോ കവലയിലെ ചായക്കടയിലെ ചേട്ടനോ ഓഫീസിലെ ചേച്ചിയോ അല്ല താനും. അതിനൊരു ക്വാളിഫൈഡ് സൈക്യാട്രിസ്റ്റ് തന്നെ വേണം.

ഡിപ്രഷന്‍ ഉള്ളവരില്‍ വലിയൊരു പങ്കിന് കടുത്ത ആത്മഹത്യാപ്രവണത ഉണ്ട്. ചികിത്സ വൈകുമ്പോള്‍, അരക്ഷിതാവസ്ഥ നിറഞ്ഞ കുടുംബപശ്ചാത്തലം നേരിടുമ്പോള്‍, കടുത്ത സാമ്പത്തികപ്രശ്നങ്ങളില്‍, ജീവിതത്തിലെ അനിശ്ചിതത്വങ്ങളില്‍, ചിലപ്പോള്‍ യാതൊരു കാരണവുമില്ലെങ്കില്‍പ്പോലും 'ഞാന്‍ പോയാല്‍ എന്റെ ചുറ്റുമുള്ളവരുടെ ജീവിതം എളുപ്പമാകും' എന്ന അടിസ്ഥാനമില്ലാത്ത ചിന്ത കൊണ്ട് പോലും സ്വയം അവസാനിപ്പിക്കാന്‍ വെമ്പുന്ന രോഗികളാണ്. ശക്തമായ ആത്മഹത്യാപ്രവണത ഒരു മെഡിക്കല്‍ എമര്‍ജന്‍സിയാണ്. ഇത്തരം വീഡിയോകളും ചര്‍ച്ചകളും പ്രചരിച്ച് മാനസികസംഘര്‍ഷങ്ങള്‍ 'വട്ട്' എന്ന പേരിലേക്ക് വന്നടിഞ്ഞാല്‍ ആരാണ് മാനസികരോഗവിദഗ്ധരെ നേരത്തിന് കാണുക? ഇത്രമേല്‍ സങ്കടപ്പെടുമ്പോള്‍ സര്‍ക്കാര്‍ മെന്റല്‍ ഹെല്‍പ്ലൈനായ 'ദിശ'(1056)ല്‍ വിളിക്കാന്‍ ധൈര്യമുണ്ടാക്കാന്‍ പോലും ഈ സാധുരോഗികള്‍ പെടാപ്പാട് പെടാറുണ്ട്. ശാരീരികരോഗം തുറന്ന് സംസാരിക്കുന്നത് പോലെയല്ല മാനസികരോഗം പറയാനുള്ള കഷ്ടപ്പാട്. പലപ്പോഴും തുറന്ന് പറച്ചിലുകള്‍ ഉണങ്ങിക്കൊണ്ടിരിക്കുന്ന മുറിവുകള്‍ തുരന്ന് ചോര വരുത്തലാണ്. വല്ലാതെ വേദനിക്കും, നീറ്റല്‍ കാലങ്ങളോളം തുടരും.

ഇതും പോരാഞ്ഞിട്ടാണ് ഒരു എതിര്‍വാക്കോ കമന്റോ ചിരിയോ പോലും സഹിക്കാന്‍ മാനസികമായി കഴിയാത്തവരെ സ്വയമങ്ങ് സെലിബ്രിറ്റിയായി വാഴ്ത്തി ആ സ്ത്രീ ഇക്കോലം പരിഹസിക്കുന്നത്. ഇതൊക്കെ എങ്ങനെ നേരിടും? ഈ അനാവശ്യ മാറ്റിനിര്‍ത്തലും ആക്കിച്ചിരിക്കലും കാരണം ആരുടെയെങ്കിലും ജീവന് അപായം സംഭവിച്ചാല്‍ ആര് സമാധാനം പറയും?

ബെഡില്‍ തിരിഞ്ഞും മറിഞ്ഞും കിടക്കാന്‍ പോലും ഊര്‍ജമില്ലാത്ത, കുടിക്കാന്‍ വെള്ളമെടുക്കാന്‍ പോകാനോ ടോയ്ലറ്റില്‍ പോകാനോ പോലും പലതവണ ശ്രമിച്ച് പരാജയപ്പെടുന്ന, ആഴ്ചക്കണക്കിന് യാതൊരു കാരണവുമില്ലെങ്കിലും കണ്ണീരൊഴിയാത്ത, ഭക്ഷണക്രമം അമ്പേ താളം തെറ്റുന്ന, ഉറക്കത്തിന്റെ വരവും പോക്കും പ്രവചിക്കാനാവാത്ത ദുര്‍ദശ വന്നവര്‍ക്കേ അതിന്റെ അവസ്ഥ അറിയൂ.

വിവരക്കേടല്ല കൃഷ്ണപ്രഭാ നിങ്ങള്‍ പറഞ്ഞത്, തെമ്മാടിത്തരമാണ്. ബ്ലഡ് ടെസ്റ്റും യൂറിന്‍ ടെസ്റ്റുമൊന്നും കൊണ്ട് സാധാരണ ഗതിയില്‍ തെളിയിക്കാന്‍ പറ്റില്ലെന്നേയുള്ളൂ... ദേഹം മുഴുവന്‍ ഇരുപത്തിനാല് മണിക്കൂര്‍ ചൂണ്ടക്കൊളുത്ത് കൊണ്ട് കൊളുത്തിപ്പറിക്കുന്നത് ചുമ്മാ ഒന്ന് സങ്കല്‍പ്പിച്ച് നോക്കാമോ?മാസക്കണക്കിനും വര്‍ഷക്കണക്കിനും അത് അനുഭവിക്കുന്നവരാണ്. അറിയില്ലെങ്കില്‍ വായ തുറന്ന് വിവരക്കേട് ഛര്‍ദ്ദിക്കരുത്. 'മൗനം വിദ്വാന് ഭൂഷണം, തഥൈവ വിഡ്ഢിക്കും' എന്നാണല്ലോ. തിരുത്തുമെന്ന് പ്രതീക്ഷിക്കൂന്നു, കൂടുതല്‍ ഉപദ്രവിക്കില്ലെന്നും...

Summary

Dr. Shimna Azeez gives reply to Krishna Prabha on her remark about depression. Asks to stop talking about something you don't know.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com