ലഹരിക്ക് അടിമയായിരുന്നെന്ന് തുറന്ന് പറഞ്ഞ് നടൻ ധ്യാൻ ശ്രീനിവാസൻ. മാസങ്ങളോളം വീട്ടിലിരുന്ന് മദ്യപിച്ചിട്ടുണ്ട് എന്നാണ് താരം തുറന്നു പറഞ്ഞത്. മദ്യപാനം നിർത്തി പിന്നീട് സിന്തറ്റിക് ലഹരിയിലേക്ക് കടന്നു. ജീവിതം കൈവിട്ട് പോകുന്നുവെന്ന് തോന്നിയപ്പോഴാണ് തിരിച്ചുവരാൻ തീരുമാനിച്ചതെന്നും താരം പറഞ്ഞു. താൻ സംവിധാനം ചെയ്ത ‘ലവ് ആക്‌ഷന്‍ ഡ്രാമ’ എന്ന സിനിമയിലെ നായകനുമായി തന്‍റെ ജീവിതത്തിന് സാമ്യമുണ്ടായെന്നും ധ്യാൻ പറയുന്നു. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ.
ഒരു സമയത്ത് ഞാൻ ഭയങ്കര ആൽക്കഹോളിക്ക് ആയിരുന്നു. രാവിലെ, ഉച്ചയ്ക്ക്, വൈകിട്ട്...വേറെ പണിയൊന്നുമില്ല. ലവ് ആക്‌ഷൻ ഡ്രാമയിലെ നിവിൻ പോളിയുടെ കഥാപാത്രം പോലെ തന്നെ. മാസങ്ങളോളം വീട്ടിലിരുന്ന് മദ്യപിച്ചിട്ടുണ്ട്. മദ്യപിച്ചിട്ടാണെങ്കിലും വീട്ടിൽ പോകും, അമ്മ എന്നെ ചീത്തവിളിക്കും. മൊത്തത്തിൽ യൂസ്‌ലെസ് ആയിരുന്നു ഞാൻ.- ധ്യാൻ പറഞ്ഞു.
തന്റെ വിവാഹത്തിനുവരെ പ്രശ്നങ്ങളുണ്ടാക്കി എന്നാണ് ധ്യാൻ പറയുന്നത്. വിവാഹത്തിന്റെ തലേദിവസം രാത്രി ഒൻപതു മണി വരെ വരെ മദ്യപിച്ചു ചീട്ടു കളിക്കുകയായിരുന്നു. ഭാര്യ അർപ്പിതയും അമ്മയുമെല്ലാം വിളിക്കുന്നുണ്ട്. അടുത്ത ദിവസം കണ്ണൂരിൽ വച്ചാണ് വിവാഹം. അവിടേക്ക് പോകാൻ പോലും താൻ തയാറായിരുന്നില്ല. അവസാനം അർപ്പിത വിളിച്ച് വരുന്നുണ്ടോ? എന്ന് ചോദിച്ചപ്പോഴാണ് വരാം എന്നു പറയുന്നത്.
മൂന്ന് മണിക്ക് അവിടെ എത്തുന്നു, അവിടെയും മദ്യപാനം. ആറുമണിക്ക് കുളിക്കുന്നു, ഏഴ് മണിക്ക് അജു വരുന്നു, വീണ്ടും മദ്യപാനം. ഒൻപതരയ്ക്ക് കല്യാണത്തിന് പോകാൻ റെഡിയാകുമ്പോൾ മൊത്തത്തിൽ പിങ്ക് കളറ് സെറ്റപ്പ്. ഒരു കളർ സെൻസുമില്ലാത്ത ആളുകൾ എന്നൊക്കെ ഞാൻ പരാതി പറയുന്നുണ്ട്. അങ്ങനെ പന്തലിൽ എത്തി. എന്നേക്കാൾ മുമ്പ് എല്ലാവരും വന്നിരിപ്പുണ്ട്. മന്ത്രിമാരോ ആരൊക്കെയോ ഉണ്ട്. കണ്ണൂരാണല്ലോ കല്യാണം. ഇത്രയും യൂസ്‍ലെസ് ആയ എന്റെ കല്യാണത്തിന് ഇവരൊക്കെ എന്തിന് വന്നു എന്നാണ് എന്റെ ചിന്ത. ശ്രീനിവാസന്റെ മകനാണെന്ന കാര്യം ഇടയ്ക്ക് മറന്നുപോകും.- ധ്യാൻ പറഞ്ഞു.
സദ്യയിൽ നോൺ വെജ് ഇല്ലെന്നു പറഞ്ഞ് പ്രശ്നമുണ്ടാക്കി. ആരുടെയൊക്കെയോ നിർബന്ധത്തിനാണ് ഭക്ഷണം കഴിക്കുന്നത്. എനിക്ക് പോകാൻ പൂവ് ഒട്ടിച്ച കാർ. ഞാൻ വരുമ്പോൾ ഈ പൂവ് ഇല്ലായിരുന്നുവെന്ന് അമ്മയോട് പറഞ്ഞു. അതാണ് അതിന്റെ രീതിയെന്ന് അമ്മ പറഞ്ഞു. പൂവ് പറിച്ചു കളയാൻ ഞാൻ നിർബന്ധം പിടിച്ചു. അങ്ങനെ ആ കാറിൽ എറണാകുളത്തെത്തി. അന്ന് രാത്രിയും ചീട്ടുകളി. അതായിരുന്നു എന്റെ കല്യാണം.
ഞാൻ നശിച്ചുപോകുമെന്നാണ് എന്റെ കുടുംബം മൊത്തം വിചാരിച്ചിരുന്നത്. അച്ഛൻ വീട്ടിൽ നിന്നിറക്കി വിടുന്നു, അദ്ദേഹത്തിന് അസുഖമുണ്ടാകുന്നു. തന്റേത് സിനിമാറ്റിക് ജീവിതമായിരുന്നു എന്നാണ് ധ്യാൻ പറയുന്നത്. മദ്യപിച്ച് അച്ഛനെ ചീത്ത വിളിച്ചാണ് വീട്ടിൽ നിന്നും ഇറങ്ങിപ്പോകുന്നത്. വീട്ടിൽ നിന്നും പുറത്തായെന്ന് അറിയുന്നത് തന്നെ ബോധം വന്ന ശേഷമാണ്. പഠനത്തിന്റെ കാര്യത്തിലാണ് അച്ഛനുമായി തെറ്റിപ്പിരിയുന്നത്. പല സ്കൂളുകൾ നിന്നും മാറ്റിയിട്ടുണ്ട്, എല്ലാ സ്ഥലത്തും പ്രശ്നങ്ങൾ. ഇതൊരു സിനിമയാക്കണമെന്ന് വിചാരിക്കുന്നുണ്ടെന്നും താരം പറഞ്ഞു.
2018 ൽ സിന്തറ്റിക് ഉപയോഗിച്ചു തുടങ്ങി. കോളജ് കാലഘട്ടത്തിൽ നിർത്തിയതായിരുന്നു സിന്തറ്റിക്. മദ്യവും സിന്തറ്റിക്കും വന്നതോടെയാണ് അച്ഛനുമായി കടുത്ത പ്രശ്നങ്ങൾ വരുന്നത്. എന്റെ ജീവിതം തുലച്ചത് ഈ സിന്തറ്റിക് ഉപയോഗമാണ്. അതെന്റെ നശിച്ച കാലമായാണ് ഞാൻ കണക്കാക്കുന്നത്. അവസാനം ഞാൻ കരഞ്ഞത് വരെ ആ സമയത്താണ്. നമ്മുടെ ശരീരവും ഇല്ലാതാക്കി കളയും. 2019 തൊട്ട് 21 വരെ ഞാൻ ഉപയോഗിച്ചു. എല്ലാ ദിവസവും ഞാൻ ഉപയോഗിക്കുമായിരുന്നു. അന്ന് കൂടെ ഉണ്ടായിരുന്നവർക്ക് അസുഖം വന്നു തുടങ്ങി, എല്ലാ ബന്ധങ്ങളും ഇല്ലാതായി. അന്ന് ഉണ്ടായിരുന്നവർ ഇപ്പോൾ എവിടെയുണ്ടെന്നു പോലും അറിയില്ല.
കുഞ്ഞു വന്നതോടെ ജീവിതത്തിലെ എല്ലാം മാറി. എന്റെ റീ ഹാബ് ആണ് ഈ സിനിമകൾ. ഒരു ദിവസംപോലും സിനിമ ചെയ്യാതെ ഇരിക്കുന്നില്ല. ആ റീ ഹാബിന്റെ അവസാന ഘട്ടത്തിലാണ് ഞാൻ. ചിലപ്പോൾ ഒരു വർഷം കഴിയുമ്പോൾ ഇപ്പോൾ ചെയ്യുന്ന ചവറ് സിനിമകൾ നിർത്തുമായിരിക്കും, നല്ല സിനിമകൾ ചെയ്യുമായിരിക്കും. ചിലപ്പോൾ ഈ ഇൻഡസ്ട്രി തന്നെ വിട്ട് വേറെ ജോലിക്കു പോകുമായിരിക്കും.- ധ്യാൻ കൂട്ടിച്ചേർത്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates